ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥപറയുന്ന നോവലാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും. Illinois-governor-designates-August-4th-Barack-Obama-Day
പുതിയ പ്രമേയവും വാനാനുഭവവും സമ്മാനിക്കുന്ന നോവലിനെക്കുറിച്ച് സാറാ ദീപ ചെറിയാന്‍ എഴുതിയ കുറിപ്പ്;
”ചരിത്രത്തെ ഭാവനകൊണ്ട് പുനര്‍സൃഷ്ടിക്കുക എന്നത് അത്രക്കു സരളമായ ഒരു കാര്യമല്ല. കഴിഞ്ഞുപോയ സംഭവങ്ങളെ കാലത്തില്‍നിന്നും ചീന്തിയെടുത്തു വര്‍ത്തമാനത്തിനൊപ്പം ചേര്‍ത്തുവെക്കുക എന്ന ഉദ്യമത്തിനാവട്ടെ കാല്പനികമായ പരിമിതിയുമുണ്ട്. പക്ഷെ ഈ പരിമിതിയെ മനോഹരമായി മറികടക്കുന്നുണ്ടു രാജേന്ദ്രന്‍ എടത്തുംകര തന്റെ ‘ഞാനും ബുദ്ധനും‘ എന്ന നോവലില്‍. ബുദ്ധകഥ എന്നത് ഇവിടെ ചരിത്രത്തെ തളച്ചിടുന്ന ഒരു ചെറുവൃത്തമല്ല. ഈ കഥയിലൂടെ, വായനക്കാരനെ ഭൂതകാലത്തിന്റെ ബോധിവൃക്ഷച്ചുവട്ടില്‍ പിടിച്ചിരുത്താന്‍ ശ്രീ രാജേന്ദ്രന്‍ എടത്തുംകരക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്.
ഭാഷയുടെ മന്ത്രികമായ കയ്യടക്കം കഥപറച്ചിലിനെ തെല്ലൊന്നുമല്ല സുന്ദരമാക്കുന്നത്.സാഹിത്യ പാരമ്പര്യത്തില്‍ വ്യത്യസ്തമായ ഒരു ഭൂമികയെ അവകാശമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നതും ഈ കയ്യടക്കത്തിന്റെ ഇന്ദ്രജാലം കൊണ്ട്തന്നെ. മൃത്യോന്മുഖമോ വൈരാഗ്യമോ ആകുന്നില്ല ഇവിടെ ബുദ്ധദര്‍ശനങ്ങള്‍. മനുഷ്യന്റെ മഹാദുഃഖങ്ങളെയാണ് ബുദ്ധന്‍ ധ്യാനിക്കുന്നത്.അതിലൂടെ തുറന്നു കിട്ടുന്നതോ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍. സാഹചര്യങ്ങളോട് നിരന്തരം കലഹിക്കുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങളത്രയും. കഥാതന്തു, ജീവനങ്ങള്‍, അരങ്ങുകള്‍, ആചാരങ്ങള്‍, മിത്തുകള്‍ എല്ലാമെല്ലാം ചരിത്രത്തില്‍ മാത്രമല്ല വര്‍ത്തമാനത്തിലും സംഗതമാകുന്ന ഒരപൂര്‍വ ഫിക്ഷന്‍ ഫോം ഇവിടെ കഥാകാരന് ഒരപൂര്‍വ ഐഡന്റിറ്റി പ്രദാനം ചെയ്യുകയാണ്.
പാലായനങ്ങളിലും, യുദ്ധങ്ങളിലും, ജയപരാജയങ്ങളിലും വഴി മറയ്ക്കുന്നവന്‍ എന്നര്‍ത്ഥം വരുന്ന പേര്ധാരിയായ സ്വപുത്രന്റെ മരണത്തിലും വരെ നിരാസക്തമായ ഒരു നിസ്സന്ഗത പുലര്‍ത്തുന്ന ഗോപ എന്ന കഥാപാത്രം ഞാനും ബുദ്ധനും‘ എന്ന ഈ കഥയിലൂടെ മലയാള സാഹിത്യത്തിലെ എന്നേക്കുമുള്ള കരുത്തുറ്റ ഒരു പെണ്‍മുഖമായി മാറുന്നു.