കവിയും ഡോക്യുമെന്ററി സംവിധായകനുമായ എം സെ് ബനേഷിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ കവിതാ സമാഹാരമാണ് നല്ലയിനം പുലയ അച്ചാറുകള്‍. അണ്ണാറക്കണ്ണോത്സവം, മൃത്യോര്‍മാ പ്രണയം ഗമയ, ഉമിനീര്‍ത്തെയ്യം, മൈക്ക് ടെസ്റ്റിങ്, ആണ്‍ഗംഗ, പാവക്കൂത്ത് തുടങ്ങി മുപ്പതില്‍പ്പരം കവിതകളുടെ സമാഹാരമാണ് നല്ലയിനം പുലയ അച്ചാറുകള്‍. മനുഷ്യാവകാശങ്ങള്‍, മതം, ഫാസിസം, രാഷ്ട്രീയം, പ്രണയം, രതി, കരയിക്കുന്ന ചിരി എന്നിവയിലൂടെയെല്ലാം നിത്യജീവിതത്തെ കവിതകൊണ്ടുമാത്രം അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങളാണ് ഇതിലെ ഓരോ കവിതയും എന്ന് ബനേഷ് തന്നെ ആമുഖത്തില്‍ പറയുന്നു.
കൂടാതെ വിദ്യാര്‍ത്ഥി ചാറ്റര്‍ജി, കെ ഇ എന്‍, അജയ് പി മങ്ങാട്ട് തുടങ്ങിയവര്‍ എഴുതിയ പഠനവും, എം എസ് ബനേഷുമായി സന്ദീപ് സലിം നടത്തിയ അഭിമുഖവും അനുബന്ധമായി നല്‍കിയിട്ടുള്ള. പുതിയകാലത്തിന്റെ കവിതകളെ മനസ്സിലാക്കുവാന്‍ ഈ പഠനങ്ങള്‍ ഏറെ സഹായകമാണ്.
കവിതകള്‍ക്ക് എം എ്‌സ് ബനേഷ് എഴുതിയ ആമുഖം;
‘നെഞ്ചുംവിരിച്ച് തലകുനിക്കു’കയും ‘കാത്തുശിക്ഷിക്കണേ’ എന്ന് വിപരീതപ്രാര്‍ത്ഥന നടത്തുകയും ചെയ്തശേഷമുള്ള എന്റെ മൂന്നാമത്തെ കവിതാസമാഹാരമാണ് നല്ലയിനം പുലയ അച്ചാറുകള്‍. ഈ സമാഹാരവും മനുഷ്യാവകാശങ്ങള്‍, മതം, ഫാസിസം, രാഷ്ട്രീയം, പ്രണയം, രതി, കരയിക്കുന്ന ചിരി എന്നിവയിലൂടെയെല്ലാം നിത്യജീവിതത്തെ കവിതകൊണ്ടുമാത്രം അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങളാണ്. യാത്രകളും അലച്ചിലുകളും നല്‍കിയവയാവാം ഇവയില്‍ പല കവിതകളും.
2008-ല്‍ ഗുജറാത്തിലൂടെ ഒറ്റയ്ക്ക് നടത്തിയ യാത്രയില്‍ സാക്ഷിയാകേണ്ടിവന്ന ഒരു ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്നാണ് അഹമ്മദാബാദ് ബാര്‍ എന്ന കവിത ഉണ്ടാകുന്നത്. മദ്യനിരോധനമുള്ള അഹമ്മദാബാദില്‍ നഗരത്തിലെ എസ്.വി. കോമേഴ്‌സ് കോളേജിനോട് ചേര്‍ന്ന തെരുവുകളിലൊന്നിലൂടെ നടന്നുപോവുകയായിരുന്ന ഒരു ചെറുപ്പക്കാരനെ ഒരു സംഘമാളുകള്‍ തല്ലിവീഴ്ത്തുന്നതും അയാളുടെ വായിലേക്ക് തുറന്ന മദ്യക്കുപ്പി തിരുകിക്കയറ്റുന്നതുമായിരുന്നു കാഴ്ച. പ്രഹരിച്ചുകയറ്റിയ മദ്യത്തിന്റെ തിക്തലഹരിയില്‍ മുട്ടുകുത്തി നിന്ന് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചശേഷം അയാള്‍ നിലത്തുവീണു. ആ കാഴ്ച ഗുജറാത്തില്‍ നിന്നുള്ള മറ്റു പല അനുഭവങ്ങള്‍ക്കൊപ്പം എന്നില്‍ നിന്ന് പില്‍ക്കാലത്ത് പതുക്കെ ഇല്ലാതായി. പിന്നീട് 2013-ല്‍ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാവാം ഈ കവിതയിലേക്ക് എന്നെ കിടുക്കിയത്. ‘സര്‍വ്വേശ്വരന്‍ നല്കിയ ബുദ്ധിശക്തിയും എന്റെ അനുഭവപരിചയവും ആ സാഹചര്യത്തില്‍ ലഭ്യമായ വിവരങ്ങളും വെച്ച്’ 2002-ല്‍ കലാപകാലത്ത് താന്‍ ചെയ്തത് ശരിയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം, ഇതുകൂടി ഒരുതരം രൂപകഭാഷയില്‍ പറഞ്ഞു: ‘നാം കാറോടിക്കുമ്പോള്‍, നാമാണ് ഡ്രൈവര്‍. മറ്റാരെങ്കിലും കാറോടിക്കുകയും നാം അതിന്റെ പിന്‍സീറ്റിലിരിക്കുകയും ചെയ്യുമ്പോള്‍ ഒരു പട്ടിക്കുട്ടി അതിനടിയില്‍പ്പെട്ടാല്‍ നമുക്ക് സങ്കടമുണ്ടാവില്ലേ.’ ഈ വരികള്‍ വായിച്ചതോടെ, അടിയേറ്റ് ചോരയൊലിച്ചു കിടന്നിരുന്ന ഒരാളും അയാളുടെ വായിലേക്ക് തള്ളിവച്ചുകൊടുത്ത മദ്യക്കുപ്പിയും ആരവങ്ങളോടെ ആര്‍ത്തുവിളിച്ചുപോയ ഒരാള്‍ക്കൂട്ടവും എന്നിലേക്ക് കവിതയ്ക്കു മാത്രം സാധ്യമാവുന്ന മിന്നലോര്‍മ്മയായി തിരിച്ചെത്തി. ഗുജറാത്തില്‍ ചെയ്തത് പൂര്‍ണ്ണമായും ശരിയാണെന്ന വാക്കുകള്‍, എന്റെയുംകൂടി വായിലേക്ക് എല്ലാം ഓര്‍മ്മിപ്പിക്കുന്നതരം ലഹരിയുടെ ഒരു വിഷം കമിഴ്ത്തുകയായിരുന്നു. പിന്‍സീറ്റില്‍ ചാഞ്ഞുകിടന്ന് പായുമ്പോള്‍, രഥചക്രങ്ങള്‍ കൃത്യമായും ബോധപൂര്‍വ്വം ചതച്ചരയ്ക്കുന്നത് മനുഷ്യരെയുമാവാം എന്ന കിടുങ്ങലോടെയാണ് അഹമ്മദാബാദ് ബാര്‍ എഴുതിയത്. ഈ കവിതയിലേക്ക് എന്നെ എടുത്തെറിഞ്ഞത് രാഷ്ട്രീയ നൈതികതാബോധമാണെങ്കില്‍ അതുതന്നെയാവാം ഈ സമാഹാരത്തിലെ അച്ചോടാ, ഉമിനീര്‍ത്തെയ്യം, സ്‌മൈലി, തൊഴുകൈത്തോക്ക്, ഫ്രീക്ക്വന്‍ഡ്‌ലി ആസ്‌ക്ഡ് തുടങ്ങിയ കവിതകളിലും വ്യത്യസ്ത അനുഭവ സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നു തോന്നുന്നു.
തൊഴുതുകൊല്ലലിന്റെ, നമിച്ചുകൊല്ലലിന്റെ, രാഷ്ട്രീയ ബലിത്തറയില്‍ നമിക്കപ്പെടുകയാണെന്ന ആനന്ദലഹരിയില്‍ കണ്ണടച്ചുനില്‍ക്കുന്ന നമ്മുടെ നില്പിനും കാഞ്ചിയുടെ വലിയലിനും ഇടയിലുള്ള നിമിഷങ്ങളാവാം ഈ സമാഹാരത്തിലെ കവിതകള്‍.ബീഫ് എന്നത് സവിശേഷ രാഷ്ട്രീയ അര്‍ത്ഥമുള്ള പദമായി 2015-ല്‍ കൊണ്ടാടപ്പെടുന്നതിനു മുമ്പാണ് ഉമിനീര്‍ത്തെയ്യം എന്ന കവിത എഴുതുന്നത്. മാംസാഹാരം കഴിക്കുന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ ചുണ്ടുകള്‍ക്ക് ചുംബന അയിത്തം കല്പിക്കുന്ന സന്ദര്‍ഭത്തില്‍ നിന്ന് ഉമിനീരിന്റെ അരുവിപ്പുറത്ത് പുതുതായി പ്രതിഷ്ഠിക്കേണ്ട ബോധ്യങ്ങളെക്കുറിച്ചാവാം ഈ കവിത. ഈ നവകാല അയിത്തത്തിന്റെ ദളിത് രാഷ്ട്രീയാവബോധം മറ്റൊരുതരത്തില്‍ എന്നിലേക്ക് എറിച്ചെത്തിയതാണ് ‘നല്ലയിനം പുലയ അച്ചാറുകള്‍’. തീര്‍ച്ചയായും മുത്തങ്ങ സമരം കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍, പോലീസിന്റെ അടിയേറ്റ് ചീര്‍ത്ത സി.കെ. ജാനുവിന്റെ മുഖം ഈ കവിതയിലെ, തടവറയില്‍ നിന്ന് ഇറങ്ങി ആദ്യം കണ്ട ഹോട്ടലില്‍ നിന്ന് അച്ചാറുകൂട്ടി ഊണുകഴിക്കുന്നയാള്‍ക്കുണ്ട്. 2013 ജനുവരിയില്‍ ഈ കവിത മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന നാള്‍ മുതല്‍ കേരളത്തിലുടനീളം തന്റെ പ്രസംഗവേദികളില്‍ ജാതിക്കോയ്മകള്‍ക്കെതിരെ ഈ കവിതയിലെ വരികള്‍ ഉദ്ധരിക്കുന്ന കെ.ഇ.എന്നിനെ ഓര്‍ക്കുന്നു. അത് ഈ കവിതയുടെ പലതലങ്ങളിലുള്ള വായനാസാധ്യതകളില്‍ ഏറ്റവും ഉപരിതലത്തിലുള്ള ഒരു ള്ളുപ്പസൂചകമായേക്കാം ചിലര്‍ക്ക്. പക്ഷേ, പിന്നീട്, കേരളീയ അഭിനയകല എന്ന കവിതയില്‍ ‘വേണുവോ ജാനുവോ ഗ്രിഗര്‍സാംസകളായെങ്കില്‍ വിഷമം എന്തിന് ചരിത്രമേ’ എന്നെഴുതേണ്ടിവരുന്നിടത്ത് ആ അവബോധം കക്ഷി രാഷ്ട്രീയക്കൈനീട്ടങ്ങള്‍ക്കായി പരക്കംപായുന്ന ഗതികേടിന്റെ ചരിത്രസന്ധിയില്‍ എത്തിപ്പെടുന്നതിന്റെ ഗാഢമായ നിരാശകളുണ്ടാവാം.
അശ്വമേധാനന്തരം, അണ്ണാറക്കണ്ണോത്സവം, നരച്ചില്ലകളില്‍, പരിച്ഛേദം, മെല്ലെക്കൊല്ലി എന്നീ കവിതകളെല്ലാം രണ്ടായിരത്തിന് ശേഷം കേരളത്തിന്റെ പ്രകൃതിപരിസരങ്ങളെക്കുറിച്ച് എന്നില്‍ തുടരുന്ന ഉത്കണ്ഠകളെ പ്രണയ-ദാമ്പത്യ-രതി-രാഷ്ട്രീയ-വൈചാരികതകളോട് ചേര്‍ത്ത് പിടിച്ചുനിര്‍ത്തിക്കൊണ്ട് രൂപപ്പെട്ടവയാണെന്ന് തോന്നുന്നു. അണ്ണാറക്കണ്ണോത്സവം ഭൂമിയിലെ ഏറ്റവും വലുപ്പം കുറഞ്ഞ എല്ലാത്തരം പ്രാണിസഞ്ചയങ്ങളുടെയും പ്രതിനിധിയായ ഒരു നിസ്വജീവിയുടെ കാര്‍ണിവല്‍ എന്ന അര്‍ത്ഥത്തില്‍ ഇക്കാലത്തെ അതിക്രൂരമായ പരിസ്ഥിതിധ്വംസനങ്ങള്‍ക്കെതിരെയുള്ള ഒരു ചെറുസംഘംചേരലിന്റെ ഉള്‍ഭയത്തോടെയുള്ള ആനന്ദം ഉള്‍ക്കൊള്ളുന്ന ശീര്‍ഷകമാണെന്നും തോന്നുന്നു.
ഈ പാരിസ്ഥിതികവും ജാതീയവുമായ പല തരം കുടിയൊഴിപ്പിക്കലുകള്‍ക്ക് ഇരയായവരുടെ ജനകീയപ്രക്ഷോഭങ്ങളെ ജൈവമായ രതിയുടെയും പ്രണയത്തിന്റെയും നവമാധ്യമ പശ്ചാത്തലത്തില്‍ ഫോണ്‍ സെക്‌സ് എന്ന പേരില്‍ ദുരോമനപ്പേരിട്ട് വിളിക്കപ്പെടുന്ന സംഭാഷണത്തിലൂടെ ആവിഷ്‌കരിക്കാനുള്ള ശ്രമമാവാം ‘മല്ലു ഗേള്‍ ഹോട്ട് മൊബൈല്‍ കോള്‍’. ഒരു പക്ഷേ മലയാളത്തിലെ ഈയൊരു ശില്പപരതയിലുള്ള ആദ്യകവിത.
ലിംഗനീതിയെക്കുറിച്ചുള്ള നമ്മുടെ ബോധ്യം സ്വവര്‍ഗ്ഗാനുരാഗം, സ്വവര്‍ഗ്ഗരതി, ഉഭയലിംഗജീവിതം തുടങ്ങിയ മനുഷ്യാവസ്ഥകളെ അത്രമേല്‍ സ്വാഭാവികമായി സമീപിക്കാന്‍ ഇപ്പോഴെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. സാധ്യമാവുന്ന എല്ലാത്തരം ലിംഗനീതിയും വിശാലാര്‍ത്ഥത്തിലുള്ള മാനവികതയുടെ നീതിയായാണ് ഞാന്‍ കരുതുന്നത്. ആ അര്‍ത്ഥത്തില്‍ എന്നിലുള്ള സഹജസ്‌നേഹമാവാം സ്വവര്‍ഗ്ഗാനുരാഗത്തിന്റെ ആത്മഗന്ധമുള്ള ആണ്‍ഗംഗ എന്ന കവിത ഭാവനയില്‍ നിന്ന് ആവിഷ്‌കരിക്കാന്‍ പ്രേരകമായത്. ഇത്രമേല്‍ വെളിച്ചത്തില്‍ മലയാള കവിത സ്വവര്‍ഗ്ഗാനുരാഗത്തെ ഇതിനുമുമ്പ് പ്രകാശിപ്പിച്ചിട്ടുണ്ടോ എന്ന് വായനക്കാര്‍ക്കൊപ്പം നിന്നുകൊണ്ട് ഞാന്‍ ആലോചിക്കുകയും സംശയാലുക്കളായ മറ്റ് ചില വായനക്കാരെപ്പോലെ അത്തരത്തിലുള്ള കവിതകള്‍ മുമ്പുണ്ടായിട്ടുണ്ടോ എന്ന് അലമാരയുടെ ഏറ്റവും മുകള്‍ത്തട്ടിലേക്ക് എത്തിവലിഞ്ഞ് നോക്കുകയും ചെയ്യുന്നു.
രാഷ്ട്രീയത്തിലെയും മതത്തിലെയും വ്യക്തിജീവിതത്തിലെയും ആള്‍ക്കൂട്ട ഫാസിസത്തിനും പ്രതികാരക്കൊലയ്ക്കുമെതിരെയാവാം മൈക്ക് ടെസ്റ്റിംഗ്, ഒളിവിലെ തെളിവുകള്‍ എന്നീ കവിതകള്‍. നിതാന്തജാഗ്രതയും മനപ്പൂര്‍വ്വമുള്ള തരം നിശ്ശബ്ദതയും ഏറ്റുമുട്ടുന്ന കാലത്തുനിന്നുള്ളവയാണ് ഈ കവിതകള്‍ എന്ന് ഞാന്‍ കരുതുന്നു. സ്വാഭാവികമായും ഈ സംഘര്‍ഷമുദ്രകള്‍ക്ക് അയവുവരുത്തുന്നവയാണ് സ്‌നേഹമെന്നോ പ്രണയമെന്നോ, ദാമ്പത്യാവബോധമെന്നോ, സഹജീവിതമെന്നോ പേരിട്ട് വിളിക്കാനാവാത്ത തരം ആത്മഗഹനതകളിലൂടെ കടന്നുപോകുന്ന മൃത്യോര്‍മാ പ്രണയം ഗമയ, നരച്ചില്ലകളില്‍, മുണ്ഡനോപനിഷത്, കുടമഴയില്‍ തുടങ്ങിയ കവിതകള്‍. എന്റെ എല്ലാ കാവ്യസമാഹാരങ്ങളിലെയുംപോലെ ശൈലികളില്‍ ഒതുങ്ങായ്കകൊണ്ടും ഛന്ദസ്സുകളുടെയും കര്‍ശനഗദ്യങ്ങളുടെയും നരകസ്വര്‍ഗ്ഗങ്ങളില്‍ കേറിയിറങ്ങുന്നതുകൊണ്ടും ഈ കവിതകള്‍ ബലപ്പെടുമെന്ന് വിശ്വസിക്കുന്നു.
ഈ സമാഹാരം, എന്റെ ചില കവിതകള്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്ത കജൂരു സതീഷിനും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ബിനു കരുണാകരനും എന്നെ കവിതയിലേക്ക് സദാ സജ്ജനാക്കുന്ന സജയ് കെ.വി, കെ.ജി അനില്‍, പി.ജി. ലത എന്നിവര്‍ക്കും എന്റെ കവിതകളെ കൊല്‍ക്കത്തയിലിരുന്ന് വിഷാമൃത ലഹരിയില്‍ കുടിക്കുന്ന ജോഷി ജോസഫിനും കവിതയിലെ രാഷ്ട്രീയമുഴക്കങ്ങള്‍ തിരിച്ചറിയുന്ന നടന്‍ ഇര്‍ഷാദിനും സമര്‍പ്പിക്കുന്നു. രണ്ടാമത്തെ സമാഹാരമായ കാത്തുശിക്ഷിക്കണേയ്ക്ക് ശേഷം ഇക്കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ആകെ 32 കവിതകള്‍. എഴുത്തിലെ എന്റെ കര്‍ശനമായ പിശുക്കിനെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് ഈ പുസ്തകവും പ്രിയപ്പെടുമെന്ന് വിശ്വസിക്കുന്നു.