43-ാമത് ഡി സി ബുക്‌സ് വാര്‍ഷികാഘോഷത്തെടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങില്‍ 4 പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’, 2 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ‘ബെന്യാമിന്‍ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍‘, മണമ്പൂര്‍ രാജന്‍ ബാബു എഡിറ്റ് ചെയ്ത ‘കുറുമൊഴി’, കെ വേണു രചിച്ച ‘പ്രകൃതി ജനാധിപത്യം സ്വാതന്ത്യം’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്.
അര്‍ദ്ധനാരീശ്വരനു ശേഷം മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന പെരുമാള്‍ മുരുകന്റെ നോവലാണ് കൂലമാതാരി. കീഴാളന്‍ എന്ന തലക്കെട്ടോടെ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് കബനിയാണ്. അര്‍ദ്ധനാരീശ്വരനീലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാള്‍ മുരുകന്‍ ‘കീഴാളന്‍’ എന്ന നോവലില്‍ ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയമാരുടെ ദരിദ്രമായ ജീവിതം ആവിഷ്‌കരിക്കുകയാണ്. ഗൗണ്ടര്‍മാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങള്‍ക്കു വിധിച്ചിട്ടുള്ളതാണെന്നു വിശ്വസിച്ച് കഴിയുന്ന കീഴാള ജീവിതത്തിന്റെ ദൈന്യം മുഴുവന്‍ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
ബെന്യാമിന്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതുന്ന നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍. തികച്ചും കേരളീയപശ്ചാത്തലത്തില്‍ എഴുതുന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. സഭയും കമ്മ്യൂണിസവും കോണ്‍ഗ്രസ്സും തിമിര്‍ത്താടുന്ന ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ഈ നോവല്‍ ഒരു ‘പൊളിറ്റിക്കല്‍ സറ്റയര്‍’ എന്നുവിശേഷിപ്പിക്കാം.
മലയാളത്തിന്റെ ഭാവുകത്തെ വാനോളമുയര്‍ത്തിയ ഒ വി വിജയന്‍, മാധവിക്കുട്ടി, എം ടി വാസുദേവന്‍നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുഭാഷ് ചന്ദ്രന്‍, കെ ആര്‍ മീര തുടങ്ങി പല തലമുറകളുടെ എഴുത്തുകാര്‍ ഒരുകുടന്ന വാക്കുകള്‍കൊണ്ടു തീര്‍ത്ത അനുഭവങ്ങളുടെ കടലാണ് മണമ്പൂര്‍ രാജന്‍ ബാബു എഡിറ്റ് ചെയ്ത ‘കുറുമൊഴി’ എന്ന പുസ്തകം.
കെ വേണു രചിച്ച ‘പ്രകൃതി ജനാധിപത്യം സ്വാതന്ത്യം’ എന്ന പുസ്തകം ചര്‍ച്ചചെയ്യുന്നതാകട്ടെ വരുംനാളുകളില്‍ ആഗോളതലത്തില്‍ത്തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ദര്‍ശനമാണ്. എഴുതപ്പെട്ട മനുഷ്യചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന മാര്‍ക്‌സിയന്‍ ചിന്തയെ ചോദ്യം ചെയ്തുകൊണ്ട് പ്രകൃതിയുടെ ക്രമത്തെയും ക്രമരാഹിത്യത്തെയും അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിലുണ്ടായ വളര്‍ച്ച ജനാധിപത്യത്തിന്റേതാണ് എന്ന് സ്ഥാപിക്കുന്ന പ്രബന്ധം.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ യു വി ജോസ് ഐഎഎസ് അദ്ധ്യക്ഷനായി. ചടങ്ങില്‍ കെ വേണു, യു. കെ. കുമാരന്‍, മണമ്പൂര്‍ രാജന്‍ ബാബു,ബെന്യാമിന്‍,, എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു. രവി ഡി സി സ്വാഗതം പറഞ്ഞു.