ഡി സി ബുക്‌സ് കേരളത്തിന്റെ വായനസംസ്‌കാരത്തില്‍ സജീവസാന്നിദ്ധ്യമായിട്ട് 43 വര്‍ഷം പിന്നിടുകയാണ്. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. 2017 ഓഗസ്റ്റ് 29-ന് വൈകിട്ട് അഞ്ചരയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന വാര്‍ഷികാഘോഷം ചരിത്രകാരനായ എം. ജി. എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 19-ാമത് ഡി സി കിഴക്കേമുറി സ്മാരകപ്രഭാഷണവും പുസ്തകപ്രകാശനവും നടക്കും.
കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ് ഐഎഎസ് അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കെ വേണു, യു. കെ. കുമാരന്‍, സുഭാഷ് ചന്ദ്രന്‍, മണമ്പൂര്‍ രാജന്‍ ബാബു, ബെന്യാമിന്‍, എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും. രവി ഡി സി സ്വാഗതം പറയും. 19-ാമത് സ്മാരക പ്രഭാഷണം പ്രശസ്ത തമിഴ് സാഹിത്യകാരനും അദ്ധ്യാപകനുമായ പെരുമാള്‍ മുരുകന്‍ നിര്‍വ്വഹിക്കും. ‘ആധുനിക തമിഴ് സാഹിത്യം ഒരു വിമര്‍ശന വായന’ എന്നതാണ് വിഷയം.
പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ് എം.ജി.എസ്. നാരായണന്‍ എന്ന മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍. 1932 ഓഗസ്റ്റ് 20 നു് പൊന്നാനിയില്‍ ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അദ്ധ്യാപകനായി ജോലിചെയ്തു. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992 ല്‍ വിരമിക്കുന്നതു വരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.1974 മുതല്‍ പലതവണ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ നിര്‍വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തില്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങള്‍,കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് പ്രധാനകൃതികള്‍.