അറുപതിലെത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അറുപതുകവിതകളുടെ സമാഹാരമായ ‘രക്തകിന്നരം’ ആഗസ്റ്റ് ഒന്നിന് പ്രകാശിപ്പിക്കും. പ്രശസ്ത കവയിത്രി സുഗതകുമാരി തിരഞ്ഞെടുത്ത അറുപത് ചുള്ളിക്കാടുകവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പുസ്തകരൂപത്തില്‍ ഇതേവരെ വരാത്ത ഏറ്റവും പുതിയ ഏതാനും കവിതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുഗതകുമാരിയുടെ ‘അര്‍ത്ഥന’ എന്ന കവിതയാണ് ഈ സമാഹാരത്തിന് ആമുഖമയി ചേര്‍ത്തിരിക്കുന്നത്. ഒരു മുക്തം, യാത്രാമൊഴി, മരണമൊഴി, വെളിപാട്, ഒരു പ്രണയഗീതം, എവിടെ ജോണ്‍, രക്തകിന്നരം തുടങ്ങി സുഗതകമാരിക്ക് പ്രിയപ്പെട്ട 60 ചുള്ളിക്കാട്കവിതകളാണ് ‘രക്തകിന്നര’ത്തില്‍ സമാഹരിച്ചിരിക്കുന്നത്.
മലയാള കവിതയുടെ ചെറുതാകാത്ത ചെറുപ്പമായി നിലനില്ക്കുന്ന പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അറുപതിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ അദ്ദേഹത്തിനുള്ള സ്‌നേഹോപഹാരമായാണ് ഡി സി ബുക്‌സ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ആഗസ്റ്റ് ഒന്നിന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മലയാള കഥയുടെ അറുപതുവര്‍ഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് എന്‍ എസ് മാധവന്‍ എഡിറ്റ് ചെയ്ത ‘കേരളം 60-മലയാള കഥകള്‍’ എന്ന പുസ്തകവും പ്രകാശിപ്പിക്കും. എന്‍.എസ്. മാധവന്‍, പ്രിയ എ എസ്, കെ എ സെബാസ്റ്റ്യന്‍, കെ എന്‍ ഷാജി, സെബാസ്റ്റ്യന്‍, എസ് ഹരീഷ് എന്നിവര്‍ പങ്കെടുക്കും.