തനിക്കെതിരെ ഉയര്‍ന്ന ഭീഷണി തള്ളിക്കളയുന്നതായും തന്റെ നിലപാടുകളില്‍ ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി. കേരളത്തില്‍ മതസൗഹാര്‍ദം തകര്‍ക്കണമെന്നാഗ്രിക്കുന്ന ചിലരുടെ പ്രവര്‍ത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ലഭിച്ച വധഭീഷണിക്കത്തിന്റെ ഉറവിടെ അന്വേഷിച്ചാല്‍ ഏതോ വിഭാഗത്തിലുള്ള ക്രിമിനലാണ് പിന്നിലെന്ന് തെളിയും.’അത് ആരുമാകും. ആരായാലും മതതീവ്രവാദികളാണ്. മതം എന്താണെന്ന് അറിയുന്നവര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പറ്റില്ല. ചിലപ്പോള്‍ മുസ്ലീ തീവ്രവാദികളാകാം അല്ലെങ്കില്‍ ഹിന്ദു തീവ്രവാദികള്‍. ആര്‍ക്കു നേരെയും ഞാന്‍ വിരല്‍ ചൂണ്ടുന്നില്ല. അന്വേഷണത്തിലൂടെ അത് പുറത്തുവരട്ടെ. ഒരു മതത്തിനും എതിരായി ഞാന്‍ സംസാരിക്കാറില്ല. മതസൗഹാര്‍ദ്ദത്തെ കുറിച്ചാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നതും ലേഖനങ്ങള്‍ എഴുതുന്നതും. മതങ്ങളുടെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യണമെന്നുള്ളവരാണ് എനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ഇടപെടല്‍ തടസമായി മാറിയിട്ടുണ്ടാകാം. എന്നാല്‍ ഇത്തരം ഭീഷണി കത്തുകളെ ഞാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു. മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍ ഇനിയും തുടരും’ കെ.പി.രാമനുണ്ണി പറഞ്ഞു.
കെ പി രമാനുണ്ണി എഴുതിയ ‘ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരു വിശ്വാസിക്ക് പറയാനുള്ളത്’ എന്ന ലേഖന പരമ്പരയെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ഭീഷണിക്കത്ത് ലഭിച്ചത്. ആറുമാത്തിനുള്ളില്‍ മുസ്ലീംമതം സ്വീകരിച്ചില്ലെങ്കില്‍ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്റെ അവസ്ഥയായിരിക്കുമെന്നും കൈയും കാലും വെട്ടുമെന്നും മുഖത്ത് ആസിഡൊഴിക്കുമെന്നുമായിരുന്നു ഭീഷണി. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട് സാംസ്‌കാരികവേദിയും ഡി സി ബുക്‌സും ചേര്‍ന്ന് സംഘടിപ്പിച്ച
പരിപാടിയിലും കെ പി രമാനുണ്ണി പങ്കെടുത്തിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തുന്ന ഒരു കാര്യവും താന്‍ എഴുതിയിട്ടില്ലെന്നും, ബ്രിട്ടീഷുകാര്‍ നമ്മില്‍ വളര്‍ത്തിയ ഹിന്ദുമുസ്ലീം വര്‍ഗീയതയെ തുറന്നുകാട്ടുകമാത്രമാണ് ലേഖനത്തിലൂടെ ചെയ്തുള്ളുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
എഴുത്തുകാരന്‍ ശത്രുഘ്‌നന്‍, വീരാന്‍കുട്ടി, കെ ടി കുഞ്ഞിക്കണ്ണന്‍, എ കെ അബ്ദുള്‍ ഹക്കീം, രവി ഡി സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.