മലയാളത്തിലെ തികഞ്ഞ വര്‍ഗ്ഗീയകഥ ഏതെന്നുചോദിച്ചാല്‍ സ്വന്തം കഥയായ ‘മരണവേട്ട’ എന്നു പറയേണ്ടിവരുന്ന അവസ്ഥയാണെന്നും, മരണവേട്ട എനിക്കുപറ്റിയ പിഴവാണെന്നും അതെഴുതിയതിന് ഇന്നും കുറ്റബോധം മാത്രമേയുള്ളവെന്നും ഇന്ദു മേനാന്‍. ഇത്രയും നാള്‍ താനെഴുതിയ പൊളിറ്റിക്കല്‍ കഥപോലും വായിക്കാത്തവര്‍ ഇതിന്റെ പേരില്‍ തന്നെ കല്ലെറിഞ്ഞെന്നും,അതില്‍ തനിക്ക് ആരോടും വിരോധമില്ലെന്നും അവര്‍ പറയുന്നു.
‘പഴരസത്തോട്ടം‘ എന്ന പുതിയ കഥാസമാഹാരത്തിന് എഴുതിയ ആമുഖ കുറിപ്പില്‍ നിന്നും ;
പരിപൂര്‍ണ്ണമായും ഒന്നുമില്ലായ്മയുടെ ഒരു വര്‍ഷം കൂടി… ഏകാന്തതയുടെ ഒരു വിഷാദവര്‍ഷംകൂടി… മുടിയിഴകളില്‍ ആര്‍ത്തുപൊന്തുമെന്ന് ഞാന്‍ കാത്തിരിക്കുന്ന വെള്ളിനരയിഴയിലേക്കിനി എത്ര വര്‍ഷസഞ്ചാരം? ചുളിഞ്ഞ ജരനൂല്‍വരകള്‍ ചര്‍മ്മത്തില്‍ ഭൂപടരേഖകള്‍ തുന്നുന്ന പ്രാതഃകാലങ്ങളിലേക്ക് ഇനിയെത്ര വര്‍ഷങ്ങള്‍…? ഹൃദയം രക്തസഞ്ചാരം നിര്‍ത്തി ഞരമ്പുകള്‍ മിടിപ്പൊഴിഞ്ഞ നിശ്ശബ്ദതയിലേക്കിനി എത്ര മുന്നൂറ്റിയറുപത്തിയഞ്ചുകള്‍?കില്‍പ്പോക്ക് സിമിത്തേരിയുടെ ചരമശാന്തതയില്‍ രക്തക്കറയാല്‍ ആരോ കോറിയ ആ പഴയ വാചകങ്ങള്‍. അവന്‍ വീണ്ടും വീണ്ടും ചോദിക്കുന്നു…
‘How much do you love me?’ And Jesus said, ‘This much’ Then He stretched out His arms and died.”
ചിലപ്പോഴെല്ലാം അങ്ങനെയാണ്. നമ്മുടെ ചിന്തയ്ക്കുമപ്പുറത്തേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകും. നാം, കരുതുന്നതിനു വിപരീതമായി
രിക്കും അത്. കറുത്ത കാലത്തിലൂടെ നാം, നമ്മുടെ രാജ്യം കടന്നു പോകുന്നു. ഓരോ അക്ഷരവും വാക്കും കൃത്യമായി ഉപയോഗിക്കണം. കൃത്യമായി ഉച്ചരിക്കണം. എങ്കിലേ കൃത്യമായ നിര്‍മ്മിതിയുണ്ടാവൂ… ഈ ചിന്ത വിട്ടുപോയതിനാലായിരിക്കണം മരണവേട്ടപോലൊരു എഴുത്ത് എന്നില്‍നിന്നുണ്ടായത്. എന്തായിരിക്കണം പൊളിറ്റിക്കലി ഇങ്കറക്റ്റായ ഒരു സൃഷ്ടി എന്നതിനുദാഹരണമാണ് മരണവേട്ട. മനഃപൂര്‍വ്വമായി ചെയ്തതല്ലെങ്കിലും മനഃപൂര്‍വ്വം പരിശ്രമിച്ച് അത്തരമൊരു തെറ്റ് വരാതിരിക്കുവാന്‍ ശ്രമിക്കാതിരുന്നതിനാല്‍ ഞാനും ഒരു കുറ്റവാളി യായിത്തീരുന്നു… എനിക്ക് വേണമെങ്കില്‍ മരണവേട്ടയെ ഈ പുസ്ത കത്തില്‍നിന്നൊഴിവാക്കാമായിരുന്നു. ലോകത്തിനു മുമ്പില്‍ മറച്ചു വെക്കാമായിരുന്നു. പക്ഷേ, ഞാനത് ചെയ്യുകയില്ല. മറിച്ച് ജീവിതകാലം മുഴുവന്‍ ശരിയായി എഴുതാനും ജീവിക്കാനും ശ്രമിക്കുന്ന വ്യക്തികള്‍ എപ്രകാരമാണ് തെറ്റുകള്‍ വരുത്തുന്നത്, എത്രമേല്‍ അപകടകരമാണത് എന്നൊക്കെ തെളിയിക്കാനായി ഞാനത് ഇതോടൊപ്പം ചേര്‍ക്കുന്നു…
ഒരേവിഷയം, ഒരേ പ്രമേയം എന്നിവ ഉപയോഗിച്ച് രണ്ട് വ്യത്യസ്ത കഥകള്‍ എഴുതാന്‍ കഴിയുമോ എന്ന വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് രണ്ട് കഥകള്‍ ഞാനെഴുതുന്നത്. ദിഗമ്പരന്‍, മരണവേട്ട എന്നീ രണ്ട് കഥകളായിരുന്നു അവ. രണ്ട് വ്യത്യസ്ത മതതീവ്രവാദികള്‍ സ്ത്രീകളെ തങ്ങളുടെ വര്‍ഗീയതയ്ക്ക് ഇരയാക്കുന്നതും മനഃപൂര്‍വ്വമായി അവര്‍ക്ക് രോഗം നല്‍കുന്നതുമായിരുന്നു ഇതിന്റെ കഥാതന്തു. ദിഗമ്പരനില്‍ ഹിന്ദു തീവ്രവാദവും മരണവേട്ടയില്‍ ക്രൈസ്തവതീവ്രവാദവും ആവിഷ്‌കരിച്ചു. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ദിഗമ്പരന്‍ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു. മരണവേട്ടകാരണം ഞാന്‍ കഷ്ടപ്പെട്ടു. ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് എന്റെ ഭര്‍ത്താവ് മരണവേട്ട വായിക്കുന്നത്. അതിലെ നായകന്‍ ക്രിസ്ത്യന്‍ മതവിശ്വാസിയായ ബാസ്റ്റിന്‍ ഒരുപക്ഷേ, ”ഞാനാണെന്ന് കരുതുമെടീ” എന്ന് അദ്ദേഹം ആശങ്കപ്പെട്ടു. എനിക്കും അത് ശരിയെന്നു തോന്നി. ഞാനതിലെ ബാസ്റ്റിനെ ബഷീറാക്കി. അരമണിക്കൂര്‍കൊണ്ട് കഥയില്‍ അല്പം മേമ്പൊടികള്‍കൂടി ചേര്‍ത്ത് ഒറ്റ അയപ്പ്. ഇതില്‍ക്കൂടുതല്‍ അപകടമൊന്നും സംഭവിക്കാനില്ല. ഹിന്ദു സംഘവും മുസ്‌ലിം വില്ലനുമായപ്പോള്‍ കഥ പാളി. മാത്രമല്ല ഇതിലെ ശാഖാകഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്റെ ഒരു അയല്‍വാസിയാണ്. അയാള്‍ പറയുന്ന ലോജിക്കുകള്‍, അയാളുടെ തോന്നലുകള്‍ എന്നിവ ആ കഥയില്‍ നന്നായി ഉപയോഗിച്ചിരുന്നു. പൊതുബോധത്തില്‍നിന്നും കിട്ടിയ ന്യൂനപക്ഷ വിരുദ്ധതയുംകൂടി ചേര്‍ന്നപ്പോള്‍ ചുരുക്കത്തില്‍ കഥമൊത്തം പാളിപ്പൊളിഞ്ഞ് പാളീസ്സായി മാറി. തികഞ്ഞ മുസ്‌ലിംവിരുദ്ധ കഥയായി മരണവേട്ട മാറി. മലയാള ത്തിലെ തികഞ്ഞ വര്‍ഗ്ഗീയകഥയേത് എന്നു ചോദിച്ചാല്‍ മരണവേട്ടയെന്ന് ഞാന്‍പോലും ഉത്തരം പറയുന്ന അവസ്ഥയായി.
മരണവേട്ട എനിക്കു പറ്റിയ പിഴവാണ്. ജീവിതകാലം മുഴുവന്‍ ശാഖാപ്രവര്‍ത്തനവും സദാവത്സ്‌സലെയും പാടി നടന്ന് അധികാരം മാറുമ്പോള്‍ അധികാരപ്രത്യയശാസ്ത്രത്തിലേക്ക് കൂട് മാറുന്ന നാറിയ രാഷ്ട്രീയബോധമായിരുന്നില്ല എന്റേത്. അതുകൊണ്ടുതന്നെ എന്റെ തല ലജ്ജാകരമായി കുനിഞ്ഞു. അന്നും ഇന്നും എന്നും മരണവേട്ടയില്‍ പ്രതി എനിക്ക് ലജ്ജമാത്രമേ ഉള്ളൂ. കുറ്റബോധമേ ഉള്ളൂ. അത്രയും നാള്‍ ഞാനെഴുതിയ പൊളിറ്റിക്കലി ശരിയായിരുന്ന കഥകള്‍ കാണാത്തവരുമെന്നെ കല്ലെറിഞ്ഞു. എനിക്ക് അതില്‍ വിരോധമൊന്നും തോന്നിയില്ല. ആ ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നതായിരുന്നു. ഈ അവസരം ഞാന്‍ ഒരിക്കല്‍ക്കൂടി മാപ്പ് പറയുവാന്‍ ഉപയോഗിക്കുന്നു. മരണവേട്ട ശരിയെന്നല്ല. മരണവേട്ട എന്റെ ഏറ്റവും വലിയ പിഴവും തെറ്റുമാണ്. മറ്റൊരാളില്ല ഞാനാണതിനുത്തരവാദി. ഞാന്‍ മാത്രമാണതിനുത്തരവാദി. ഞാനീ കുറ്റം ഏറ്റെടുക്കുന്നു. എങ്കിലും എന്റെ സൃഷ്ടിയെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ അമ്മ തെമ്മാടിയായ മകനെയെന്നവണ്ണം മരണവേട്ടയെ തള്ളിപ്പറയുന്നു.
ഈ സമാഹാരത്തിലെ ഓരോ കഥകളും കറുപ്പിനെ അഡ്രസ്സ് ചെയ്യുന്നു. മരണത്തെ, ശിക്ഷകളെ, അന്യായങ്ങളെ, അനീതികളെ, വേദനകളെ, യാതനകളെ, കൊടിയ പീഡനങ്ങളെ, തൊലിയുടെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള ഉന്മൂലനങ്ങളെ, ചൂഷണങ്ങളെ, ചതികളെ, നിന്ദകളെ, നിരാസങ്ങളെ, വെറുപ്പുകളെ, മാലിന്യങ്ങളെ, ഉപ്പേക്ഷിക്കപ്പെടലുകളെ, മലിനമാക്കപ്പെടലുകളെ, അകറ്റി
നിര്‍ത്തപ്പെടലുകളെ, അവഗണിക്കപ്പെടലുകളെ, ചതിക്കപ്പെടലുകളെ…ചൂഷണങ്ങളെ, ഇരുട്ടുകളെ… ലോകത്തിലെ തെറ്റുകളെ. അതേ, അവയെ മാത്രം ഞാന്‍ അഡ്രസ്സുചെയ്യുന്നു… ഞാന്‍ കടന്നുപോയ ജീവിതത്തിന്റെ കറുത്ത ഇടങ്ങളെ, ഞാന്‍ കണ്ടുപോയ ജീവിതത്തിന്റെ കരിക്കറകളെ, ഞാന്‍ പ്രപഞ്ചത്തിന്റെ ഏകാന്തതകളെ അഡ്രസ്സ് ചെയ്യുന്നു…
ഏകാന്തത
ഏകാന്തത
ഏകാന്തത
കണ്ണില്ലാത്തൊരു പെണ്‍കരച്ചില്‍പോലെ
”കപ്പലിനു ശേഷം വീണ്ടും നവമിദിവസം നാം അരിയെഴുതാനിരി
ക്കുന്ന ഒരു സരസ്വതിയെ കണ്ടു.
വാക്കുകള്‍ അനാഥയാക്കിയവളെ കണ്ടപ്പോള്‍ നാവുകൊണ്ട് 56 അക്ഷരങ്ങളും എഴുതിനോക്കി…
അവളുടെ ഉടലില്‍ അക്ഷരനക്ഷത്രവട്ടത്തില്‍ ചോര പൊടിഞ്ഞു.
ഹൃദയസ്തരത്തില്‍ രക്തം കിനിഞ്ഞ് മരണപ്പെട്ട സ്ത്രീയുടെ ഫോട്ടോയിലേക്ക് വേദനകൊണ്ട വിഷാദത്താല്‍ അവള്‍ നോക്കി.
അവള്‍ക്ക് കരയണമെന്നുണ്ടായിരുന്നു.
ഉപേക്ഷിക്കപ്പെട്ട മനുഷ്യരെപ്പോലെ ദുര്‍ബലപ്പെട്ടും ഭയപ്പെട്ടും കരയണമെന്നുണ്ടായിരുന്നു…
അക്ഷരങ്ങളുടെ ഉടല്‍ച്ചൂടിനാല്‍ അവള്‍ക്ക് പനിച്ചു…
ലില്ലിപ്പൂക്കള്‍ പുഞ്ചിരിച്ചു…
പല്ലുകള്‍ക്കിടയില്‍ വിറ പൂക്കൊണ്ടു…
കുഞ്ഞുങ്ങളുടെ രോഗക്കണ്ണുകളില്‍ നിത്യശാന്തതയുടെ സൂര്യ
വൃത്തം..
നിശ്ശബ്ദത വധശിക്ഷയെക്കാള്‍ വലിയതാകുന്നു…
കാരണം ഞാനൊരു പാവം ഗിഥാറായിരുന്നു
അവനെന്നെ കഠാരകൊണ്ട് മുറിച്ചുകളഞ്ഞു.”
മലയാള സാഹിത്യത്തില്‍ തന്റേതായ ഇരിപ്പടം കണ്ടെത്തിയ കഥാകാരിയാണ് ഇന്ദു മേനോന്‍. വളരെ വിചിത്രവും മനോഹരവും ആസ്വാദകമനസ്സിനെ ഉലയ്ക്കുന്നതുമായ ഒരു മൗലികതയാണ് ഇന്ദുമേനോന്റെ കഥകളുടെ പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം നിറഞ്ഞ പുതിയൊരു കഥാസമാഹരവുമായി എത്തിയിരിക്കുകയാണ് ഇന്ദു മേനാന്‍. ‘പഴരസത്തോട്ടം‘ എന്നുപേരിട്ടിരിക്കുന്ന കഥാസമാഹരത്തില്‍ ‘ഷണ്ഡവിലാപം’, ‘മൃതിനിര്‍വേദം’, ‘ഡി’, ‘മരണവേട്ട’ ‘ദിഗമ്പരന്‍’ തുടങ്ങി 7 കഥകളാണുള്ളത്.