മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയില്‍ താമസമാക്കിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിനെ ഔറംഗാബാദില്‍ നിന്ന് പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തസ്ലീമ ഔറംഗാബാദില്‍ എത്തിയത്. അജന്ത എല്ലോറ അടക്കമുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല.
ഗോ ബാക്ക് തസ്ലീമ’ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. ഇതോടെ മറ്റൊരു ഫ്‌ളൈറ്റില്‍ പൊലീസ് തസ്ലീമയെ മുംബൈയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
എ.ഐ.എം.ഐ.എം നേതാവും എം.എല്‍.എയുമായ ഇംത്യാസ് ജലീല്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തസ്ലീമ മതവികാരത്തെ വ്രണപ്പെടുത്തിയ എഴുത്തുകാരിയാണെന്നും തങ്ങളുടെ മണ്ണില്‍ കാലുകുത്താന്‍ അവരെ അനുവദിക്കില്ല എന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രാലയം തസ്ലീമ നസീമിന്റെ വിസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഔറംഗാബാദിലെ അജന്ത, എല്ലോറ ഗുഹ കാണാന്‍ തസ്ലീമ എത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തസ്ലീമയെ തിരികെ അയച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ആക്രമണം നേരിടേണ്ടി വരുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് തസ്ലീമ എയര്‍പോര്‍ട്ടിലെത്തിയത്.