സര്‍ഗാത്മകമായ പോരാട്ടമാണ് മാര്‍ക്‌സിന്റെ മൂലധനം മുന്നോട്ടുവയ്ക്കുന്നതെന്നും അതിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണെന്നും സിപിഐ-എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ‘ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റ് അല്ല’ എന്നു മാര്‍ക്‌സ് പറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ പേരില്‍ സിദ്ധാന്തത്തെ നിര്‍വചിക്കുന്നതു ശാസ്ത്രീയമാണോ എന്നതു സംവാദവിഷയമാണ്. ഇക്കാര്യം നോം ചോസ്‌കിയും വിശകലനം ചെയ്തിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സംഘടിപ്പിച്ച ‘മൂലധനത്തിന്റെ 150ാം വാര്‍ഷികം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന്റെ കൃതി വായിക്കപ്പെട്ടുകൊണ്ടിരിക്കും. 2008ല്‍ സാമ്പത്തിക കുഴപ്പമുണ്ടായപ്പോള്‍ ലോകം അന്വേഷിച്ചത് പ്രധാനമായും മാര്‍ക്‌സിന്റെ പുസ്തകങ്ങളാണെന്ന് ഓര്‍ക്കേണ്ടിയിരിക്കുന്നു. മാര്‍ക്‌സിയന്‍ ആശയമാണു പിന്തുടരുന്നത് എന്നോര്‍മിക്കാനാണു പാര്‍ട്ടിയുടെ പേരിനൊപ്പം ബ്രാക്കറ്റില്‍ മാര്‍ക്‌സിസ്റ്റ് എന്നു ചേര്‍ക്കുന്നത്. അങ്ങനെയല്ലാത്ത കമ്യൂണിസ്റ്റുകാരും ഇവിടെയുണ്ടെന്നും ബേബി പറഞ്ഞു.
സ്വയംകത്തിയെരിഞ്ഞാണ് അദ്ദേഹം ലോകത്തിന് ഇത് നല്‍കിയത്. പണത്തെക്കുറിച്ച് എഴുതിയ മാര്‍ക്‌സിന്റെ കൈയില്‍ പണമില്ലായിരുന്നു. ദാരിദ്ര്യംകൊണ്ട് സ്വന്തം കുഞ്ഞുങ്ങള്‍ മരിക്കുന്ന സ്ഥിതിപോലുമുണ്ടായെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
ലണ്ടനില്‍ വച്ചാണ് മൂലധനം രചിച്ചതെങ്കിലും ജര്‍മനിയിലാണ് ഒന്നാം വാള്യം പ്രസിദ്ധീകരിച്ചത്. അക്കാലത്ത് റഷ്യന്‍ പതിപ്പിനായിരുന്നു ഏറെ വായനക്കാരുണ്ടായത്. മൂലധനം തൊഴിലാളിവര്‍ഗത്തിന്റെ സമരായുധമാണെന്ന് റഷ്യന്‍ പതിപ്പിന്റെ മുഖവുരയില്‍ മാര്‍ക്‌സും എംഗല്‍സും എഴുതിയിരുന്നു.