ഗദ്യവും പദ്യവും ഇഴചേരുന്ന ഉത്തരാധുനിക മലയാള കവിതയില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത യുവകവയിത്രി ആര്യാംബികയുടെ ആദ്യ സമാഹാരമാണ് തോന്നിയപോലൊരു പുഴ. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം, തപസ്യ കലാസാഹിത്യവേദിയുടെ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം, എസ്.ബി.ടി അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ ഈ കൃതിയെ തേടിയെത്തി. 2010ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തോന്നിയപോലൊരു പുഴയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
അലസമായ വായനയ്ക്കപ്പുറം വായനക്കാരന്റെ ഉള്ളുനിറയ്ക്കുന്ന കവിതകളാണ്യെ തോന്നിയപോലൊരു പുഴ വേറിട്ടതാക്കുന്നത്. കവിതയെന്ന പേരില്‍ വിരസ ഗദ്യത്തിന്റെ മടുപ്പാര്‍ന്ന കാവ്യശകലങ്ങള്‍ വായിച്ചു ശീലിച്ച വായനക്കാര്‍ക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഇതിലെ കവിതകള്‍. കണ്ണാടിയില്‍, തീരത്തെ തിരക്കുള്ള പെണ്‍കാറ്റ്, അന്നപൂര്‍ണ്ണിമ, മഴയലിവ്, നാട്ടുശീലിന്റെ നീറ്റം തുടങ്ങി മുപ്പത് കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
‘മലയാള കവിത പുതിയ പുതിയ ചാലുകളിലൂടെ ഒഴുകി ഏതു കരയ്ക്കണഞ്ഞാലും, അതിനെ മുമ്പോട്ടുകുതിപ്പിക്കുന്ന ശക്തി അഗാധമായ പാരമ്പര്യം ആണെന്ന ബോധത്തെ ഈ സമാഹാരം ഉറപ്പിക്കുന്നു. പക്ഷേ അതുമാത്രമല്ല എന്റെ ചാരിതാര്‍ഥ്യത്തിന് കാരണം. ചാരിതാര്‍ത്ഥമാകുന്നത് ഇവിടെ കവിത മാത്രമല്ല. ഞാന്‍ എത്തി നില്‍ക്കുന്ന എന്റെ സംസ്‌കൃതി ഇതിലൂടെ ചാരിതാര്‍ത്ഥമാകുന്നുണ്ട്’ എന്നാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി തോന്നിയപോലൊരു പുഴ സമാഹാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് കാവ്യപരിശീലനം നല്‍കി വരുന്ന ആര്യാംബിക പാലാ കൈരളി ശ്ലോകരംഗം എന്ന സംഘടനയുടെ സജീവപ്രവര്‍ത്തകയാണ്. വൈലോപ്പിള്ളി സ്മാരക ശ്രീരേഖാ പുരസ്‌കാരം, വി.ടി.കുമാരന്‍ പുരസ്‌കാരം, വൈലോപ്പിള്ളി സ്മാരക പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
The post അഗാധമായ പാരമ്പര്യബോധമുള്ള കവിതകള്‍ appeared first on DC Books.