പ്രദീപൻ പാമ്പിരികുന്നിനെ ഗാഢമായി അറിയാൻ ഇതുവരെ നാമറിഞ്ഞതൊന്നും പോരാ , ഈ നോവൽ കൂടി വേണം – എരി എന്ന നോവലിന് കൽപറ്റ നാരായണൻ എഴുതുന്ന അവതാരിക
പല ആകാംക്ഷകളായിരുന്നു പ്രദീപന്. തന്റെ എല്ലാ ആകാംക്ഷകള്‍ക്കും ഒരേസമയം നിവൃത്തി വരുത്താന്‍ തന്നിലെ ഗവേഷകനോ അദ്ധ്യാപകനോ നാടകക്കാരനോ ഗാനരചയിതാവിനോ സാംസ്‌കാരിക വിമര്‍ശകനോ പ്രഭാഷകനോ പോരെന്ന് പ്രദീപന്‍ മനസ്സിലാക്കിയിരുന്നതായി ഇവിടം വിടുംമുമ്പ് അയാള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയ ഈ നോവല്‍ നമ്മോട് പറയുന്നു. ബാല്യം മുതല്‍ കൂടെക്കൂടിയ സ്വപ്നങ്ങളെയും
തലമുറ തലമുറയായി അനുഭവിച്ചുവരുന്ന വേവലാതികളെയും നാട്ടുനര്‍മ്മങ്ങളെയും നാട്ടുനോട്ടങ്ങളെയും ഒപ്പം വളര്‍ന്ന സൂക്ഷ്മമായ ഗവേഷണബുദ്ധിയെയും ഒത്ത ഒരു രൂപത്തില്‍ കുടിയിരുത്തി അനുഗ്രഹിച്ചിട്ട് മതി പോകാന്‍ എന്നയാള്‍ കരുതി. പ്രദീപന്‍ പാമ്പിരികുന്നിനെ ഗാഢമായി പരിചയപ്പെടാന്‍ നാളിതുവരെയായി നാമറിഞ്ഞതൊന്നും പോരാ ഈ നോവല്‍കൂടി വേണം എന്നതിലെനിക്ക് സന്ദേഹമില്ല. അത് പ്രദീപനാഗ്രഹിച്ച വിധം പൂര്‍ത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്ക് തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി അതിനെ ക്ഷണത്തില്‍ പൂര്‍ത്തിയാക്കി. മരണം പൂര്‍ത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂര്‍ണ്ണത ഉണ്ടായിരിക്കും. അല്ലെങ്കില്‍ പൂര്‍ണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ച് പറയാമോ? നല്ല ഏതു കൃതിയാണ് ഉപേക്ഷിക്കപ്പെട്ടതല്ലാതെ പൂര്‍ത്തിയായിട്ടുള്ളത്? ‘ഞാന്‍ എഴുതാന്‍ തുടങ്ങി’ എന്ന അസാധാരണമായ വാക്യത്തിലവസാനിക്കുന്ന ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്‌സ്, അപൂര്‍ണ്ണവും ഗംഭീരവുമായ ഒരവസാനം, എനിക്ക് സങ്കല്പിക്കാനുമാവില്ല.
‘ഓരോ മനുഷ്യനും അവരവരുടേതായ പങ്ക് ഓരോ ചരിത്രപ്രക്രിയയിലും അനുഷ്ഠിക്കുന്നുണ്ട് എന്നാണെന്റെ വിശ്വാസം. എന്നാല്‍ നമ്മുടെ ചരിത്രങ്ങളില്‍ അവയില്ല. അങ്ങനെയുള്ള ഒരു മനുഷ്യനാണ്എരി. അയാള്‍ക്ക് ഒരു ചരിത്രമുണ്ട്. അത് സ്ഥാപിക്കുകയാണ് എന്റെ ലക്ഷ്യം.’ നോവലിലെ ആഖ്യാനകാരനായ ഗവേഷകന്‍ പറയുന്നു. അയാള്‍ എരിയോല എന്ന ആദ്യഓല, ഗ്രന്ഥപ്പുരയെന്നവകാശപ്പെട്ട പണിക്കരുടെ വീട്ടില്‍ അദ്ധ്യാത്മരാമായണങ്ങളുടെ ഓലപ്പകര്‍പ്പുകള്‍ക്കിടയില്‍ കണ്ടപ്പോള്‍ അനുഭവിച്ചത് നോക്കുക. ‘കൗതുകം തോന്നി തട്ടിയെടുത്തപ്പോള്‍ തെയ്യോന്‍ പാടിയ എരിയോല എന്ന വാക്യത്തില്‍ കണ്ണുടക്കി. ആനന്ദമാണോ അത്ഭുതമാണോ എന്നറിയാതെ ഞാന്‍ അലറി.’ ആനന്ദത്തിലും അത്ഭുതത്തിലും വലിയ ഒരു ഹര്‍ഷത്തില്‍ അലറുന്നഒരു ഗവേഷകന്‍! അയാള്‍ കണ്ടെത്തിയത് പണിക്കരുടെ ഗ്രന്ഥപ്പുരയില്‍ അവഗണിക്കപ്പെട്ട നിലയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു അമൂല്യസംസ്‌കാരത്തെയായിരുന്നു. ഐതിഹ്യങ്ങളില്‍നിന്ന്, സങ്കല്പങ്ങളില്‍നിന്ന്, പൂര്‍വ്വികരുടെ ഓര്‍മ്മകളില്‍നിന്ന്, തോറ്റംപാട്ടുകളില്‍നിന്ന്, ആസംസ്‌കാരത്തെ അയാള്‍ വെളിയിലേക്കെടുക്കുന്നു. അയ്യങ്കാളിക്ക് തുല്യനായ ഒരു മഹാപുരുഷനെ വടക്കന്‍ മലബാറിലെ കീഴ്ജാതിക്കാര്‍ക്കിടയിലെ സകലവിധ മുന്നേറ്റങ്ങള്‍ക്കും പ്രേരകമാംവിധം പ്രദീപന്‍ സൃഷ്ടിക്കുന്നു. ‘എരി’ എന്ന പറയനാണ് ആ അത്ഭുതപുരുഷന്‍. പറയന്‍ എന്നാല്‍ പറകൊട്ടി അറിയിക്കുന്നവന്‍. രാജവിളംബരങ്ങള്‍ അറിയിച്ചിരുന്നത് പറയരായിരുന്നു. ആദ്യം പറഞ്ഞവനായതിനാല്‍ പറയന്‍. പില്‍ക്കാലം ആരാലും പറയപ്പെടാത്തവനായി, കേള്‍ക്കപ്പെടാത്തവനായി, പകല്‍വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലാത്തവനായി അവനെങ്ങനെ മാറി? ‘നെകലായി?’ പറയരെ അദൃശ്യരാക്കിയ അന്യായമായ ഒരു മേലാളചരിത്രത്തെ തിരുത്തുകയാണ് നോവലിലെ ചരിത്രകാരനായ ഗവേഷകന്‍ (ജീവിതത്തിലെ നാനാരസങ്ങളോടും ഇത്രയേറെ മൈത്രിയിലായ ഒരു ഗവേഷകനെ പ്രതിനിധാനമായി സ്വീകരിക്കാന്‍ നിരവധി ജീവിതകൗതുകങ്ങളുള്ള ഒരു പ്രദീപനല്ലാതെ കഴിയില്ല. അയാള്‍ക്ക് അയാളെക്കാള്‍ അയാളായിക്കഴിയാന്‍ ഇത്തരമൊരു കഥാപാത്രം വേണംതാനും. സെന്റ് ആഗസ്റ്റിന്‍ പറയുമ്പോലെ അവന്‍ അവനില്‍ അവനെക്കാള്‍). ‘നിന്റെ ശക്തി നിന്റെ ശരീരത്തിലല്ല , ആത്മവീര്യത്തിലാണ്’ എന്ന് പറയുന്നെങ്കിലും ആത്മവീര്യത്തില്‍ മാത്രമല്ല ശക്തിയിലും അയ്യങ്കാളിക്ക് തുല്യനും മാജിക്കില്‍ അതുല്യനുമാണ്എരി. ഇരുട്ടില്‍ വഴികാണാതുഴന്ന ഒരു ചാലിയന്റെ കണ്ണില്‍ മഷിയെഴുതി അതില്‍ നിന്ന് പുറപ്പെട്ട വെളിച്ചത്തില്‍ സുഗമമായി ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിച്ച എരിയുടെ ജീവിതം യുക്തിഭദ്രമായിപ്പറയുന്നുണ്ട് പ്രദീപന്‍. യഥാര്‍ത്ഥ ലോകത്തെക്കാള്‍ യുക്തിപൂര്‍വ്വമായിരിക്കണം സങ്കല്പ ലോകം എന്ന തികഞ്ഞ ധാരണയോടെയാണ് ചരിത്രത്തിലെ ഒഴിഞ്ഞ ഇടങ്ങളെ പ്രദീപന്‍ പൂരിപ്പിക്കുന്നത്. ‘ഘാതകവധം’ എന്ന നോവല്‍ എഴുതിയ മിഡ് കോളിന്‍സ് മദാമ്മ ശേഖരിച്ച രേഖകള്‍
ഒന്നില്‍നിന്നാണ് നോവലിലെ ഗവേഷകന്‍ എരിയുടെ പൂര്‍വ്വകാലത്തിലൊരു വലിയ അദ്ധ്യായം കണ്ടെടുക്കുന്നത്.
‘ചത്ത പശുവിന്റെ ഇറച്ചി തിന്നുകയില്ല’ എന്ന് തീരുമാനിക്കാന്‍ പറയരെ നിര്‍ബന്ധിച്ച ഒരെരിയെ ചരിത്രത്തില്‍ മുന്‍കൂറായി സൃഷ്ടിക്കുകയാണ് നോവല്‍. എരി തിയ്യന്മാരോട് ഏകനായിച്ചെയ്ത യുദ്ധം വടക്കന്‍ പാട്ടിലെന്നപോലെ രോമാഞ്ചം കൊള്ളിച്ചുകൊണ്ടെഴുതുന്നുണ്ട് പ്രദീപന്‍. മേല്‍ജാതിക്കാരുടെ സ്ത്രീകള്‍ കീഴ് ജാതികളിലെ പുരുഷന്മാരോട് രഹസ്യവേഴച് നടത്തുന്ന നിരവധി കഥകളുണ്ട് കൃതിയില്‍. മനസ്സിനെക്കാള്‍ ശരീരത്തിന് വിവേകമുണ്ടെന്ന് കാട്ടാനുമാവാം. കീഴോര്‍ മേലോരെപ്പോലെ വിഡ്ഢികളല്ലെന്നും ഭീരുക്കളല്ലെന്നും കാട്ടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട് ഈ ‘തിരിച്ചരിത്ര’ത്തില്‍ (counter history ). ശാലയില്‍ തമ്പായിയുടെ കിണറ്റില്‍നിന്ന് ചേര്‍മീന്‍ പിടിച്ച രാമന്റെ പുറകേ നായന്മാര്‍ ഓടിച്ചെന്നപ്പോള്‍
‘ധൈര്യമുണ്ടെ ങ്കില്‍ പുഴയില്‍ച്ചാടിപ്പിടി നായ്ക്കളെ’ എന്ന് വെല്ലുവിളിച്ച് കുതിച്ചൊഴുകുന്ന ചാനിയംപുഴയില്‍ച്ചാടി മീന്‍ കടിച്ചുപിടിച്ച് നീന്തി പെരിഞ്ചേരിയില്‍ക്കയറിയത് പതുക്കെ നിലവില്‍ വന്നുകൊണ്ടിരുന്ന ആധുനികതയാണ്. ചരിത്രത്തെകുറച്ചുകൂടി പുറകില്‍നിന്ന് യാത്രയാരംഭിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് ഈ നോവല്‍. എണ്‍പതുകാരനായ എരി അന്നു യുവാവായിരുന്ന ശ്രീനാരായണഗുരുവിന്റെ അടുത്തേക്ക് തന്നെ സമീപിച്ചവരില്‍ച്ചിലരെ പറഞ്ഞയയ്ക്കുന്നുണ്ട്. ചരിത്രത്തെ കൂടുതല്‍ ദിക്കുകളിലേക്ക്
വ്യാപിപ്പിക്കുന്നുമുണ്ട് പ്രദീപന്‍. അനുബന്ധജീവിതത്തില്‍ നിന്ന് (‘തുടങ്ങിയവരില്‍നിന്ന്’ എന്ന് എം. ആര്‍. രേണുകുമാര്‍) കീഴോരേ മുക്തരാക്കുന്ന സകഥയായ ചരിത്രം എന്നീ കൃതിയെ പറയാം. സങ്കീര്‍ണ്ണമായ സത്യങ്ങള്‍ പറയാന്‍ കഥകൂടാതെ കഴിയുമോ? ഞെരിപ്പ്, തൊക്കാമ്പ്, ഘടാഘടിയന്‍, മുനുങ്ങന്‍, അറാമ്പറപ്പ് എന്നിങ്ങനെ കുറുമ്പ്രനാട്തുള്ളിത്തുളുമ്പിനില്‍ക്കുന്ന നിരവധി പദങ്ങളിലൂടെ, തോറ്റംപാട്ടുകളിലൂടെ, ഗാനങ്ങളിലൂടെ, നാട്ടുനര്‍മ്മങ്ങളിലൂടെ, ഒരു വിപ്ലവം ആഘോഷിക്കുകയാണ് പ്രദീപന്‍. ‘നമ്മളെ പഞ്ചമരെന്നാണ് വേദം പറയുന്നത്.പഞ്ചമരെയാണ് ഞാന്‍ മനുഷ്യനെന്ന് പറയുന്നത്. നാലു വര്‍ണ്ണങ്ങളിലും പെടാത്തവര്‍’–എരി എന്ന പറയന്‍, പ്രഭാഷകന്‍. എരിയാണ്പ്രദീപന്റെ കേരളചരിത്രത്തിലെ ആദ്യ പ്രഭാഷകന്‍.
മധുരം ഒരയഥാര്‍ത്ഥ മേലാളരുചിയാണെങ്കില്‍ എരിവ് ഒരു യഥാര്‍ത്ഥ കീഴാളരുചി. തീയെരിയുന്നപോലെ, വിളക്കെരിയുന്നതുപോലെ, രുചിയില്‍ എരിവെരിയുന്നു. ഈ എരിയോലയും. ‘എരിയുന്ന ജീവിതമെന്റെ ദൈവമേ/ എരിയാതെ നിര്‍ത്തേണമെന്നുമെന്നും/ എരിയെന്നില്‍ വാഴുന്ന നേരത്തോളം/ എരിയുന്നുണ്ടുള്ളത്തില്‍ എന്റെ ദൈവം’ എന്ന്പ്രദീപന്റെ ഗവേഷകന്‍ കൊടുത്ത എരിയോലയില്‍. നോവലിന്റെ വാതുക്കല്‍നിന്ന്, വെളിച്ചം മറയാതെ, ഞാന്‍ മടങ്ങുന്നു.എന്റെ വിദ്യാര്‍ത്ഥിയായല്ല, സുഹൃത്തായല്ല, എന്റെ കൂടി വിമോചക
നായി പ്രദീപന്‍ തെളിയുന്നത് നോക്കി. പ്രദീപന്റെ നാട്ടുഭാഷയിലുള്ള വിവര്‍ത്തനമല്ലേ എരി?