രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിന് ഒരാസ്വാദനക്കുറിപ്പ്..; എഴുതുന്നത് സോനാ രാജീവന്‍..
‘മലയാളത്തില്‍ ഒരു ഡാവിഞ്ചി കോഡ്’
രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിന്റെ കവര്‍ ചിത്രം താമരപ്പൂക്കളില്‍ തലചായ്ച് മയങ്ങുന്ന ബുദ്ധനാണ്. റിലാക്‌സിംഗ് ബുദ്ധയെന്നോ ഡ്രീമിംഗ് ബുദ്ധയെന്നോ പേരിടാവുന്ന നിലയാണത്. പക്ഷേ, ഗോപയുടെ സങ്കടങ്ങള്‍, കപില വസ്തുവിനകത്തും പുറത്തുമുള്ള നിരവധി മനുഷ്യരുടെ സങ്കടങ്ങള്‍ നിറയുന്ന നോവലില്‍ പുറത്ത് ബുദ്ധനെ അങ്ങനൊരു നിലയില്‍ തുടരാന്‍ സമ്മതിക്കുക വയ്യ. അതിനാല്‍ ഞാന്‍ നോവലിലൂടെ വീണ്ടുമൊരു യാത്ര പോവുന്നു.
സാധാരണ മനുഷ്യന്റെ അനുഭവപരിസരത്തു നിന്ന് വ്യാഖ്യാനിക്കാനാവാത്ത മഹാപരിത്യാഗം, കപിലവസ്തുവില്‍ അത് നിറച്ച ഇരുട്ട്, വാക്കുകളുടെ ആഴവും ധ്വനിയും മനസില്‍ നിറച്ച വിങ്ങല്‍, കഥാപാത്രങ്ങളുടെ മിഴിവ്, നോവലിന്റെ ഇതിഹാസ സമാനമായ നില്‍പ് എന്നിങ്ങനെയൊക്കെ തിരിച്ചറിഞ്ഞ് ഒന്നാം വായന പൂര്‍ത്തിയാവുന്നു.നോവല്‍ അവശേഷിപ്പിക്കുന്ന രണ്ടു ചോദ്യങ്ങളുമായി പിന്നെയും പിന്നെയും വായിക്കുന്നു. ബുദ്ധന്‍ കപിലവസ്തുവിനെ പരിത്യജിച്ചതെന്തിന്? കപില വസ്തുവിലെ പുരുഷന്മാരെല്ലാം ബുദ്ധമാര്‍ഗം സ്വീകരിച്ചതെന്തിന്? രണ്ടിനും കൃത്യമായൊരുത്തരം നോവല്‍ തരുന്നില്ല. നോവലിസ്റ്റ് അവശേഷിപ്പിച്ച ഉത്തരമില്ലായ്മ, ഇടയിടെ പ്രത്യക്ഷമാവുന്ന നിസ്സംഗത, മന: പൂര്‍വ്വമെന്നോണം സന്നിവേശിപ്പിച്ച മൗനങ്ങള്‍, ഇവയെ നോവലില്‍ത്തന്നെ അവിടവിടെ കിടക്കുന്ന തെളിവുകള്‍ കൊണ്ട് നിറച്ച് ജിഗ്‌സോ പസിലില്‍ എന്നപോലെ എനിക്കൊരു കഥ കണ്ടു പിടിക്കാനാവുന്നുണ്ട്.
വംശശുദ്ധി കാത്തു സൂക്ഷിക്കാനാണ് കോളിയരും ശാക്യരും തമ്മില്‍ വിവാഹബന്ധം പുലര്‍ത്തിയത്. സിദ്ധാര്‍ത്ഥനുപേക്ഷിച്ച് 20 വര്‍ഷം പിന്നിട്ട ഗോപയോട് പുനര്‍വിവാഹത്തെക്കുറിച്ച് പറയുന്ന ദേവദത്തന്റെ വാക്കുകള്‍ ‘ വംശശുദ്ധി കാക്കാന്‍ കോളിയരും ശാക്യരും പാലിച്ച മാമൂല്‍ അവസാനിക്കുകയാണ് ‘ എന്നാണ്. ഈ വാക്കുകളുരുവിടുന്ന ദേവദത്തന്റെ കണ്ണുകളെ നേരിടാന്‍ ഗോപയ്ക്ക് തോന്നിയ ഭയം ഭാവിയെക്കുറിച്ചോ ദേവദത്തന്റെ രോഷത്തെക്കുറിച്ചോ ഉള്ള ഭയമല്ല. ഭൂതകാലത്തോട് ചേര്‍ന്ന ഭയമാണത്. രാഹുലന്റെ ജന്മത്തോടെ ‘വംശശുദ്ധി’ നിലവിലില്ലാതായിട്ടുണ്ട്. രാഹുലനില്‍ ബുദ്ധന്റെ ശാക്യ രക്തമില്ല.ഗോപയുടെ കോളിയ രക്തമേയുള്ളൂ. എന്തിനാണ് ബുദ്ധന്‍ കപിലവസ്തു ഉപേക്ഷിച്ചത്? വാര്‍ദ്ധക്യ രോഗ മരണങ്ങള്‍ കണ്ട് വിരക്തി വന്നിട്ടെന്ന ബുദ്ധചരിത്ര യുക്തിയെ സംശയദൃഷ്ടിയോടെ നോക്കുന്ന, വിചാരണ ചെയ്യുന്ന ഒരു കഥാപാത്രം നോവലില്‍ത്തന്നെയുണ്ട്. അത് കമലയാണ്. 13 വര്‍ഷം രാജകുമാരിയോട് ശാരീരിക ബന്ധം പുലര്‍ത്തിയ രാജകുമാരന് ഇണ ചേര്‍ന്നാല്‍ കുഞ്ഞുണ്ടാവുമെന്ന് അറിയില്ലായിരുന്നോ എന്നിട്ടെന്തിനാണ് കുഞ്ഞുണ്ടായപ്പോള്‍ ഇറങ്ങിപ്പോയതെന്ന് സന്ദേഹിയാവുന്ന കമലയോടൊപ്പമാണ് ഞാന്‍.16 വയസുമുതല്‍ 13 വര്‍ഷം ഗോപയോടൊപ്പം ജീവിച്ച്, 29 വയസില്‍ അവള്‍ അമ്മയായപ്പോള്‍ രാത്രിക്ക് രാത്രി നാടുവിട്ട സിദ്ധാര്‍ത്ഥനില്‍ പൗരുഷമില്ല.അക്ഷരാര്‍ത്ഥത്തില്‍ തന്നെ; ജീവശാസ്ത്രപരമായിത്തന്നെ. സിദ്ധാര്‍ത്ഥന്‍ ഗോപയുടെ ഭര്‍ത്താവായിരുന്നു. പക്ഷേ രാഹുലന്റെ പിതാവല്ല. 13 വര്‍ഷം ഒന്നിച്ചു ജീവിച്ച പുരുഷനെ പറ്റി 36ാം വയസില്‍ എത്തിനില്‍ക്കുന്ന വിരഹിണിക്ക് എന്തൊക്കെയാണ് ഓര്‍ക്കാനുണ്ടാവുക? 36 ല്‍ ,അവളുടെ ലൈംഗികത ഏറ്റവും പക്വമായി അതിന്റെ കൊടുമുടിയില്‍ കത്തി നില്‍ക്കേണ്ട പ്രായത്തില്‍ ഭൂതകാലത്തില്‍ നിന്ന് അവളുടെ ഓര്‍മ്മയിലേക്ക് എത്രയെത്ര സുന്ദര നിമിഷങ്ങള്‍ കടന്നു വരണം !! ഭൂതകാലത്തിലെ ബുദ്ധനെ ഗോപയോര്‍ക്കുന്നത് ഏകാന്തതയാല്‍ ബന്ധിതമായ മുഖമുള്ളവനെന്നാണ്, ആലോചനാമഗ്‌നനെന്നാണ്, മന്ദഹസിക്കുന്ന കണ്ണുകളും വടിവുറ്റ പുരികങ്ങളുമെന്നാണ്. തന്നെ വിട്ടുപോയ കാളുദായിയെ കമലയോര്‍ത്തത് ദീര്‍ഘകായന്‍, ഓരോ നോട്ടവും ഓരോ യുദ്ധമാക്കാന്‍ കരുത്തുള്ള കണ്ണുള്ളവന്‍ എന്നാണ്. പുത്ര ദു:ഖത്താല്‍ തളര്‍ന്ന ശുദ്ധോദനന്റെ കണ്ണുകളില്‍ ഗൗതമി കണ്ട ഭൂതകാലം മൂര്‍ച്ച കൊണ്ട് ശ്വാസം മുട്ടിച്ച കണ്ണുകള്‍ എന്നാണ്. മൃതപ്രായനായ ബിംബിസാരനെ കാണാന്‍ തടവറയില്‍ ചെല്ലുന്ന കോസലാദേവി ഓര്‍ത്തത് പലാശപുഷ്പങ്ങളുടെ മദഗന്ധം ഇഷ്ടപ്പെട്ടൊരാള്‍ എന്നാണ്. എന്തേ ഗോപയ്ക്ക് മാത്രം ഓര്‍ക്കാന്‍ അത്ര തീവ്രമായ ഒരു ഉടലോര്‍മ്മയില്ലാതെ പോയത്? അവളുടെ ഉടലില്‍ സിദ്ധാര്‍ത്ഥന്‍ ഒരു മുദ്രയും പതിപ്പിച്ചിട്ടില്ലതന്നെ.
ഗോപയുമായുള്ള വിവാഹദിനത്തില്‍ മഹാമായാദേവിയുടെ ശില്പത്തിനു മുന്നില്‍ കണ്ണീരണിഞ്ഞു നില്‍ക്കുന്ന സിദ്ധാര്‍ത്ഥനുണ്ട്. ഈറ്ററയില്‍ത്തന്നെ മരിച്ച അമ്മയോര്‍മ്മ അയാളെ അത്രമേല്‍ നൊമ്പരപ്പെടുത്തുമോ? സ്വന്തം പുത്രനേക്കാള്‍ ലാളിച്ച് വളര്‍ത്തിയ ഗൗതമിയുള്ളപ്പോള്‍ പ്രത്യേകിച്ചും? അമ്മയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് കണ്ണീരുകൊണ്ട് സിദ്ധാര്‍ത്ഥന്‍ വിവര്‍ത്തനം ചെയ്ത തേലംഗന്റെ പാട്ടിന്റെ വരികള്‍ ‘ തേന്‍ നിറഞ്ഞ പ്ലാശിന്‍ പൂങ്കുലയില്‍ വന്നിരിക്കാന്‍ ഞാറപ്പക്ഷിയുടെ മനസ് തുടിക്കുന്നു’ എന്നാണ്. മനസേ തുടിക്കുന്നുള്ളൂ. ഉടല്‍ത്തുടിപ്പില്ല.പറക്കാന്‍ പറ്റാതെ മുറിവേറ്റ പ്രാവ് സിദ്ധാര്‍ത്ഥ ചരിത്രത്തില്‍ മാത്രമല്ല സിദ്ധാര്‍ത്ഥന്റെ ഉടലിലുമുണ്ട്. ആ നിസ്സാഹയതയുടെ കരച്ചിലാണത്. പെങ്ങളുടെ സ്വയംവരപ്പന്തലിലേക്ക് ക്ഷണിക്കാതെ കടന്നു വന്ന സിദ്ധാര്‍ത്ഥനെ ദേവദത്തന്‍ ഓര്‍ക്കുന്നത് വാളുകൊണ്ടോ പേശി കൊണ്ടോ കഥയെഴുതാത്തവന്‍ എന്നാണ്. അണിഞ്ഞൊരുങ്ങിയുള്ള വരവ് കണ്ടപ്പോള്‍ ചിരി വന്നു എന്നും. കാളുദായി കുറഞ്ഞൊരു മനുഷ്യനൊന്നുമല്ല. കപില വസ്തുവിലെ രാജകുമാരന്‍ കോളിയരുടെ രാജകുമാരിയെ വിവാഹം കഴിച്ച് എഴുന്നള്ളുമ്പോള്‍ സൂര്യന്‍ ഒന്ന് ഉദയം രണ്ട് എന്ന് ഒരു രാജ്യം മുഴുവന്‍ അവരെ നോക്കി നിന്നപ്പോള്‍ കമലയെന്ന ബുദ്ധിമതിയായ ധീരയായ പെണ്ണിനെ കണ്ണുകൊണ്ട് യുദ്ധം ചെയ്ത് തോല്പിച്ചയാളാണ്.ഘനവാദ്യമായും സുഷിരവാദ്യമായും തത വാദ്യമായും വിതത വാദ്യമായും അവളെ വാദനം ചെയ്ത് സ്വയം പാട്ടായവന്‍.ശരീരവര്‍ണനയില്ലാതെ ,രതിക്രിയാ വര്‍ണനയില്ലാതെ നോവലില്‍ വിവരിക്കുന്ന മനോഹരമായ സുരതരംഗത്തിലെ നായകന്‍ കാളുദായിയാണ്. അതിശയകരമാം വിധം കഥ പറയാന്‍ അറിയുന്ന പുരുഷന്‍. ആ കാളുദായിയുടെ നോട്ടത്തിലൂടെയാണ് ഗോപയെ നമ്മളാദ്യം കാണുന്നത്. ആ ഒറ്റനോട്ടത്തില്‍ ആലഭാരങ്ങളുടെ, ആഭരണങ്ങളുടെ, ഉടമ്പെഴുത്തിന്റെ, കവിളലങ്കാരത്തിന്റെ, ധീരകാന്തിക്കുറിയുടെ അസാന്നിധ്യം വ്യക്തമാക്കും.അത് രാജകുമാരിയെ നോക്കുന്ന വാദ്യക്കാരന്റെ നോട്ടമല്ല. അതേപോലൊരു നോട്ടം മേല്‍ പറഞ്ഞ അലങ്കാരങ്ങളുടെയെല്ലാം സഹിതത്വത്തെ അവലോകനം ചെയ്യുന്നൊരു സൂക്ഷ്മനോട്ടം നോവലില്‍ മറ്റൊരിടത്തേയുള്ളൂ.അത് ദിവസങ്ങള്‍ക്കകം തന്റെ വധുവാകുന്ന കല്യാണിയെ നോക്കുന്ന നന്ദന്റെ നോട്ടമാണ്.
രാജഗൃഹത്തില്‍ നിന്ന് തിരിച്ചു വന്ന ബുദ്ധനും ഗോപയും 7 വര്‍ഷത്തിനു ശേഷം കാണുന്ന സന്ദര്‍ഭത്തിലെപ്പോലെ പിരിമുറുക്കവും സംഘര്‍ഷവും മൗനവും ഇടകലരുന്ന കൂടിക്കാഴ്ചയാണ് ഗോപയും കാളുദായിയും ഏഴു വര്‍ഷത്തിനു ശേഷം മുഖാമുഖം കാണുന്ന സന്ദര്‍ഭവും. ബുദ്ധനു വേണ്ടി കാളുദായിയോട് പറഞ്ഞയക്കുന്ന സന്ദേശത്തിനൊടുവില്‍ ഗോപ പറയുന്നത് ഇത് രാഹുലമാതാവായ ഗോപയുടെ ഓര്‍മ്മപ്പെടുത്തലാണ് എന്നാണ്. ധ്വനി സാന്ദ്രമാണ് അതിലെ രാഹുലമാതാവെന്ന പ്രയോഗം. അതിലേയ്ക്ക് വഴിയെ വരാം.
ഒരേ ദിവസം ജനിച്ച് കൂട്ടുകാരായി ജീവിച്ചവരാണ് സിദ്ധാര്‍ത്ഥനും ഗോപയും ഛന്നനും കാളുദായിയും. രാജ്യം വെടിയുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ ഛന്നനെ മാത്രമാണറിയിച്ചത് എന്നോര്‍ത്ത് ചൂളി തല താഴ്ത്തി നില്‍ക്കുന്ന കാളുദായി, ദേവദത്തന്‍ വിഹാരത്തിലുണ്ടെന്നറിഞ്ഞപ്പോള്‍ ഭാരമേറിയ ഓര്‍മ്മ ചുമലില്‍ പതിച്ച പോലെ നടുങ്ങുന്ന കാളുദായി, ബുദ്ധനെ പിന്തുടര്‍ന്ന് പോയിട്ടും ബുദ്ധദര്‍ശനം ലഭിക്കാതിരുന്ന കാളുദായി, മരണസമയത്തും കമലയെ ഓര്‍ത്ത്, ബുദ്ധ മാര്‍ഗത്തിന്റെ മഹാസത്യമറിഞ്ഞല്ല ജ്ഞാനിയായതുകൊണ്ടല്ല വിഹാരത്തില്‍ തുടര്‍ന്നതെന്ന് സാക്ഷ്യപ്പെടുത്തിയ കാളുദായിനോവലിലെ സൂചനകളെല്ലാം ഗൗരവമുള്ളത് തന്നെയാണ്.
നോവലിലെ പല മൗനങ്ങള്‍ക്കുമുള്ള ഉത്തരം തിരയേണ്ടത് കമലയുടെ സംഭാഷണങ്ങളിലാണ്.കാളുദായിയുമായി കമല നടത്തുന്ന ദീര്‍ഘ സംഭാഷണത്തില്‍ മഹാപരിത്യാഗത്തെ കമല വിചാരണ ചെയ്യുന്നുണ്ട്. ചരിതപ്രസിദ്ധമായ പരിത്യാഗ കഥയെ അവള്‍ ആദ്യമേ തള്ളിക്കളയുന്നു.ഗോപയുടെ പ്രസവവുമായി അതിനുള്ള ബന്ധത്തെക്കുറിച്ചും അവള്‍ക്ക് ഊഹങ്ങളുണ്ട്. അവളുടെ വിചാരണയ്ക്ക് മുന്നില്‍ ബുദ്ധ പരിത്യാഗത്തെ മഹത്വപ്പെടുത്താന്‍ ദുര്‍ബലവാദങ്ങള്‍ നിരത്തി കഷ്ടപ്പെട്ടു പോവുന്ന കാളുദായിയുണ്ട് നോവലില്‍. സംഭാഷണത്തിനിടയില്‍ തന്റെ വന്ധ്യമായ ഗര്‍ഭപാത്രത്തെയോര്‍ത്ത് സംഘര്‍ഷ ബാധിതമായ മനസോടെ മൗനിയാവുന്ന കമലയുടെ വിഷാദം ആ കാളുദായിയില്‍ അനപത്യദു:ഖപീഡ ഉണ്ടാക്കിയതേയില്ല.’ രാജകുമാരി പ്രസവിക്കും വരെ അദ്ദേഹം കാത്തിരുന്നു.പിന്നെയാണ് … ‘ എന്ന് ന്യായീകരണം നിരത്തുമ്പോള്‍ അയാള്‍ കമലയെ നോക്കുന്നില്ല. മഹാപരിത്യാഗത്തിന്റെ യഥാര്‍ത്ഥ രഹസ്യമറിയാവുന്ന ഒരാളുടെ ഒളിച്ചുകളിയാണിത്.
‘മകനേ, മകനേ, ‘ എന്നു വിളിച്ച് ശുദ്ധോദനന്‍ മരിച്ചതിനു പിറകേയാണ് നാം മരണശയ്യയിലെ കാളുദായിയെ കാണുന്നത്. ‘ മകനേ,,,, മകനേ എന്നു വിളിച്ച് പൊട്ടിക്കരയാന്‍ അയാള്‍ക്ക് മകനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നാലും അയാള്‍ക്കതിന് കഴിയുമായിരുന്നില്ല’ മഹത്വപ്പെട്ടുപോയതിനെ മഹത്വമായിത്തന്നെ നിലനിര്‍ത്താന്‍ കാളുദായി വിലപിക്കാതിരുന്നേ മതിയാവൂ.വൈശാലിയില്‍ കോകാലികന്‍ കണ്ട രാഹുലനെ ഓര്‍ക്കണം ഇവിടെ .’ ശരണമന്ത്രം മുഴങ്ങുമ്പോള്‍ മരയോടിനു മേലെ നിര്‍ത്താതെ താളമടിക്കുന്ന ഒരു ബാലകന്‍ ‘ അത് രാഹുലനാണ്. നോവലാകെ നോക്കൂ.രണ്ടേ രണ്ടുപേരേയുള്ളൂ താളം പിടിച്ചവര്‍. ഒന്ന് കാളുദായിയാണ്. മറ്റൊരാള്‍ രാഹുലനും.
രാഹുലന്‍ എന്നവനെ വിളിച്ചത് സിദ്ധാര്‍ത്ഥനാണ്. തടസമുണ്ടാക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍. കപില വസ്തുവിലെ സിദ്ധാര്‍ത്ഥന്റെ ജീവിതത്തിന് തടസമുണ്ടാക്കിയത് രാഹുലനാണ്. വിഷയാസക്തനല്ലെങ്കിലും ലൗകിക ജീവിതത്തിലെ ഇതര സുഖങ്ങളോട് ആസക്തിയുള്ളവനാണ് സിദ്ധാര്‍ത്ഥന്‍. അണിഞ്ഞൊരുങ്ങിയ സിദ്ധാര്‍ത്ഥനെന്ന് ദേവദത്തന്‍ അയാളെ ഓര്‍ക്കുന്നുണ്ട്.
വിഹാരത്തിലെ ഭിക്ഷുക്കള്‍ക്കിടയില്‍ ഛിദ്രമുണ്ടാക്കാന്‍ ഉദ്ദേശിച്ച് ദേവദത്തന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം വിഹാരങ്ങള്‍ ത്യജിച്ച് മരച്ചുവടു തേടാനും പീതാംബരം ത്യജിച്ച് ശ്മശാനത്തില്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ അണിയാനുമാണ്. സന്യാസാവസ്ഥയിലും സൗകര്യങ്ങളിലും സഹായങ്ങളിലും ഉള്ള ആഗ്രഹം അടങ്ങാത്ത ആളായിരുന്നു സിദ്ധാര്‍ത്ഥന്‍. കപിലവസ്തു വിട്ട ബുദ്ധന്‍ രാജധാനികളോടും നഗരങ്ങളോടും ചേര്‍ന്നാണ് വസിച്ചത്. എന്തിനേറെ വൃദ്ധ ബുദ്ധന്‍ മരിച്ചത് ധനാഢ്യനായൊരു ആരാധകന്റെ സത്കാരം സ്വീകരിച്ച് സൂകര മദ്ദവ എന്ന മാംസാഹാരം കഴിച്ച് കുടല്‍ രോഗം മൂര്‍ഛിച്ചാണ്.ലൗകികതയെ ത്യജിക്കാന്‍ കഴിയാത്ത സിദ്ധാര്‍ത്ഥന്‍ ബുദ്ധനില്‍ എപ്പോഴുമുണ്ടായിരുന്നു. പുത്രോല്പാദനശേഷിയില്ലാത്ത സിദ്ധാര്‍ത്ഥന് ഗോപയില്‍ പിറന്നത് തന്റെ മകനല്ലെന്ന് ഉറക്കെ പറയാന്‍ വയ്യ അവന്റെ മുഖം കണ്ടു കൊണ്ട് കപില വസ്തുവില്‍ തുടരാന്‍ വയ്യ. യുവരാജപദവിയില്‍ കഴിയുന്നയാള്‍ക്ക് ഒളിച്ചോടാനോ നാടുവിടാനോ വയ്യ. പരിവേഷം നഷ്ടപ്പെടാനോ പൗരുഷമില്ലായ്മയെ വെളിപ്പെടുത്താനോ സന്നദ്ധനല്ലാത്ത സിദ്ധാര്‍ത്ഥന്റെ ലൗകികജീവിതതടസമായിരുന്നു രാഹുലന്‍ . അയാള്‍ പരിത്യാഗത്തിന്റെ മഹത്വമെടുത്തണിയുക തന്നെ ചെയ്തു.പിന്നെന്തിനാണ് ഗോപയുടെ പ്രസവം വരെ കാത്തു നിന്നത്? കപിലവസ്തുവിലെയോ മഗധയിലെയോ രാജഗേഹങ്ങളിലെ ഈറ്ററകള്‍ പോലും അപകടരഹിതമായിരുന്നില്ലെന്ന് നോവല്‍ തന്നെ പറയുന്നുണ്ട്. മഹാമായാദേവി മരിച്ചതും വ്രജ മരണാസന്നയായി കിടന്നതും ഈറ്ററയിലാണ്.രാഹുലന്‍ ജീവിച്ചില്ലായിരുന്നെങ്കില്‍ സിദ്ധാര്‍ത്ഥന്‍ കപിലവസ്തുവില്‍ തുടര്‍ന്നേനെ. അവനുള്ള കപില വസ്തുവില്‍ തുടരാന്‍ അയാള്‍ക്കാവില്ല. അതയാള്‍ക്ക് അശാന്തിയും ആത്മനിന്ദയുമല്ലാതെ എന്ത് നല്‍കും!
ഏഴ് വര്‍ഷത്തിനു ശേഷം രാഹുലനെ കണ്ടിട്ടും എടുക്കാത്ത, ഉമ്മ വയ്ക്കാത്ത, തലോടാത്ത ബുദ്ധനെ തേലംഗനുമായുള്ള സംഭാഷണത്തില്‍ കമല വിചാരണ ചെയ്യുന്നു. രാജകുമാരി ഗോപപഠിപ്പിച്ചു വിട്ട അച്ഛന്‍ എന്ന വാക്കോളം പരാജയപ്പെട്ട മറ്റൊരു വാക്കും ലോകത്താരും ഇന്നുവരെ ഉച്ചരിച്ചിട്ടില്ലെന്ന് കമല. എപ്പോഴാണ് വാക്ക് പരാജയപ്പെടുക? സംവേദനം സാധ്യമാവാതെ വരുമ്പോഴാണത്. രാഹുലന്റെ വിളിയെ സംവേദനം ചെയ്യാന്‍ അവന്റെ അച്ഛനല്ലാത്ത ബുദ്ധന് സാധിക്കുന്നതെങ്ങനെ? രാജഗൃഹത്തില്‍ നിന്ന് കപില വസ്തുവില്‍ വന്ന ബുദ്ധന്‍ ഒരേയൊരാള്‍ക്ക് മാത്രമാണ് അങ്ങോട്ട് ചെന്ന് ചീവരം നല്‍കിയത്.അത് രാഹുലനാണ്. രാഹുലനോട് പക വീട്ടും പോലൊരു സന്ദര്‍ഭമാണത്.
ബുദ്ധനും രാഹുലനും തമ്മിലുള്ള കണ്ടുമുട്ടല്‍ ഇതുവരെ പരസ്പരം ഒരിക്കലും സംസാരിക്കാത്ത കാര്യം സംബന്ധിച്ച് മറ്റാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത കോഡുഭാഷയില്‍ ഗോപയും ബുദ്ധനും തമ്മില്‍ നടക്കുന്ന സുപ്രധാനമായ ഒരു വ്യവഹാരം കൂടിയാണ്. അവകാശം ചോദിച്ച രാഹുലന് ബുദ്ധന്‍ നല്‍കുന്ന അവകാശം വെള്ളം കമഴ്ത്തിക്കളഞ്ഞ മൊന്തയാണ്.ഗോപ അവനെക്കൊണ്ട് അഭ്യര്‍ത്ഥിപ്പിച്ചത് പൈതൃകമാണ്. ബുദ്ധന്‍ നല്‍കിയ അവകാശമാവട്ടെ മൊന്തയും. അത് ഗര്‍ഭപാത്ര രൂപകമാണ്.അമ്മ മാത്രമാണ് അവന്റെ അവകാശം.രാഹുലന് ചീവരം നല്‍കുമ്പോള്‍ ആരും കേള്‍ക്കാതെ ബുദ്ധന്‍ ഉരുവിട്ടതെന്താവും. കുറച്ചു നാള്‍ മുമ്പേ ചീവരം സ്വീകരിച്ച കാളുദായിയില്‍ നിന്ന് പൈതൃകമായി ചീവരമല്ലാതൊന്നുമില്ല കിട്ടാനെന്ന പരിഹാസം പുരണ്ട ‘ഇതാണ് നിന്റെ അവകാശം’ എന്ന ക്രൂരഫലിതമല്ലാതെ മറ്റെന്താകാനാത്തത്? അവകാശം ചോദിച്ച് ഗോപ രാഹുലനെ ബുദ്ധന് മുന്നിലേക്കയച്ചത് അവള്‍ ബുദ്ധന് നല്‍കുന്ന ഒരവസരം കൂടിയാണ്. ലൗകിക സുഖങ്ങളില്‍ നിന്ന് മുക്തനല്ല ബുദ്ധനെന്ന് മറ്റാരെക്കാളും ഗോപക്കറിയാം. (കമലയ്ക്കുമറിയാം. ബിീബിസാരന് പകരം ഞാന്‍ എന്ന് ബുദ്ധന്‍ വിളിച്ചു പറയാഞ്ഞതെന്തെന്ന് പരിഹസിക്കുന്നുണ്ടവള്‍ ) രാഹുലന്റെ പിതാവായി ഗോപയുടെ പതിയായി കപിലവസ്തുവിലെ സുഖങ്ങളിലേക്ക് തിരികെ വരാന്‍ ബുദ്ധന് ഗോപ വച്ചുനീട്ടുന്ന ഒരവസരമാണത്. അവളും പദവികളോട് ആഭിമുഖ്യമുള്ളവളാണ്. വിവാഹത്തിനു മുന്‍പ് തന്നെ കാണാന്‍ വന്ന കല്യാണിയെ കപിലവസ്തുവിന്റെ ഭാവി മഹാറാണിയെന്ന് ഒന്നിലേറെത്തവണ അവള്‍ വിശേഷിപ്പിക്കുന്നതിന് പിന്നില്‍ ആ മോഹഭംഗത്തിന്റെ സൂചനയുണ്ട്. അവളുടെ ‘ അപഥചാരിത്വ’ത്തെ കണ്ണില്‍ നോക്കി വിമര്‍ശിക്കാന്‍ സിദ്ധാര്‍ത്ഥന് സാധിക്കില്ലെന്ന് അവള്‍ക്കുറപ്പുണ്ട്. വിമര്‍ശിച്ചാല്‍ അവള്‍ക്ക് മറുപടിയുമുണ്ട്. ‘ വരാന്‍ അങ്ങേയ്ക്ക് ബാധ്യതയുമുണ്ട് ‘ എന്നു പറയുന്ന ഗോപ ത്യജിക്കപ്പെട്ട ,ആദര്‍ശ പരിവേഷമുള്ള ഗോപയല്ല. രതിയോ പുത്രോല്പാദനമോ സാധ്യമല്ലാതെ, തന്നെ ദാമ്പത്യത്തില്‍ കുടുക്കി വച്ച പുരുഷനുനേരെ ഉടല്‍ പറയുന്നതിന് ചെവികൊടുത്ത പെണ്ണ് പറഞ്ഞയക്കുന്ന വാക്കാണത്. അവള്‍ക്കയാളോട് നേര്‍ക്കുനേര്‍ നില്‍ക്കാനുള്ള ആര്‍ജ്ജവമുണ്ട്. അവളോട് യാത്ര പറയാനുള്ള ആര്‍ജ്ജവമില്ലാതെ പോയത് സിദ്ധാര്‍ത്ഥനാണ്.
രണ്ടാമത്തെ ചോദ്യം .എന്തിനാണ് കപില വസ്തുവിലെ പുരുഷന്മാര്‍ ബുദ്ധനെ അനുഗമിച്ചത്? ജ്ഞാനം, ഭക്തി, ഉത്സാഹം എന്നിവയാലാണ് ജനങ്ങള്‍ ബുദ്ധനെ അനുഗമിച്ചത് എന്ന് ബുദ്ധമാര്‍ഗത്തെ പറ്റി ഉദ്‌ബോധനം നടത്തുന്നു ആനന്ദന്‍. പക്ഷേ അപ്പോള്‍ ആനന്ദനു മുന്നില്‍ ഉണ്ടായിരുന്നത് എനിക്ക് കപില വസ്തുവില്‍ പോകണം എന്ന് പറഞ്ഞു കൊണ്ടിരുന്ന നന്ദനായിരുന്നു.നന്ദന്‍ ശരണ മന്ത്രമല്ല ജപിച്ചത്.അയാളുടെ ജപമന്ത്രം കല്യാണി എന്നായിരുന്നു. ആനന്ദന്‍ പറഞ്ഞ കാരണം കൊണ്ട് ബുദ്ധനില്‍ തുടര്‍ന്ന ആളല്ല നന്ദന്‍. ഒരു ഭാവിരാജാവിനെ അയാളുടെ രാജ്യത്തു ചെന്ന് കൂടെക്കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വ്വം തന്നോടൊപ്പം നിര്‍ത്താനറിയുന്ന ബുദ്ധന് തന്നെ യുവരാജാവെന്ന് സംബോധന ചെയ്തിരുന്ന സാധാരണ മനുഷ്യരെ കൂടെ കൂട്ടാനോ ബുദ്ധിമുട്ട്!അജാതശത്രുവിന്റെ ആന ബുദ്ധനു മുന്നില്‍ തളര്‍ന്നു നിന്നത് ജ്ഞാനോദയം ഉണ്ടായിട്ടല്ലല്ലോ.
ഷഹരിയാര്‍ രാജാവിനെപ്പോലൊരാളാണ് നോവലിലെ ബുദ്ധന്‍.വഞ്ചകിയായ ഭാര്യയെ വധിച്ച, രാജ്യത്തെ കന്യകമാരെ ഓരോരുത്തരെയും വിവാഹം ചെയ്ത് പിറ്റേന്ന് വധിച്ചു കളയുന്ന വിചിത്ര മനോനില പ്രാപിച്ച ഷഹരിയാറിനെപ്പോലൊരാള്‍. കപിലവസ്തുവിലെ ഒറ്റപെണ്ണിനും അയാള്‍ പുരുഷനെ നല്‍കില്ല.മഗധത്തിലും കാമരഹിതമായ സംയമത്തിന്റെ സിംഹാസനമുറപ്പിക്കാനാണ് ബുദ്ധന്‍ ചെന്നത്. ബിംബിസാരനില്‍ മഗധയുടെ വംശാവലി അവസാനിപ്പിക്കാന്‍.എല്ലാവരും ബ്രഹ്മചാരികളായാല്‍ മനുഷ്യവംശം നിലനില്‍ക്കുന്നതെങ്ങനെ മകനേ.. എന്ന് ശുദ്ധോദനന്‍ വിലപിക്കുന്നു. എല്ലാവരും ബ്രഹ്മചാരികളയാല്‍ ബുദ്ധമാര്‍ഗവും നിലനില്‍ക്കില്ലെന്ന ജ്ഞാനം ബുദ്ധന് ഇല്ലായിരുന്നെന്നോ. പോയ വഴിയിലെല്ലാം വംശത്തുടര്‍ച്ചയില്ലാതാക്കാന്‍ ബുദ്ധന്‍ പുരുഷന്മാരെ കൂടെ കൂട്ടി. കപില വസ്തുവിലേക്ക് ഒളിച്ചോടുന്ന നന്ദനെ പിന്തുടര്‍ന്ന് പിടിച്ച് കൊണ്ടു പോവുന്ന ബുദ്ധന് ഒരു അധോലോക നായകന്റെ ഛായയുണ്ട്. ജ്ഞാനത്താലോ ഭക്തിയാലോ ഉത്സാഹത്താലോ തന്നില്‍ തുടരാന്‍ തല്പരനല്ലാത്ത ഒരനുയായിയെ ബുദ്ധന് എന്തിനാണ് ! വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ശാക്യരുടെ നായകന് അതില്‍ വന്ന കലര്‍പ്പ് സഹിക്കാവുന്നതായിരുന്നില്ല. രാജ്യത്തിന്റെയും വംശത്തിന്റെയും നാശമുറപ്പിക്കും വിധം ബുദ്ധന്‍ നടത്തിയ തന്ത്രപരമായ നീക്കത്തെത്തന്നെയാണോ ബുദ്ധമാര്‍ഗമെന്ന് വിളിക്കേണ്ടത്?. കപില വസ്തുവില്‍ തുടരാനാവാതെ നിരാലംബരായി വിഹാരത്തിനു മുന്നിലെത്തിയ സ്ത്രീകളെ എങ്ങനെ പരിഗണിക്കണമെന്ന് ചോദിച്ച ആനന്ദനോട് ബുദ്ധന്‍ പറഞ്ഞത് ‘അവരെ കണ്ടിട്ടേയില്ലെന്ന മട്ടില്‍ ‘എന്നാണ്. മുഴുവന്‍ സ്ത്രീകളിലേക്കും നീളുന്ന പകയായിരുന്നു ബുദ്ധന്. അപ്പോള്‍ നാന്ദിയിലും ഭരതവാക്യത്തിലും ഗോപയുടെ വിലാപത്തിലെ സൂചനകളോ? മരിച്ചു കിടക്കുന്ന രാഹുലനെപ്പറ്റി ഗോപയുടെ മകന്‍, നമ്മുടെ മകന്‍, നിന്റെ മകന്‍ എന്ന് മാറി മാറിപ്പറയുന്നുണ്ട് ഗോപ.രാഹുലന്‍ എന്ന ഏഴു വയസുകാരന്‍ കുഞ്ഞിന്റെ പിതൃത്വം സ്വീകരിക്കാന്‍ ഔദാര്യം കാട്ടാത്ത ബുദ്ധന്‍ ലോകത്തിന്റെ പിതൃത്വം ഏറ്റെടുത്തതിലെ വൈരുദ്ധ്യം ഗോപ തിരിച്ചറിയുന്നുണ്ട്.
ഭരതവാക്യത്തില്‍ ഗോപ ബുദ്ധനെ സംബോധന ചെയ്യുന്നത് ‘ശൗദ്ധോദനീ ‘ എന്നല്ല, ബോധിസത്വനായ മായാദേവീ പുത്രാ എന്നാണ്.അമ്മവഴിയോര്‍മ്മിപ്പിക്കുന്ന വിളിയാണത്.’ നിന്റെ മകനായിരുന്നു അവന്‍ .നിന്റെ….. ‘ എന്ന അവസാനത്തെ ഉറപ്പിക്കല്‍ ഗോപ ബുദ്ധന് അനുവദിക്കുന്ന ഔദാര്യമാണ്.രാഹുലന്റെ സത്യത്തെ സംഘര്‍ഷ നിമിഷങ്ങളിലെപ്പോഴെങ്കിലും വെളിപ്പെടുത്തിപ്പോയിരുന്നെങ്കില്‍ മഹാപരിത്യാന്മത്തിന്റെ മഹാസങ്കടങ്ങളുണ്ടാക്കിയ അനാസക്തി തന്നെയാണ് ബുദ്ധമാര്‍ഗത്തിന്റെ ഹേതുവെന്ന് വിശ്വസിക്കാന്‍ ഗോപ നമ്മോട് ആവശ്യപ്പെടുന്നു. ബുദ്ധനോടുള്ള ഔദാര്യം. നമുക്കതങ്ങ് വിശ്വസിച്ചേക്കുക .