”മറ്റുള്ളവരൊക്കെ വളരെയധികം കഴിവുള്ളവർ എനിക്കൊരു പ്രത്യേകതയുമില്ലല്ലോ. കലാ കായിക രംഗത്ത് പ്രതിഭയായിട്ടുള്ള സഹപാഠികൾക്കൊപ്പം ഞാൻ ഒന്നുമല്ലെന്ന അപകർഷതാ ബോധം എന്നിൽ കൂടിക്കൂടി വരികയായിരുന്നു. അപ്പോഴാണ് എന്റെ കഴിവുകളെ കുറിച്ച് മറ്റുള്ളവർ പുകഴ്ത്തുന്നത് ഞാൻ കേട്ടത്. എന്റെ കയ്യക്ഷരം നല്ലത് , ഞാൻ എങ്ങിനെ പരീക്ഷകളിൽ ഇത്ര മാർക്ക് നേടുന്നു തുടങ്ങിയ അഭിനന്ദന പ്രവാഹം എനിക്ക് പ്രചോദനമായി.”
മുൻ പത്തനംതിട്ട ജില്ലാ കളക്ടറായി പ്രവർത്തിക്കുന്ന എസ് ഹരികിഷോർ ഐ എ എസ് സ്വന്തം അനുഭവങ്ങൾ കോർത്തിണക്കി ഉന്നത വിജയം നേടാനുള്ള വഴികൾ വിവരിക്കുകയാണ് ഉന്നതവിജയത്തിന് 7 വഴികൾ എന്ന പുസ്തകത്തിലൂടെ.സ്വന്തം കഴിവിലെ വിശ്വാസം നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന മാനസീക സംഘർഷങ്ങൾ പരിഹരിക്കാൻ പുസ്തകം ഏറെ ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. പഠനവും പാഠ്യേതര വിഷയങ്ങളും വിദ്യാർഥികളോടൊപ്പം മാതാപിതാക്കൾക്കും ഇന്നത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ഏറെ തലവേദന സൃഷ്ടിക്കുന്നു. എന്നാൽ പാഠങ്ങൾ ഉൾക്കൊണ്ട് കൃത്യമായ ലക്ഷ്യബോധത്തോടെ പഠനവും പഠനകാലവും വിനിയോഗിക്കാൻ വിദ്യാർഥികൾക്ക് ഉത്തമ വഴികാട്ടിയാണ് ഉന്നതവിജയത്തിന് 7 വഴികൾ.
ജീവിതത്തിൽ ഉന്നത വിജയം നേടാനാഗ്രഹിക്കുന്നവരുടെ ഒരു കൈപ്പുസ്തകമാണ് ഉന്നതവിജയത്തിന് 7 വഴികൾ. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ വിജയത്തത്തിലേക്കുള്ള പ്രായോഗീക വഴികളെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു ഹരികിഷോർ ഐ എ എസ്.ആത്മവിശ്വാസമാണ് വിജയത്തിന്റെ തുടക്കം.സ്വന്തം കഴിവുകളെ സ്നേഹിച്ച് അവനവന്റെ സാഹചര്യങ്ങളിൽ സന്തോഷിച്ച് സ്വയം ബഹുമാനം തോന്നിയാൽ മാത്രമേ ഉയർച്ചയുടെ വഴികൾ നമുക്കു മുന്നിൽ തുറക്കുകയുള്ളൂ.
2016 ജൂണിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഉന്നതവിജയത്തിന് 7 വഴികൾ എന്ന പുസ്തകത്തിന്റെ നാലാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പഠനത്തിൽ നേടിയ വിജയങ്ങളും ജീവിതത്തിൽ നേടിയ തിരിച്ചറിവുകളും കൊണ്ട് ആത്മവിശ്വാസത്തോടെ ലക്ഷ്യബോധത്തോടെ നമുക്ക് വിജയത്തിലേക്ക് പറക്കാം.