ശിഥിലമായ കുടുംബത്തിൽ നിന്ന് മഹാത്മാക്കൾ അപൂർവമായി പിറന്നിട്ടുണ്ടാകാം. പക്ഷെ മഹാഭൂരിപക്ഷം ഉദാഹരണങ്ങളിലും അത് ശിഥില വ്യക്തിത്വങ്ങൾക്കാണ് പിറവിയൊരുക്കിയിട്ടുള്ളത്. സുഭാഷ് ചന്ദ്രന്റെ പെണ്മക്കൾക്കൊരു താരാട്ട് കുറിപ്പ് ശ്രദ്ധേയമാകുന്നു. സഹസ്രാബ്ദങ്ങളുടെ ആലോചനയിൽനിന്നാണ് മനുഷ്യൻ ഇന്നു കാണുന്ന കുടുംബവ്യവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ളത്. കുടുംബ ബന്ധത്തിന്റെ ദൃഢതയും കരുത്തും എന്താണെന്നോര്‍മ്മിപ്പിച്ചുകൊണ്ട് സുഭാഷ് ചന്ദ്രന്‍ തന്റെ പെണ്‍മക്കള്‍ക്കായി ഒരു താരാട്ട് പാട്ടും പാടിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. സദ്മ എന്ന ചിത്രത്തിലെ യേശുദാസ് പാടി അനശ്വരമാക്കിയ സുറുമയി അഖിയോം മെ നഹ്ന്ന മുന്ന ഏക് സപ്ന …… എന്ന ഗാനമാണ് സുഭാഷ് ചന്ദ്രൻ ആലപിച്ചിരിക്കുന്നത്.
സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പെണ്മക്കൾക്ക് ഒരു താരാട്ട്
അഥവാ
പാറുവിനും ലച്ചുവിനും
ഒരു തുറന്ന പാട്ട്
അച്ഛന്റെ ഭയങ്കര പ്രിയങ്കരികളേ,
ഈ സംബോധനയിലെ മൂന്നു വാക്കുകളുടേയും അർത്ഥം നന്നായി തിരിച്ചറിയുന്നവരാണ് നിങ്ങൾ എന്ന ഉറപ്പോടെ തുടങ്ങട്ടെ. എല്ലാ പ്രിയങ്കരങ്ങളും ‘ഭയ’ങ്കരങ്ങളായി പരിണമിച്ചിരിക്കുന്ന ഒരു കാലത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നറിയാമല്ലോ. നിങ്ങളാകട്ടെ “അച്ഛനമ്മമാരുടേയും വീടിന്റേയും സുഖകരമായ സുരക്ഷിതത്വത്തിൽ”നിന്ന് കുറേ അകലേയുമാണ്. ഈ പ്രയോഗത്തിന്റെ അപ്പുറമിപ്പുറം വലയച്ചിഹ്നം ഇട്ടത് ഇതൊരു തുറന്ന കത്തായതുകൊണ്ടു മാത്രമാണ്. കാരണം അത്തരം പ്രയോഗങ്ങളൊക്കെ പിന്തിരിപ്പനാണെന്നു വാദിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് എന്നതുതന്നെ. സഹസ്രാബ്ദങ്ങളുടെ ആലോചനയിൽനിന്നാണ് മനുഷ്യൻ ഇന്നു കാണുന്ന കുടുംബവ്യവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ളത്. ആ വ്യവസ്ഥയെ “ആണധികാരത്തിന്റെ ഗൂഢാലോചന”യുടെ സന്തതിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. അച്ഛൻ പക്ഷേ ഇക്കാര്യത്തിൽ ആ സഹസ്രവർഷ ഗൂഢാലോചനയുടെ പക്ഷത്താണ് എന്നു തുറന്നു പറയട്ടെ. ശിഥിലമായ കുടുംബത്തിൽ നിന്ന് മഹാത്മാക്കൾ അപൂർവമായി പിറന്നിട്ടുണ്ടാകാം. പക്ഷെ മഹാഭൂരിപക്ഷം ഉദാഹരണങ്ങളിലും അത് ശിഥില വ്യക്തിത്വങ്ങൾക്കാണ് പിറവിയൊരുക്കിയിട്ടുള്ളത്.
ബാംഗ്ലൂർ പോലൊരു മഹാനഗരത്തിൽ ജീവിക്കുന്ന നിങ്ങൾക്കു രണ്ടുപേർക്കും ഈ അവധിദിനത്തിൽ പരസ്പരം ചർച്ചചെയ്യാനും തർക്കിക്കാനുമുള്ള ഒരു വിഷയമായി ഇതെടുക്കാം. അഭിപ്രായങ്ങൾ എത്ര വിരുദ്ധമാണെങ്കിലും ധൈര്യമായി എന്നോടു പറയാം. എന്തായാലും ഏറ്റവുമൊടുവിൽ അച്ഛൻ നിങ്ങൾക്കായി പാടിയ ഈ താരാട്ടുപാട്ട് കേൾക്കണം. പതിനഞ്ചു വർഷങ്ങൾക്കുമുൻപ് നിങ്ങളെ പാടിയുറക്കിയിരുന്ന അതേ പാട്ട്. ഇയർഫോൺ വച്ച് കണ്ണടച്ചിരുന്ന് ഇതു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന ആ വികാരത്തിന്റെ പേരാണ് കുടുംബം എന്നും മറ്റെന്തൊക്കെ നേടിയാലും നിങ്ങളുടെ അച്ഛൻ ഏറ്റവും വിലമതിക്കുന്നത് അതാണെന്നും മനസ്സിൽ ഉറപ്പിക്കണം.
അച്ഛന്റേയും അമ്മയുടേയും ഉമ്മകളോടെ ആ പാട്ട് ഇതാ….