എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ വധവുമായി ബെന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തപ്പെടുകയാണ്. കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത് എന്നതും പ്രതിഷേധത്തിന് ആക്കംകൂട്ടുന്നു. മലയാളത്തില്‍ നിന്നും കെ ആര്‍ മീര, സാറാജോസഫ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ പി എസ് ശ്രീകല എന്നിവര്‍ തങ്ങളുടെ പ്രതിഷേധം ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പിണറായിയും പേനയും വെടിയുണ്ടയും ഏറ്റുമുട്ടിയാല്‍ വിജയം ആരുടെ പക്ഷത്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നവര്‍ വിഡ്ഢികളാണെന്ന് ശ്രീകലയും കുറിച്ചു. എന്നാല്‍ യഥാര്‍ത്ഥ ഇന്ത്യന്‍ദേശീയതയ്ക്കു വേണ്ടി വാക്കും എഴുത്തും ആയുധമാക്കി അമരയായി മാറിയ ഗൗരിലങ്കേഷിന് അഭിവാദ്യം അര്‍പ്പിക്കുകയാണ് സാറാജോസഫ്.
ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രശസ്തരുടെ പ്രതികരണം
വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കര്‍ണ്ണാടകത്തില്‍ പുരോഗമന മത നിരപേക്ഷ ചിന്തകള്‍ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കലബുര്‍ഗിയെ കൊന്ന രീതിയില്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു. മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുകയും നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു.
#GauriLankesh
യഥാര്‍ത്ഥ ഇന്ത്യന്‍ദേശീയതയ്ക്കു വേണ്ടി വാക്കും എഴുത്തും ആയുധമാക്കി അമരയായി മാറിയ ഗൗരിലങ്കേഷിന് അഭിവാദ്യം ..
തളംകെട്ടിനില്‍ക്കുന്ന രക്തത്തില്‍ നിശ്ചലമായി കിടക്കുന്നത് നിങ്ങളുടെ ശരീരം മാത്രമാണ്. വെടിയുണ്ടയേറ്റ നിങ്ങളുടെ തലച്ചോറും ഹൃദയവും മരിച്ചിട്ടില്ല. അവ ഞങ്ങളില്‍ സജീവമാണ്. നിങ്ങള്‍ തുടര്‍ന്നു വന്ന സമരവുമായി ഞങ്ങള്‍ മുന്നോട്ട്..കല്‍ ബുര്‍ഗിയുടെ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികള്‍ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഗൗരിയുടെ നേര്‍ക്കും സമാനമായ കൊലയാണ് നടന്നിരിക്കുന്നത്.. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ് ഈ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞത്.ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച് കടന്നു പോയി അത് ഇന്ത്യയുടെ ഹൃദയം തകര്‍ത്തിരിയ്ക്കുന്നു. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം അത്യന്തം അപകടത്തിലാണ്.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്. ‘ഭഗവാന്റെ മരണം’ എന്ന കഥ ഡോ. കെ. എസ്. ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു. കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയില്‍ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാന്‍ പറഞ്ഞറിഞ്ഞതു മുതല്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്. ബാംഗ്ലൂര്‍ ഫെസ്റ്റിവലിനു പോയപ്പോള്‍ മറ്റു തിരക്കുകള്‍ മൂലം, അതു സാധിച്ചില്ല. ഇനി സാധിക്കുകയുമില്ല. കാരണം, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു. അമ്പത്തിയഞ്ചാം വയസ്സില്‍.!
എഴുപത്തേഴുകാരനായിരുന്ന ഡോ. കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേ വിധം.
രാത്രി എട്ടുമണിക്ക് ഓഫിസില്‍നിന്നു തിരികെയെത്തി ഗേറ്റു തുറക്കുകയായിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്നു പേര്‍ വെടിവയ്ക്കുകയായിരുന്നു. അവര്‍ ഏഴു റൗണ്ട് വെടിവച്ചു. മൂന്നു വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിന്റെ ശരീരത്തെ തുളച്ചു. ഒന്ന് നെറ്റിയില്‍, ഒന്ന് കഴുത്തില്‍, ഒന്ന് നെഞ്ചില്‍. നാലു വെടിയുണ്ടകള്‍ ലക്ഷ്യം തെറ്റി ഭിത്തിയില്‍ തറച്ചു.
‘ ഈ നാട്ടില്‍ യു.ആര്‍. അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂര്‍ണ ചന്ദ്രതേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹര്‍ലാല്‍നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളവരുമാണ്. പക്ഷേ അതിന്റെ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല, അവര്‍ക്കു വധഭീഷണികള്‍ ലഭിച്ചിരുന്നില്ല ‘ എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല.
‘എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വര്‍ഗീയ വാദിയാകാനല്ല. അതുകൊണ്ട്, വര്‍ഗീയവാദികളെ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു ‘ എന്ന് ഉറക്കെപ്പറയാന്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല. തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ വീണു കിടക്കുന്ന മെലിഞ്ഞ ശരീരം. തുളഞ്ഞു പോയ ഒരു കണ്ഠം, ഹൃദയം, മസ്തിഷ്‌കം. അതുകൊണ്ട്? വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ത്ഥങ്ങളും ഇല്ലാതാകുമോ? കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും. നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്.
പൊതുസ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിത ഇടങ്ങളല്ലെന്നും വീടാണ് സുരക്ഷിതമെന്നും അതുകൊണ്ട് സ്ത്രീകള്‍ വീട്ടിനുള്ളിലിരിക്കണമെന്നും സ്ത്രീ സംരക്ഷണ വാദം. വീട്ടിലേക്കു കടന്നു വന്ന് ഒരു സ്ത്രീയെ വെടിവെച്ചു കൊന്നിരിക്കുന്നു.
ആശയങ്ങളെ നേരിടാന്‍ ശേഷിയില്ല എന്നത് കുറ്റകരമല്ല. എന്നാല്‍ ആശയങ്ങളെ കൊലപ്പെടുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവില്ലായ്മ ശുദ്ധ വിവരക്കേടാണ്. നിരായുധയായ ഒരു സ്ത്രീയെ അവരുടെ വീടിനുള്ളില്‍ കടന്നു കയറി വെടിവെച്ച് കൊല്ലുന്നത് പേനയെ ഭയക്കുന്ന ഭീരുത്വമാണ്.
പേനയും വെടിയുണ്ടയും ഏറ്റുമുട്ടിയാല്‍ വിജയം ആരുടെ പക്ഷത്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നവര്‍ വിഡ്ഢികളാണ്.
ഭീതി പരത്തി നിശബ്ദരാക്കാനാണ് ശ്രമം. ചരിത്രത്തില്‍ അത്തരം ശ്രമങ്ങള്‍ക്ക് പരാജയം മാത്രമാണ് അനുഭവം.
…………………….
കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ. നിലവില്‍ ലങ്കേഷ് പത്രിക മാഗസിന്‍ എഡിറ്ററാണ്.
കേസില്‍ കന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.