വാസ്‌കോഡി ഗാമ എന്ന കഥാസമാഹാരത്തിനു ശേഷം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ മൂന്നാമത്തെ കൃതിയാണ് ഭൂതത്താന്‍ കുന്ന് എന്ന നോവല്‍. പ്രമേയംകൊണ്ട് ഇതൊരു ചരിത്രനോവലല്ലെങ്കിലും ഇടയ്ക്കിടെ ചരിത്രത്തിലെ ചില കഥാപാത്രങ്ങള്‍ ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ദിരാഗാന്ധി, ജോണ്‍ കെന്നഡി, കാര്‍ട്ടൂണിസ്റ്റ് അരവിന്ദന്‍, എം മുകുന്ദന്‍ തുടങ്ങിയവരും ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വായനക്കാരന് ഒരു പ്രത്യകേ വായനാനുഭവം തരുന്ന..ഈ നോവലിന് അവതാരിക എഴുതിയത് അര്‍ഷാദ് ബത്തേരിയാണ്.
‘കുതറിയോടുന്ന ഓര്‍മ്മകള്‍’ .. തമ്പി ആന്റണിയുടെ ഭൂതത്താന്‍ കുന്ന് എന്ന നോവലിന് അര്‍ഷാദ് ബത്തേരി എഴുതിയ അവതാരികയില്‍ നിന്ന്;—
നോവല്‍ സാഹിത്യം ഭാഷാപരമായും ആഖ്യാനപരമായും പുതുതലം സൃഷ്ടിക്കുന്ന ഈ കാലത്താണ് തമ്പി ആന്റണിയുടെ ഭൂതത്താന്‍ കുന്ന് വായനക്കാരുടെ മുന്നിലേക്കു വരുന്നത്. ചലച്ചിത്ര നിര്‍മ്മാതാവാണ്, നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് തമ്പി ആന്റണി. മാതൃഭൂമി ആഴ്ചപ്പതിപ്പടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇതിനകം തമ്പി ആന്റണിയുടെ കഥകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയുംചെയ്തു. അമേരിക്കന്‍ ജീവിതത്തിന്റെ നമുക്ക് പരിചയമില്ലാത്ത ഇടങ്ങളെ അനായാസം വായിക്കാവുന്ന തരത്തിലും യാതൊരു അനുകരണവുമില്ലാത്ത ശൈലിയുമായതുകൊണ്ടാവണം തമ്പി ആന്റണിയുടെ കഥകള്‍ക്ക് വായനക്കാരുണ്ടായത്.
മാത്രമല്ല ആദ്യകഥാസമാഹാരമായ വാസ്‌കോഡി ഗാമയ്ക്ക് അവതാരിക എഴുതിയത് ഏറെ പ്രശസ്തനായ എഴുത്തുകാരന്‍ ബെന്യാമിന്‍ ആണുതാനും. ആ അവതാരികയില്‍ ബെന്യാമിന്‍ ഇങ്ങനെ എഴുതുന്നു: ‘മെട്രോയില്‍ ഇരുന്നുകൊണ്ട് മെട്രോയെ കാണല്‍, മെട്രോയില്‍ ഇരുന്നുകൊണ്ട് കേരളത്തെ കാണല്‍ എന്നിങ്ങനെ ഇരുധര്‍മ്മങ്ങളാണ് ഈ കഥകള്‍ നിര്‍വഹിക്കുന്നത് എന്ന് ഒറ്റവാക്കില്‍ നിരീക്ഷിക്കാന്‍ സാധിക്കും. അതിവൈകാരികതയിലേക്കു അതിഗൃഹാതുരതയിലേക്കും നീണ്ടുപോകുന്നു എന്നതാണ് പലപ്പോഴും ഇത്തരം കഥകളില്‍ നമ്മള്‍ കാണുന്ന ന്യൂനത. എന്നാല്‍ തമ്പി ആന്റണി അതിനെ തന്റെ നേര്‍ത്ത ഹാസ്യംകൊണ്ട് കൃത്യമായി മറികടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെടിപ്പില്ലാതെ വായിക്കാന്‍ കഴിയുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത് എന്ന് സാക്ഷ്യപ്പെടുത്താന്‍ ഒട്ടും മടിയില്ല.’-ബെന്യാമിന്റെ ഈ വാചകത്തിലെ മൂന്ന് വാക്കുകളെയാണ് ഞാന്‍ തൊടുന്നത്.
1. അതിവൈകാരികത
2. ഗൃഹാതുരത
3. നേര്‍ത്ത ഹാസ്യം.
ഈ നോവലിലും ഈ മൂന്ന് ഘടകവും മിതമായി മാത്രം ഉപയോഗിക്കാനുള്ള ഒരു ശ്രദ്ധ പാലിക്കാന്‍ തമ്പി ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.
ഓര്‍മ്മകള്‍ മനുഷ്യന് അളന്നു തൂക്കാന്‍ കഴിയാത്ത ഒരു ഭാരമാണ്. മെട്രോ ജീവിതത്തിന്റെ വേഗതയില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ പൊതുവേ നാടിനെ കഥയായും കവിതയായും വരച്ചിടാന്‍ ശ്രമിക്കുന്ന നിരവധി എഴുത്തുകാരുണ്ട് പല രാജ്യങ്ങളിലും. അവയില്‍നിന്നും തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? തമ്പി ആന്റണി മെട്രോ ജീവിതത്തിന്റെ എല്ലാ വേഗതയും പുതുമയും ആസ്വദിച്ച് ജീവിക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരു വ്യക്തി കഴിഞ്ഞ കാലത്തിന്റെ ഒരു ഭാഗത്തെ നോവലാക്കുമ്പോള്‍ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ആ കാലത്തെ ജീവിതം എന്നിവയെ അമിതമായ പൊടിപ്പും തൊങ്ങലുംവെച്ച് അലങ്കരിച്ചിട്ടില്ല. ക്യാമ്പസ് ജീവിതത്തിന്റെ ആഘോഷ കാലത്തെക്കുറിച്ച് പറയുമ്പോള്‍തന്നെ ക്യാമ്പസിന് പുറത്തുള്ള ജീവിതം കൂടി നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അകത്തും പുറത്തുമുള്ള ഇരുകാഴ്ചകള്‍ക്കിടയിലൂടെ ഭൂതത്താന്‍ കുന്നിന്റെ അദ്ധ്യായങ്ങള്‍ കടന്നു പോകുന്നു. സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവങ്ങള്‍ ഇഴപിരിഞ്ഞുകിടക്കുന്ന ഒരന്തരീക്ഷം ദേവലോകത്തിനുണ്ട്. നോവലില്‍ ഉടനീളം തമ്പി ആന്റണി പുരട്ടിയ ഹാസ്യത്തിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഒരു സിനിമാക്കഥപോലെ നോവലിലെ പല അദ്ധ്യായങ്ങളും കഥാപാത്രങ്ങളും ദൃശ്യരൂപത്തില്‍ തെളിയുന്നു.
ഭൂതത്താന്‍ കുന്ന് ഓര്‍മ്മയില്‍നിന്നും ചികഞ്ഞെടുത്ത ജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ. ഓര്‍മ്മകളെ അതേപടി പകര്‍ത്തിയാല്‍ ഒരു നല്ല നോവലിനെ സൃഷ്ടിക്കാനാവില്ലായെന്നതാണ് വാസ്തവം. ഇവിടെ തമ്പി ആന്റണി ആ ഒരു രീതിയില്‍നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞുപോയ തന്റെ കാലത്തെ ഓര്‍മ്മകൊണ്ട് പൊതിയുകയും എന്നാല്‍ ഓര്‍മ്മ എഴുത്ത് അല്ലാതെ നോവലിനെ അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്തു. മാത്രമല്ല, ഭൂതത്താന്‍കുന്നിലെ ദേവലോകത്തിനപ്പുറം അതിന്റെ പരിസരപ്രദേശങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും നോവലിസ്റ്റ് സഞ്ചരിക്കുന്നു. ജമാല്‍ മാര്യേജ് ബ്യൂറോ, ബാബു, ചായക്കട, സോമന്‍ പിള്ള അങ്ങനെ നീളുന്നു. അത്തരം കഥാപാത്രങ്ങളും ആ പരിസരവും മുഴച്ച് നില്‍ക്കുന്നുമില്ല.
ഒരു കാലഘട്ടത്തിന്റെ ജീവതമുഹൂര്‍ത്തങ്ങളെ അതേ കാലയളവില്‍ ജീവിച്ച, എന്നാല്‍ അടുത്തറിയുന്ന വ്യക്തികളെ അവരുടെ ഇഷ്ടങ്ങളെ, അനിഷ്ടങ്ങളെ, സ്വപ്നങ്ങളെയെല്ലാം കോര്‍ത്തിണക്കിയുമാണ് ഭൂതത്താന്‍ കുന്ന് എഴുതപ്പെട്ടിരിക്കുന്നത്. നമ്മള്‍ വായിക്കുന്ന മലയാളത്തിലെയും മറ്റു ഭാഷകളിലെയും നോവലുകളെ മുന്‍നിര്‍ത്തി ഒരു കൃതിയെയും നിര്‍വചിക്കാനാവില്ല. തമ്പി ആന്റണിഎന്ന എഴുത്തുകാരന്‍ എഴുതിയ ഭൂതത്താന്‍കുന്ന് എന്നുപറയുന്ന നോവല്‍ നമ്മളെ ഏതു വിധമാണ് സ്പര്‍ശിച്ചതെന്നാണല്ലോ ഓരോ വായനക്കാരനും സ്വയം അന്വേഷിക്കുക. ആ അന്വേഷണത്തില്‍ നമുക്ക് യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യമുണ്ട്. കവിയും കഥയും എഴുതുന്ന തമ്പി ആന്റണി നോവല്‍ എഴുതുന്നു. അപ്പോള്‍ കഥയിലും കവിതയിലും പറയാന്‍ കഴിയാത്ത അല്ലെങ്കില്‍ ഒതുക്കാനാവാത്ത കാര്യങ്ങള്‍ പറയാനാവണം നോവല്‍ എഴുതിയത്. അങ്ങനെ എഴുതിയ ഈ നോവലിന്റെ ആമുഖത്തില്‍ തമ്പി ആന്റണി ഇങ്ങനെ രേഖപ്പെടുത്തുന്നു:
1. വായിക്കുന്നവര്‍ക്ക് ഈ കഥ എങ്ങനെ വേണമെങ്കിലും സങ്കല്പിക്കാനുള്ള പൂര്‍ണ്ണ അവകാശമുണ്ട്. ഇത് ചിലപ്പോള്‍ അവരുടെയോ എന്റെയോ അനുഭവങ്ങളായിട്ട് തോന്നുന്നുവെങ്കില്‍ ഞാന്‍ വിജയിയാണ്. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അനുഭവങ്ങള്‍ തീര്‍ച്ചയായും എഴുതുവാനുള്ള പ്രചോദനംതന്നെയാണ്.
ഈ പറഞ്ഞത് ഏതൊരു എഴുത്തുകാരന്റെയും ആഗ്രഹമാണ്. പ്രതീക്ഷയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആ നോവല്‍ വായനക്കാര്‍ സ്വീകരിക്കുകയും ചെയ്യും. ഈ നോവലിനെക്കുറിച്ച് എഴുത്തുകാരന്‍ വലിയ അവകാശവാദങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. തനിക്കു പറയാനുള്ളത് തന്റെ പരിമിതിയില്‍ നിന്നുകൊണ്ട് തനിക്കറിയാവുന്ന പരിസരത്തെയും നോവലായി മെനഞ്ഞിടുന്നു എന്നു മാത്രമാണ് പറയുന്നത്. ഒപ്പം, ഇതൊരു ചരിത്ര നോവലല്ലായെന്നും തമ്പി ആന്റണി പറയുന്നുണ്ട്. എന്നാലും ചരിത്രത്തിന്റെ താളുകളില്‍ നിലകൊള്ളുന്ന നിരവധി പേര്‍ ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുമുണ്ട്. കേരളത്തിന്റെ മണ്ണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രാജന്റെ മരണവും രാഷ്ട്രീയവും തൊട്ട് ലോകനേതാക്കള്‍വരെ കഥാപാത്രങ്ങളാക്കിക്കൊണ്ട് ചരിത്രത്തെ ഒന്നു തൊടുന്നുണ്ട്. അതൊരു നല്ല കാര്യം തന്നെ. മതത്തിനും ജാതിക്കും അധികാരത്തിനുമപ്പുറം മനുഷ്യജീവിത ത്തില്‍ നന്മയും ഒത്തുചേരലും സഹകരണവും ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് താന്‍ എഴുതുന്ന കാലഘട്ടത്തെ ഇരകളെയും വേട്ടക്കാരെയും നിസ്സഹായരെയും അധികാരസര്‍പ്പങ്ങളെയും പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല എന്നുകൂടി തമ്പി ആന്റണിയിലെ എഴുത്തുകാരന്‍ വെളിവാക്കുന്നു.
ഉള്ളില്‍, മനുഷ്യസ്‌നേഹവും മതേതര ബോധവും ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. തമ്പി ആന്റണിയുടെ അഭിമുഖങ്ങള്‍, കുറിപ്പുകള്‍, ഫേസ്ബുക്ക് കുറിപ്പുകള്‍ തുടങ്ങി കഥയിലും കവിതയിലുമെല്ലാം ഒരു മതേതരവാദിയുടെ ശക്തമായ സാന്നിധ്യമുണ്ട്. അതൊരു നിലപാടാണ്. അത്തരം ചില അടയാളപ്പെടുത്തലുകള്‍ ഈ നോവലിലുമുണ്ട്.
1. ദൈവം സൃഷ്ടിക്കാത്ത മതങ്ങള്‍ക്കുവേണ്ടിയാണ് മനുഷ്യര്‍ യുദ്ധം ചെയ്യുന്നത്. ലോകത്തില്‍ ഒരു യുദ്ധത്തിലും ആരും ജയിച്ച ചരിത്രമില്ല. എന്നിട്ടും മതവും ജാതിയും വര്‍ഗ്ഗവും പടയോട്ടം നടത്തുകയാണ്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നുമാത്രം ആരും ചിന്തിക്കുന്നില്ല.
2. ലോകത്തില്‍ സ്വന്തം വര്‍ഗ്ഗത്തെ കൊല്ലുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. പ്രകൃതിവിരുദ്ധമായി പ്രകൃതിയെ നശിപ്പിക്കുന്നതും മനുഷ്യന്‍ മാത്രമാണ്. ഇതൊക്കെ വിവേകബുദ്ധിയുള്ളതുകൊണ്ടാണോ? അങ്ങനെ ഒന്നില്ലായിരുന്നെങ്കില്‍ നമ്മളും മറ്റു ജീവികളെപ്പോലെ പ്രകൃതിയുടെ ഭാഗമായി മാറുമായിരുന്നു.
ഈ ഒരു കാലത്ത് ഇങ്ങനെ എഴുതാന്‍ ധൈര്യം കാണിക്കുന്നത് വലിയൊരു കാര്യമാണ്. എഴുത്തുകാരന്റെ ഉള്ളിലുള്ളതുതന്നെയാണ് എഴുത്തിലും പ്രകടമാവുക. അത് മറച്ചുവെച്ച് എഴുതുന്നവരുമുണ്ട്. അവരെ കാലം ചോദ്യംചെയ്യുകയും ചെയ്യും.നോവല്‍ ശാഖയുടെ വായനാതരംഗവും പുതുപരീക്ഷണങ്ങളും നടക്കുന്നു, മലയാളിയുടെ വായനയില്‍ നിരവധി മാറ്റങ്ങളും സംഭവിച്ച ഒരു സമയമാണിത്. അത്തരമൊരു കാലത്ത് ഭൂതത്താന്‍കുന്ന് ഏത് തരത്തിലാണ് വായിക്കപ്പെടുക എന്ന് പറയാന്‍ വയ്യ. എന്നാല്‍ വളരെ ലാളിത്യത്തോടെയാര്‍ന്ന ഭാഷയിലും ആഖ്യാനത്തിലും അര്‍ത്ഥത്തിന്റെ നേര്‍ത്ത ചങ്ങലകള്‍ കുരുക്കിവെച്ച് ഓര്‍മ്മകളുടെ ഒരു ദേശത്തെ നോവലാക്കി മനോഹരമായി വളര്‍ത്തിയിട്ടുണ്ട്. ഓര്‍മ്മകളില്‍ ചികയുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ പിന്നിട്ട കാലത്തെ ഓര്‍ത്തെടുക്കാനും ചിലപ്പോള്‍ സ്വയമൊന്നു ചിന്തിക്കാനും ഒപ്പം കൈവിട്ടുപോയ ആ കാലത്തെ വേദനയോടെ ഒന്നുകൂടെ ഉണര്‍ത്താനും വഴിയൊരുക്കുന്നു ഭൂതത്താന്‍കുന്ന്.
ആവിഷ്‌കാരമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. എഴുത്തുകാരന്‍ രൂപപ്പെടുത്തിയെടുക്കുന്ന ആഖ്യാനശൈലി, കഥാപാത്രങ്ങളുടെ രൂപം, ജീവിതം, സാമ്പ്രദായികരീതി ഇതെല്ലാം ആ സ്വാതന്ത്ര്യത്തില്‍പ്പെടുന്നു. തനിക്ക് മുന്‍പോ പിന്‍പോ സംഭവിച്ച എഴുത്തുരീതിയില്‍നിന്നും കുതറിമാറാന്‍ ഈ സ്വാതന്ത്ര്യമാണ് എഴുത്തുകാരന്റെ ധൈര്യം. അത് വായനക്കാര്‍ സ്വീകരിക്കുമോ എന്നുപോലും ആലോചിക്കാതെ തനിക്ക് ഇതാണ്, ഇങ്ങനെയാണ് പറയാനുള്ളതെന്ന് എഴുത്തുകാരന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസവും ധൈര്യവുമാണ് ഭൂതത്താന്‍കുന്നിലൂടെ തമ്പി ആന്റണി നിര്‍വഹിക്കുന്നത്. ആ ആത്മവിശ്വാസവും പേറി വൈവിധ്യങ്ങള്‍ തേടി, കുതറിയോടുന്ന ഓര്‍മ്മകളില്‍നിന്നും വഴിതെറ്റി ആഖ്യാനത്തിന്റെ പുതുരൂപത്തിലേക്ക് കയറിപ്പോകാന്‍ തമ്പി ആന്റണിക്ക് കഴിയട്ടെ.