എഴുതപ്പെട്ട മനുഷ്യചരിത്രം വര്‍ഗ്ഗ സമരത്തിന്റെ ചരിത്രമാണെന്ന മാര്‍ക്‌സിയന്‍ ചിന്തയെ ചോദ്യംചെയ്തുകൊണ്ട് പ്രകൃതിയുടെ ക്രമത്തെയും ക്രമരാഹിത്യത്തെയും അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിലൂണ്ടായ വളര്‍ച്ച ജനാധിപത്യത്തിന്റേതാണ് എന്ന് സ്ഥാപിക്കുന്ന പ്രബന്ധമാണ് കെ വേണുവിന്റെ പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം. മൂന്നുഭാഗങ്ങളായിതിരിച്ച് എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ വരുന്നാളുകളില്‍ ആഗോളതലത്തില്‍ത്തന്നെ ചര്‍ച്ചചെയ്യപ്പെടുന്ന ദര്‍ശനങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
പുസ്തകത്തിന് കെ വേണു എഴുതിയ ആമുഖം;
അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞുനിന്ന ഒരു ജീവിതത്തില്‍ ആദ്യാവസാനം നിലനിര്‍ത്തിപ്പോന്ന ഒരു ബൗദ്ധികാന്വേഷണത്തിന്റെ പര്യവസാനമാണ് ഈ പുസ്തകം. ആ അന്വേഷണത്തിന്റെ വഴി രൂപപ്പെട്ടുവന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ മാത്രമാണ് ഇവിടെ കുറിക്കുന്നത്.ഈ അന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട
വഴിത്തിരിവ് സംഭവിച്ചത് ഏറെ സങ്കീര്‍ണ്ണവും അതോടൊപ്പം വേദനാജനകവുമായ ഒരു പ്രക്രിയയിലൂടെയാണ്. ജീവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത്, പിഎച്ച്.ഡി.ക്കുവേണ്ടി ഗവേഷണപഠനം ആരംഭിച്ചിരുന്ന കാല ത്താണ് കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിലേക്ക് (മാവോയിസം) എടുത്തുചാടിയത്. ഏതാണ്ട് രണ്ട് ദശകക്കാലം പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടെ ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയ്ക്കാണ് 1989-ലെ ചൈനീസ് വിദ്യാര്‍ത്ഥി കലാപം പുതിയൊരു സന്ദര്‍ഭമൊരുക്കിയത്. സോവിയറ്റ് യൂണിയനും ആ ചേരി സോഷ്യലിസ്റ്റ് രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങളാവുകയും തകര്‍ച്ചയിലേക്കു നീങ്ങുകയും ആയിരുന്നുവെന്ന് ഏറെ മുമ്പുതന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. മാവോയുടെ നിര്യാണശേഷം ചൈനയും മുതലാളിത്ത പാതയിലാണെന്നു മനസ്സിലാക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എങ്കിലും മാവോയുടെ സാംസ്‌കാരിക വിപ്ലവമാര്‍ഗ്ഗത്തിലൂടെ യഥാര്‍ത്ഥ കമ്മ്യൂണിസത്തിലെത്താന്‍ കഴിയുമെന്നുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് പ്രവര്‍ത്തനരംഗത്ത് നിലയുറപ്പിച്ചിരുന്നത്. ചൈനയിലെ മുതലാളിത്തവല്‍ക്കരണപ്രക്രിയയുടെ ഭാഗമായി സ്വാഭാവികമായി ഉയര്‍ന്നുവന്നതാണ് ടിയാനെന്‍മെന്‍ ചതുരകലാപമെന്നും മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ആശയ പരമായ പ്രതിസന്ധിയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഒരു സോഷ്യലിസ്റ്റ് സമൂഹത്തില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനു കീഴില്‍ ജനാധിപത്യവിപ്ലവത്തിന്റെ ആവശ്യകതയും സാദ്ധ്യതയും എന്തായിരിക്കുമെന്ന ചോദ്യം സ്വയം ചോദിക്കാന്‍ ഈ വിദ്യാര്‍ത്ഥി കലാപം നിമിത്തമാവുകയായിരുന്നു. സാംസ്‌കാരികവിപ്ലവം ജനാധിപത്യവത്കരണത്തിനു പകരമാവില്ലെന്ന ധാരണയും ഇത്തരമൊരു ചിന്തയ്ക്ക് കാരണമായിരുന്നു.
റഷ്യന്‍ വിപ്ലവകാലത്തെ മുഴുവന്‍ ലെനിന്‍ കൃതികളും പരിശോധിച്ചു നടത്തിയ പഠനത്തില്‍നിന്ന്, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യ സങ്കല്പത്തെ സൈദ്ധാന്തികമായും സംഘടനാപരമായും ഏകപാര്‍ട്ടി സ്വേച്ഛാധിപത്യമാക്കി മാറ്റിയത് ലെനിനാണെന്ന് തെളിയുകയായിരുന്നു. സോവിയറ്റ് അധികാരവും പാര്‍ട്ടി അധികാരവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ലെനിനിന്റെ ഇരട്ടത്താപ്പ് നിലപാടും വെളിവായി. അന്നത്തെ സാഹചര്യത്തില്‍ ഈ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. സോവിയറ്റ് (ജനകീയ) അധികാരത്തില്‍ ഊന്നുന്ന ലെനിനിന്റെ നിലപാടുകളുടെ തുടര്‍ച്ചയാണ് മാവോയുടെ സാംസ്‌കാരിക വിപ്ലവത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്നതെന്ന സൈദ്ധാന്തികാടിത്തറയാണ് അക്കാലത്തെ ഞങ്ങളുടെ രാഷ്ട്രീയസങ്കല്പത്തിന് പിന്നിലുണ്ടായിരുന്നത്. അത് മൊത്തം തകര്‍ന്നടിയുകയാണുണ്ടായത്. തികച്ചും വേദനാജനക മായ ഒരനുഭവം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും ഒരു ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കാനാവില്ലെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വയം തിരുത്താനാവില്ലെന്നും. അതോടെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നെഴുതിയ ‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം’ (1992) എന്ന പുസ്ത കത്തിന്റെ തലക്കെട്ടുതന്നെ സൂചിപ്പിക്കുന്നതുപോലെ കമ്മ്യൂണിസ്റ്റു സ്വപ്‌നം കൈവിട്ടിരുന്നുമില്ല. നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യവും മത്സരാധിഷ്ഠിത വിപണിയും തമ്മില്‍ ഭേദമാണെന്ന് അംഗീകരിച്ചുകൊണ്ട് തൊഴിലാളിവര്‍ഗ്ഗ ജനാധിപത്യത്തില്‍ ഊന്നുന്ന ഒരു സമൂഹം സാദ്ധ്യമാണെന്ന മോഹചിന്തയാണ് ആ പുസ്തകത്തില്‍ പ്രതിഫലിച്ചത്. കമ്മ്യൂണിസത്തില്‍നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണം ഗൗരവപൂര്‍വ്വം ആരംഭിക്കുന്നത് അതോടുകൂടിയാണ്.
ജനാധിപത്യപരമായ സാമൂഹിക-രാഷ്ട്രീയ സംരംഭങ്ങളില്‍ ഇടപെട്ടുകൊണ്ടും പ്രാദേശിക, ദേശീയ, സാര്‍വ്വദേശീയ സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ടുമാണ് ഈ അന്വേഷണം മുന്നേറിയത്. അവ്യക്തമായ ഒരു ദിശാബോധമല്ലാതെ വ്യക്തമായ ചട്ടക്കൂടൊന്നുമുണ്ടായിരുന്നില്ല. ആനുകാലികങ്ങളില്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്നതിലൂടെ എന്റെ ചിന്തകള്‍ സൂക്ഷ്മമായി പിന്തുടര്‍ന്നിരുന്ന, എന്റെ നിലപാടു കളുമായി പൊതുവില്‍ യോജിച്ചുപോന്നിരുന്ന കവിയും കഥാകൃത്തുമായ കരുണാകരനാണ് എന്റെ ചിന്തകളിലെ ഉള്‍ക്കാഴ്ചകള്‍ നഷ്ടപ്പെടാതെ അവ ക്രോഡീകരിക്കപ്പെടണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയത്. അതിന്റെ ഫലമായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഞങ്ങള്‍ തമ്മിലുള്ള സുദീര്‍ഘ സംഭാഷണം. ആഴ്ചപ്പതിപ്പ് അതില്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ചര്‍ച്ച സൃഷ്ടിച്ച പ്രതികരണങ്ങളുടെ വൈപുല്യം ആ ചിന്തകള്‍ ഒരു പുസ്തകമായി രൂപപ്പെ ടണമെന്ന ആശയത്തിന് പ്രചോദനമേകി. കരുണാകരന്‍തന്നെയാണ് അത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നത്. പക്ഷേ, എന്റെ ഉദാസീനത പിന്നെയും തടസ്സമായിനിന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ രണ്ട് ദശകക്കാലം പ്രവര്‍ത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഉപേക്ഷിച്ച പി.എം. മാനുവല്‍ ഈ പുസ്തകരചന പ്രയോഗത്തില്‍ ആരംഭിക്കാനും മുടങ്ങാതെ തുടരാനും നിരന്തരം പ്രേരണ ചെലുത്തിക്കൊണ്ടിരുന്നതുകൊണ്ടുകൂടിയാണ് ഇപ്പോഴെങ്കിലും ഇത് പൂര്‍ത്തീകരിക്കപ്പെട്ടത്. അവസാനഘട്ടത്തില്‍ ‘സമീക്ഷ’ ദൈ്വവാരികയില്‍ എന്റെ സഹപ്രവര്‍ത്തകനായിരിക്കുകയും പിന്നീട് സിനിമാരംഗത്ത് ശ്രദ്ധേയനാവുകയും ചെയ്ത സംവിധായകനും ഇപ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അദ്ധ്യാപകനുമായ കെ.എം. കമല്‍ ഉന്നയിച്ച ചില അഭിപ്രായങ്ങള്‍ ചിലഭാഗങ്ങള്‍ ജീവസുറ്റതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഈ പുസ്തകരചനയെക്കുറിച്ചറിഞ്ഞ അനവധി സുഹൃത്തുക്കളുടെ പ്രേരണയും പ്രചോദനവും ഈ പുസ്തകത്തോടൊപ്പമുണ്ട്. കരുണാകരനും മാനുവലും കമലും മറ്റനവധി സുഹൃത്തുക്കളും ഈ പുസ്തകരചനയുടെ ഭാഗംതന്നെ ആയതുകൊണ്ട് ആര്‍ക്കും നന്ദി പറയുന്നില്ല.
ഈ പുസ്തകരചന ഒരു ഘട്ടത്തില്‍ എത്തിയപ്പോഴാണ് ഇതില്‍ ഉരുത്തിരിയുന്ന ഒരു സമഗ്രവീക്ഷത്തിന്റെ രൂപം ഏറക്കുറെ വ്യക്തമാവാന്‍ തുടങ്ങുന്നത്. ദര്‍ശനവും ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവുമെല്ലാം പരസ്പരബന്ധിതമായി ഇഴുകിച്ചേരുന്ന ഒരു പ്രക്രിയ സ്വാഭാ വികമായി ഉരുത്തിരിയുകയാണ് ഉണ്ടായത്. വളരെക്കാലമായി എന്റെ ചിന്തകളില്‍ കടന്നുകൂടിയിരുന്ന പല വിഷയങ്ങളും ഉള്‍ക്കാഴ്ചകളും ഈ വീക്ഷണപദ്ധതിയുടെ ഭാഗമായി മാറിയിട്ടുണ്ടെന്ന് അവസാനമാണ് കാണാന്‍ കഴിഞ്ഞത്. അത്തരം ചിന്താശകലങ്ങള്‍ ഇങ്ങനെയൊരു വീക്ഷണത്തിന്റെ ഭാഗമാകുമെന്ന് അവ രൂപംകൊണ്ട സന്ദര്‍ഭ ങ്ങളില്‍ ചിന്തിക്കാനാകുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവയെല്ലാം കൂട്ടിയിണക്കപ്പെടുന്നത് വ്യക്തമായി കാണാനുമാകുന്നുണ്ട്.