തൊണ്ണൂറുകള്‍ക്കു ശേഷം മലയാളകവിതയില്‍ സജീവമായ.. തീര്‍ത്തും വ്യതിരിക്തമായ ഒരു കാവ്യവഴിയിലൂടെ നടന്ന, നടന്നുകൊണ്ടേയിരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. നമ്മുടെ കാവ്യപാരമ്പര്യങ്ങളിലേക്കു വേരാഴ്ത്തി നില്‍ക്കുമ്പോഴും, അതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊള്ളുമ്പോഴും പുതിയകാലത്തെക്കുറിച്ചും പുതിയ ജീവിതവും അതിന്റെ ദുരന്തസങ്കീര്‍ണതകളെക്കുറിച്ചുമാണ് റഫീക്ക് എന്നും എഴുതിയിട്ടുള്ളത്. ഇപ്പോഴിതാ പുതുകാലത്തെ ആശങ്കകളെക്കുറിച്ചെഴിതിയ റഫീക്ക് അഹമ്മദിന്റെ കുറിപ്പുകളുടെ സമാഹാരം ഡി സി ബുക്‌സ് പുറത്തിറക്കി.
ഈ ചില്ലയില്‍ നിന്ന് എന്ന് പേരിട്ടിരിക്കുന്ന ലേഖനസമാഹാരത്തില്‍ മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനെയും പ്രതിബദ്ധനായ കവിയെയും കാല്പനികഭാവം പുലര്‍ത്തുന്ന ഗാനരചയിതാവിനെയും കണ്ടെത്താനാകും. ഈ കുറിപ്പുകളിലെല്ലാം ഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങളെയാണ് കവി കുറിച്ചിടുന്നത്.
പുസ്തകത്തില്‍നിന്നും ഒരു കുറിപ്പ് വായിക്കാം;
‘മൗനം ചിലപ്പോള്‍ നിലവിളിയുടെ ഒരു മറുപേരാണ്’
എഴുത്തുകാരാ, നിങ്ങള്‍ ഏതു ചേരിയില്‍? എന്ന ഒരു ചോദ്യം പണ്ട് നമ്മുടെ സാംസ്‌കാരിക കളിസ്ഥലങ്ങളില്‍ തട്ടിയും ഉരുട്ടിയും കളിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഞങ്ങള്‍ മനുഷ്യപക്ഷത്താണ് എന്ന ദൃഢവും സ്ഥിതപ്രജ്ഞവുമായ മറുപടി അതിനു കിട്ടിയിട്ടുമുണ്ട്. പലപ്പോഴും ഇതേ ചോദ്യം വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നു. എല്ലാം തലകീഴ്‌മേല്‍ മറിഞ്ഞ ഇന്നത്തെപ്പോലത്തെ ഒരു കാലത്ത് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് മനുഷ്യന്‍ എന്ന പദവിയുടെ വലിപ്പം ശരിയായി ഗ്രഹിക്കാത്തവരാണെന്നു മാത്രം. സിംഹവാലന്‍കുരങ്ങിനെ പ്രമേയമാക്കി സൈലന്റ്‌വാലി പ്രതിരോധസമരത്തെ അപഹസിക്കാറുള്ള പ്രമുഖനായ ആ മുന്‍യുവനേതാവ് കഴിഞ്ഞ ദിവസവും ചാനലുകളില്‍ ആക്രോശിക്കുന്നതു കണ്ടു. മരം വെട്ടുമ്പോള്‍ കരയുന്നവര്‍ മനുഷ്യനെ വെട്ടുമ്പോള്‍ കരയുന്നില്ല എന്ന്. സഹോദരാ, തീര്‍ത്തും സ്വാര്‍ത്ഥമായ താത് പര്യത്തിനായി മനുഷ്യന്‍ ഒരു മഹാവൃക്ഷത്തെ കൊല്ലുമ്പോള്‍ താങ്കള്‍ മരത്തിന്റെ പക്ഷത്തുതന്നെ നില്‍ക്കണം. കാട്ടില്‍ ജീവിക്കുന്ന ആനയെ ബാലിശമായ ആനന്ദത്തിനു വേണ്ടി മനുഷ്യന്‍ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ നിശ്ചയമായും താങ്കള്‍ ആനയുടെ പക്ഷത്തുനിലയുറപ്പിക്കണം. എങ്കില്‍മാത്രമേ മനുഷ്യന്‍ എന്ന പദവിക്ക് താങ്കള്‍ അര്‍ഹനാവുന്നുള്ളൂ. തീര്‍ച്ചയായും, എം.എല്‍.എ, എം.പി, മന്ത്രി മുതലായ പദവികളേക്കാള്‍ എത്രയോ മേലെയാണത്.
അതോ ഇതോ എന്ന ഒരു തെരഞ്ഞെടുപ്പ് അശ്ലീലമായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും. ഇത് അപ്രകാരമൊരു സന്ദര്‍ഭം. ഇവിടെ ചോദ്യം ഇതാണ്: നിങ്ങള്‍ ആരുടെ പക്ഷത്താണ്? കൊലയാളിയുടെയോ അതോ ശവംതീനികളുടെയോ? ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെയും ഉദാരമായ ജനാധിപത്യബോധത്തിന്റെയും വെട്ടത്തില്‍ നിങ്ങളില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന ഏതൊരു വാക്കും രണ്ടിലൊരു കൂട്ടര്‍ക്ക് വളമാവുമെങ്കില്‍ നിങ്ങളുടെ പ്രതികരണംകൊണ്ട് എന്തു ഫലം? അങ്ങനെയാണ് മൗനം ഏറ്റവും ആഴത്തിലുള്ള ഒരു നിലവിളിയാവുന്നത്. ഇവിടെ ഉയര്‍ന്നുകേട്ട കൃത്യമായ ഒരു പ്രയോഗമായിരുന്നു കുലംകുത്തി എന്നത്. ഗോത്രകാല/ഫ്യൂഡല്‍ ബോധങ്ങളില്‍നിന്ന് വിമുക്തി നേടിയിട്ടില്ലാത്ത മലയാളിജീവിതത്തില്‍ അതിശയിപ്പിക്കുന്ന ഒരു വിളിപ്പേരല്ല അത്. കേരളത്തിലെ അനവധി നിരവധിയായ മതസമുദായങ്ങള്‍, ജാതികള്‍, പാര്‍ട്ടികള്‍, സംഘടനകളെല്ലാംതന്നെ അടിസ്ഥാനപരമായി കുലങ്ങള്‍ അഥവാ ഗോത്രങ്ങള്‍തന്നെയാണ്. യുക്തിവാദിസംഘത്തിനുപോലും അതിന്റേതായ ഗോത്രമൂപ്പന്മാരും സംഘബോധത്തിന്റെ ശുദ്ധാശുദ്ധ സങ്കല്പങ്ങളും അനുഷ്ഠാനരീതികളുമുണ്ട്. ചുവപ്പുടുത്തു തുള്ളി ഗോത്രചിഹ്നങ്ങളെ അനുഷ്ഠാനപൂര്‍വ്വം അഭിവാദ്യം ചെയ്യുന്ന പുരോഗമന കമ്മ്യൂണിസ്റ്റ് സംഘടനകള്‍ക്കുമുണ്ട് പ്രവാചകരും പിതൃത്വാരാധനാരീതികളും. കുലത്തില്‍നിന്നു പോകുന്നവനെ കശാപ്പു ചെയ്യുക എന്നത് ഒരു ഗോത്രനീതി മാത്രം. (കൂടുതല്‍ വെളിച്ചത്തിനുവേണ്ടി ഏംഗല്‍സിന്റെ കുടുംബം, സ്വകാര്യസ്വത്ത് എന്നിവയുടെ ഉത്ഭവവും വികാസവും എന്ന കൃതി നോക്കാവുന്നതാണ്.)
ആധുനികത ഒരു വൈകൃതമായിത്തീര്‍ന്ന സമൂഹമാകുന്നു നമ്മുടേത്. അത്യാധുനിക ശാസ്ത്ര സാങ്കേതികതയുടെയും പ്രാകൃതമായ പ്രാചീനകാല വിശ്വാസങ്ങളുടെയും തോണികളില്‍ ഒരേസമയം കാലിട്ടുകൊണ്ടാണ് നമ്മുടെ യാത്ര. ആധുനികത ഏറ്റവും പുറംപാളിയെ മാത്രം പരിചരിക്കുന്നു ഇവിടെ. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ കേരളത്തില്‍ പ്രഥമമായും പ്രധാനമായും പ്രയോഗിക്കപ്പെട്ടത് ജ്യോതിഷത്തിനുവേണ്ടിയായിരുന്നു എന്നത് ഓര്‍ക്കുക. സര്‍ക്കാരാപ്പീസുകളിലെ ഫയലുകള്‍ നീക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ ഇപ്പോഴും പണിപ്പുരയിലാണ്. എന്നാല്‍ ചൊവ്വാദോഷത്തിനുള്ള കമ്പ്യൂട്ടര്‍ പരിഹാരം എന്നോ കണ്ടെത്തിക്കഴിഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നരബലികള്‍ ഗോത്രസംഘര്‍ഷങ്ങളുടെ പരിണതികള്‍ മാത്രമാണ്. വര്‍ഗ്ഗ സമരത്തിന്റെയോ വിപ്ലവത്തിന്റെയോ കപടവര്‍ണ്ണങ്ങള്‍ അവയ്ക്കു നല്‍കാതിരിക്കുക. മതങ്ങള്‍ തമ്മില്‍ത്തമ്മിലും ജാതികള്‍ തമ്മില്‍ത്തമ്മിലും നടത്തുന്നതില്‍നിന്ന് ഒരു വ്യത്യാസവും പാര്‍ട്ടികള്‍ തമ്മിലുള്ള ഈ ചോരക്കളിക്ക് ഇല്ല. രാഷ്ട്രീയം എന്ന പദത്തിന്റെ മാനവിക മാനങ്ങള്‍ തിരിച്ചറിയാത്ത അധോമുഖ വാമനരാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന ഇത്തരം കൊലകളും അനുബന്ധമായുള്ള ആഘോഷങ്ങളും ഗോത്രജീവിതത്തിന്റെ രക്തപ്പശിമ മണക്കുന്ന ഇരുണ്ട യുഗങ്ങളിലേക്ക് ഈ സമൂഹത്തെ പിന്‍നടത്തുകയാണു ചെയ്യുന്നത്.
പിന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍? അത് തീര്‍ച്ചയായും രാഷ്ട്രം, ഭരണകൂടം അല്ലെങ്കില്‍ ചില രാഷ്ട്രീയ നിലപാടുകള്‍ പ്രജകളെ കൊന്നൊടുക്കുന്നതിനാണ് യോജിക്കുക. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ കടക്കെണികൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയല്ല, രാഷ്ട്രീയ കൊലപാതകത്തിന് ഇരയാവുകയാണ്. വിദ്യാഭ്യാസ മുതലാളിമാരുടെ കരാളഹസ്തങ്ങളില്‍ പിടഞ്ഞ് സ്വയം ജീവനൊടുക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്യുകയല്ല, രാഷ്ട്രീയത്താല്‍ കൊല ചെയ്യപ്പെടുകതന്നെയാണ്. പട്ടിണിമരണങ്ങളും ലോക്കപ്പ് മരണങ്ങളും നിയമ പരിപാലനമില്ലാതെ നിരത്തുകളില്‍ നടക്കുന്ന ഗതാഗത അപകടങ്ങളും ഈ പട്ടികയില്‍തന്നെ വരും. ജനാധിപത്യം എന്നത് കേവലമൊരു രാഷ്ട്രീയ വ്യവസ്ഥയെ സാമാന്യമായി സൂചിപ്പിക്കുന്ന സംജ്ഞ എന്നതിലുപരി ഏറ്റവും മാനുഷികമായ ഒരു ജീവിത രീതിയെക്കുറിക്കുന്ന മഹത്തായ ദര്‍ശനമായി പൊതു സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉള്‍ക്കൊള്ളാത്തിടത്തോളവും ആധുനികതയെ ആഴത്തില്‍ സ്വാംശീകരിക്കാത്തിടത്തോളവും ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമുള്ള നിഷ്‌കളങ്കത സംശയാസ്പദമാകുന്നു.