എഴുത്തുകാർക്കെതിരെയുള്ള മത മൗലീകവാദികളുടെ ഉറഞ്ഞുതുള്ളൽ അവസാനിക്കുന്നില്ല. കെ പി രാമനുണ്ണിക്കും , ദീപനിശാന്തിനുമെതിരായ വധ ഭീഷണികൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. പൊതുവായതൊന്നും എഴുതരുതെന്നും ഓരോ രാഷ്ട്രീയ മത വാദികൾക്കനുകൂലമായി മാത്രമേ തൂലിക ചലിപ്പിക്കാവൂ എന്നുള്ള മൗലീകവാദികളുടെ കല്പനകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. സോഷ്യല്‍ മീഡിയയിലെ പുതിയ വിവാദം അരങ്ങേറുന്നത് യുവ കവി അജിത് കുമാറിനെതിരെയാണ്. കര്‍ക്കിടക വാവ് ദിവസമായ ഞായറാഴ്ച ബലികാക്കയെക്കുറിച്ചെഴുതിയ രണ്ട് വരിയാണ് സൈബര്‍ ആക്രമണ വീരന്‍മാരെ ചൊടിപ്പിച്ചത്. ‘ബലിച്ചോറു മടുത്തു ബിരിയാണിയാണേല്‍ വരാമെന്നു ബലിക്കാക്ക’ ഇത്രമാത്രമായിരുന്നു അജിതിന്റെ കുറിപ്പ്.
‘കടലാസ്’ എന്ന ഫെയ്‌സ്ബുക് പേജിലായിരുന്നു അജിത് ഇങ്ങനെ കുറിച്ചത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സൈബര്‍ സദാചാരക്കാര്‍ ഉണര്‍ന്നെണീക്കുകയായിരുന്നു. അജിത്തിനെതിരെയും പോസ്റ്റിനെതിരെയും കൂട്ട ആക്രമണങ്ങളും നിരന്തരമായ അസഭ്യവര്‍ഷങ്ങളുമായി അവര്‍ കളം നിറഞ്ഞു. ഒടുവില്‍ അഡ്മിന്റെ നിര്‍ദ്ദേശപ്രകാരം പോസ്റ്റ് അജിത്തിന് പിന്‍വലിക്കേണ്ടിവന്നു.
എന്നാൽ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ ആ കുറിപ്പിട്ട് യുവ കവി തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കടലാസ് എന്ന പേജില്‍ നിന്നും ചിലര്‍ തെറി വിളിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ച പോസ്റ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്റെ വാളില്‍ കിടക്കട്ടെ. ഇവിടെ വന്ന് കുരു പൊട്ടാമല്ലോ. കാക്കയെയും ചിലര്‍ ദത്തെടുത്തെന്നാണ് തൊന്നുന്നത്. മൗലീക വാദത്തിന് ഞാന്‍ ഇടുന്ന ബലി ആയി കണക്കാക്കിയാല്‍ മതിയെന്നും അജിത് കുറിച്ചു. എന്തായാലും സൈബര്‍ മത പോരാളികളുടെ ആക്രമണത്തിന് കുറവുണ്ടായിട്ടില്ല. അജിതിന്റെ കുറിപ്പിന് താഴെയാണ് ഇപ്പോള്‍ കമന്റാക്രമണം അരങ്ങേറുന്നത്. അതേസമയം ഒരു വശത്ത് അജിത്തിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.