ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ അപൂര്‍വ്വം പാതിരിമാരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒരു തലമുറ വിടുതല്‍ പ്രാപിക്കുന്നതിന്റെയും കഥപറയുന്ന ഫ്രാന്‍സിസ് നെറോണയുടെ ഏറ്റവും പുതിയ നോവലാണ്‘അശരണരുടെ സുവിശേഷം‘. അക്ഷരങ്ങളില്‍ അടയാളപ്പെടാന്‍ വിധിയില്ലാതെപോയ അശരണരുടെ പുസ്തകമായിരിക്കുമ്പോള്‍തന്നെ സമാന്തരമായി ഇത് ക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥകൂടിയാണ്. ഫാ. റൈനോള്‍ഡ്‌സും തുറയിലെ അനാഥപ്പിള്ളേര്‍ക്കു വേണ്ടി അദ്ദേഹം നടത്തുന്ന അനാഥാലയവും എങ്ങനെയൊക്കെ അധികാരികളില്‍നിന്ന് തിരസ്‌കരിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ആ നടപ്പിന്റെ കാഠിന്യം മനസ്സിലാവുക. എങ്കിലും അങ്ങനെ നടക്കാന്‍ കരുത്തു കാട്ടിയ ചിലരാണ്, മാളികപ്പുറത്തിരിക്കുന്നവനല്ല അഴുക്കുചാലില്‍ നടക്കുന്നവനാണ് ക്രിസ്തു എന്ന് നമ്മെ എപ്പോഴും ബോധ്യപ്പെടുത്തുന്നത്. അതാണ് ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനവും.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച‘അശരണരുടെ സുവിശേഷം പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പു നല്കുകയും ചെയ്യുന്നു. മാത്രമല്ല, കാലം, ദേശം, നാട്ടുഭാഷ, ആചാരങ്ങള്‍ തുടങ്ങി അക്കാലഘട്ടത്തിന്റെ ചരിത്രം മുഴവുവന്‍ ഈ നോവലിലൂടെ ഉയിത്തെഴുന്നേക്കുന്നുണ്ട്. നമ്മുടെ ശുഷ്‌കമായിരിക്കുന്ന തീരദേശസാഹിത്യത്തിനു ഒരു മുതല്‍ക്കൂട്ട് എന്ന് ഒറ്റവാക്കില്‍ ഈ നോവലിനെ വിശേഷിപ്പിക്കാം എന്ന് അവതാരികയില്‍ ബെന്യാമിന്‍.അഭിപ്രായപ്പെടുന്നതും അതുകൊണ്ടുകൂടിയാണ്.
ഈ നോവല്‍ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് തീയതികളിലൂടെയല്ല, മറ്റ് ചില ചരിത്രസൂചനകളിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ ചവിട്ടുനാടകവും കാറല്‍മാനും ഉണ്ട്. ഉമ്മന്‍ ഫീലിപ്പോസിന്റെ കേളീസല്ലാപം ഉണ്ട്. റമ്പാന്‍പാട്ടും പൗരസമത്വവാദ പ്രക്ഷോഭവും ഇ.ജെ. ജോണും ഉണ്ട്. ചാവറ അച്ചനും അദ്ദേഹത്തിന്റെ പ്രസും ഉണ്ട്. പൊള്ളോത്തെ കടപ്പുറവും മീന്‍പിടിത്തക്കാരോട് സുറിയാനി ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന അയിത്തവും ഉണ്ട്. എന്നാല്‍ കഥയുടെ അരുകു ചേര്‍ന്ന് ഒഴുകുന്ന ചരിത്രം ഒരു പൊങ്ങുതടിപോലെ നോവലിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടന്ന് അതിന്റെ കാഴ്ചയെയും ഒഴുക്കിനെയും തടസ്സപ്പെടുത്തുന്നുമില്ല. അങ്ങനെ നോവല്‍ അതിന്റെ പ്രാദേശിക സ്വത്വത്തില്‍ ഉറച്ചു നില്ക്കുമ്പോള്‍തന്നെ അത് സാര്‍വ്വദേശീയ തലത്തിലേക്ക് ഉയരുന്നു. ഒരു കടപ്പുറത്തിന്റെ കഥ പറയുന്നതിലൂടെ അത് എല്ലാ കടപ്പുറങ്ങളുടെയും കഥയായി മാറുന്നു. ഈ സാഹിത്യസാഹചര്യത്തെയാണ് മാര്‍കേസ് പണ്ട് ‘കോസ്റ്റും ബ്രിസ്‌മോ’ എന്ന് വിശേഷിപ്പിച്ചത്. അങ്ങനെ ഒരു കരവിരുത് ഫ്രാന്‍സിസ് നെറോണ ഈ നോവലില്‍ പ്രകടമാക്കുന്നുണ്ട്. എന്നും ബെന്യാമിന്‍ പറയുന്നു.