മലയാള സാഹിത്യശാഖയെ എന്നപോലെ ചലച്ചിത്രരംഗത്തെയും തന്റെ അതുല്യ വ്യക്തിത്വം കൊണ്ട് കീഴടക്കിയ അസാമാന്യ പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി. മലയാളഭാഷയുടെ മാര്‍ദ്ദവവും മനോഹാരിതയും കേരളത്തനിമയുടെ സൗരഭ്യവും സംഗീതാത്മകതയുടെ മാധുര്യവും ഒത്തുചേര്‍ന്നവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും. ഗാനരചനാരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ശ്രീകുമാരന്‍ തമ്പി ഇക്കാലയളവില്‍ നമുക്ക് സമ്മാനിച്ചത് ചലച്ചിത്രഗാനങ്ങള്‍ മാത്രമല്ല, ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ആല്‍ബങ്ങളും ആയി ആയിരത്തിലേറെ രചനകളിലൂടെ ശ്രീകുമാരന്‍ തമ്പി അനുവാചക ഹൃദയങ്ങളെ കീഴടക്കി. പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യവൈഭവം പുലര്‍ത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു.
കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെഹരിപ്പാട് ആണ് ശ്രീകുമാരന്‍ തമ്പി ജനിച്ചത്. ഹരിപ്പാട്ട് ഗവ. ഗേള്‍സ് സ്‌കൂള്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ആലപ്പുഴ സനാതനധര്‍മ കോളജ്, മദ്രാസ് ഐ.ഐ.ഇ.റ്റി., തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ജോലി രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.
തുടര്‍ന്ന് ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ അദ്ദേഹം തിളങ്ങി. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തു. ഒട്ടേറെ സംഗീതജ്ഞര്‍ ഇദ്ദേഹത്തിന്റെ വരികള്‍ക്ക് ഈണങ്ങള്‍ നല്‍കി. ദക്ഷിണാമൂര്‍ത്തി, എം ബി ശ്രീനിവാസന്‍, ദേവരാജന്‍, ജയവിജയന്മാര്‍, എം കെ അര്‍ജുനന്‍ തുടങ്ങിയ മഹാരഥന്‍മാരിലൂടെയൊക്കെ തമ്പിയുടെ ഈരടികള്‍ ഗാനപീയുഷങ്ങളായി മലയാളിയുടെ കര്‍ണ്ണവും ഹൃദയവും കീഴടക്കി.
1966ല്‍ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തത്തെിയത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ച അദ്ദേഹം തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും ശേഷം മലയാളസിനിമക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളയാളുമാണ്. എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ശ്രീകുമാരന്‍ തമ്പി 1974ല്‍ ‘ചന്ദ്രകാന്തം’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തത്തെി. മുപ്പത് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 22 ചലച്ചിത്രങ്ങള്‍, 6 ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ നിര്‍മ്മിച്ചു.
തമ്പിയുടെ സിനിമകണക്കും കവിതയും എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാര്‍ഡുനേടിയിട്ടുണ്ട്. 1971ല്‍ മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം, ഫിലിം ഫാന്‍സ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച സംവിധായകനുളള ഫിലിംഫെയര്‍ അവാര്‍ഡ്, സിനിമാരംഗത്തെ വിവിധ മേഖലകളില്‍ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, ആശാന്‍ പുരസ്‌ക്കാരം, നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം(2015) 2016ല്‍ വള്ളത്തോള്‍ പുരസ്‌കാരം എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ സംവിധാനത്തിലുള്ള മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും 1977ലെ സാന്‍ഫ്രാന്‍സിസ്‌കോ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സിലിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരന്‍ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്രപരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജ്യൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
പുത്രലാഭം. ശീര്‍ഷകമില്ലാത്ത കവിതകള്‍, അച്ഛന്റെ ചുംബനം, അമ്മയ്ക്കൊരു താരാട്ട് എന്നീ കവിതാ സമാഹരങ്ങളും കുട്ടനാട്, ഞാനൊരു കഥ പറയാം എന്നീ നോവലുകളും രചിച്ച അദ്ദേഹത്തിന്റെ സിനിമാഗാനങ്ങള്‍ സമാഹരിച്ച ഹൃദയസരസ്സ് എന്ന പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post ശ്രീകുമാരന്‍ തമ്പിയുടെ സാഹിത്യലോകം appeared first on DC Books.