കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്കാര പ്രതിഭാസങ്ങളും ആചാര വിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ് കെ പൊറ്റക്കാട്ട് നടത്തിയ യാത്രയുടെ വിവരണം – ബാലിദ്വീപ്. അയോധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും ദണ്ഡകാരണ്യവും രാമേശ്വരവും ഒക്കെ ഇന്നും തങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്ന ബാലിജനതയുടെ സംസ്കാരവും ജീവിതചര്യയും സ്വതസിദ്ധമായ ശൈലിയിൽ വർണ്ണിക്കുന്ന കൃതിയാണ് എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്.
ബാലിദ്വീപിനെ പറ്റി വിശേഷിച്ചും ലോകത്തിൽ ഇന്ത്യയ്ക്കു പുറത്ത് ഇന്നും നിലനിന്നു വരുന്ന ഒരേയൊരു പ്രാചീന ഹൈന്ദവ ജനതയെപ്പറ്റി പൂർണ്ണ വിവരങ്ങളടങ്ങിയ ഒരു വലിയ ഗ്രന്ഥം തയ്യാറാക്കണമെന്നായിരുന്നു എന്റെ മോഹം. ബാലിദ്വീപും കേരളക്കരയും തമ്മിലുള്ള പ്രാചീനബന്ധത്തിന്റെ സുന്ദര സ്വപ്നങ്ങളുണർത്തുന്ന ചില ഐതീഹ്യങ്ങളും ഹൈന്ദവ ചിന്താഗതിയിലൂടെയുള്ള പല നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തിൽ അവിടവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നല്ലാതെ ഇതിനെ ഒരു ഗവേഷണഗ്രന്ഥമാക്കി തീർക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇരുട്ടറഞ്ഞു കിടക്കുന്ന പ്രാചീനകേരള ചരിത്ര കലവറയിലേക്ക് നാലായിരം മൈൽ അകലെയുള്ള ബാലിദ്വീപിൽ നിന്ന് ചില മിന്നാമിനുങ്ങുകൾ പറന്നു വരുന്നുണ്ടെന്ന വാർത്ത ഒരു സഞ്ചാരിയുടെ നിലയിൽ കേരള ചരിത്ര ഗവേഷകന്മാരുടെ ശ്രദ്ധയിൽ പെടുത്തുകമാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. –എസ് കെ പൊറ്റക്കാട്