സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവയിത്രി വി എം ഗിരിജയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് മൂന്ന് ദീര്‍ഘകവിതകള്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരം പേരുപോലെ തന്നെ ദൈര്‍ഘ്യമേറിയ മൂന്ന് കവിതകളുടെ സമാഹാരമാണ്. ‘ഒരു എത്യോപ്യന്‍- ഇന്ത്യന്‍ നാടോടിക്കഥ’, ‘മൂന്നു സംന്യാസിമാര്‍’, ‘ഉറങ്ങുന്ന സുന്ദരി’ എന്നീ കവിതകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.
ഇതില്‍ ‘ഒരു എത്യോപ്യന്‍- ഇന്ത്യന്‍ നാടോടിക്കഥ’ എന്ന ആദ്യകവിത പുരാവൃത്ത കേന്ദ്രിതമാണ്. ഒരുവള്‍ തന്റെ അമ്മയ്ക്കു സമ്മതമല്ലാത്ത ഒരുവനെ വരിക്കുകയും ആ ദാമ്പത്യത്തില്‍ മക്കളുണ്ടാവുകയും ചെയ്യുന്നു, അവള്‍ക്കു പൂര്‍ണ്ണ സംതൃപ്തിയരുളിയ ദാമ്പത്യം. എങ്കിലും പെറ്റമ്മയോടുള്ള മമതകൊണ്ട്
പിറന്നേടത്തേക്ക് അവള്‍ മക്കളോടുകൂടി ഒരു സന്ദര്‍ശനത്തിനെത്തുന്നു. അയാളെ വരുത്താനുള്ള ഉപായം അവളിലൂടെ അറിഞ്ഞ് അമ്മ അയാളെ വരുത്തി അവളറിയാതെ വധിക്കുന്നു. വഞ്ചിതയായതറിഞ്ഞ് അവള്‍ വ്യഥിതയും ക്രുദ്ധയുമാവുന്നു. അവളുടെ ജ്വലിക്കുന്ന നോട്ടത്തില്‍ അമ്മ ഭസ്മമാകുന്നു. മക്കളെ അവള്‍ അച്ഛന്റെ നാട്ടിലേക്ക് അയയ്ക്കുന്നു–ഈ മണ്ണിലിനി ചവിട്ടരുതെന്ന കണ്ണീര്‍വചനങ്ങളോടെ. വഞ്ചനയാല്‍ വധിക്കപ്പെട്ട കോവലന്റെയും ക്രുദ്ധയായി പുരമെരിച്ച കണ്ണകിയുടെയും കഥപോലൊരു ദുരന്തം. വീരപുരുഷനെന്ന ആദിപ്രരൂപത്തിനുള്ള സര്‍പ്പരൂപം, ജലാശയമെന്ന വിശ്വോദരവാസഗേഹം, നേടുന്ന കാമിനിയെന്ന നിധി, വഞ്ചകിയായ കരാള മാതൃസത്തയുമായുള്ള ഏറ്റുമുട്ടല്‍, വീര പുരുഷന്റെ ദാരുണ ദുരന്തം എന്നിവ എത്യോപ്യന്‍- ഇന്ത്യന്‍ മിത്തിലെ മുഖ്യഘടകമാണ്. ഈ മിത്ത് ഉപയോഗിച്ച് തീര്‍ത്ത കവിതാശില്പം അത്യുഗ്രമെന്നേ പറയാനുള്ളു.
എന്നാല്‍ ‘മൂന്ന് സംന്യാസിമാര്‍’ എന്ന കവിത ദ വൈസ് ഓര്‍ഡ് മാന്‍ എന്ന ആദിപ്രരൂപത്തെയാണ് ഉയര്‍ത്തെഴുന്നേല്പിക്കുന്നത്. ക്രിസ്തുമതത്തിലെ ത്രിത്വം പോലെ മൂന്നുപേരുണ്ടെങ്കിലും ത്രിമൂര്‍ത്തികള്‍പോലെയാണവരുടെ വൈവിധ്യം. കവിതയിലെ മൂന്ന് സംന്യാസിമാര്‍ക്ക് വാക്കുകള്‍ ഭാഷ എന്ന മാനുഷമാഹാസിദ്ധി ഉപയോഗിക്കുന്ന ശീലം ഇല്ല. വാക്കുകല്‍ വിരളമാണ്. അവര്‍ ദ്വീപില്‍ വസിക്കുന്നവരാണ്. ഈ കവിത പരമഗുരു പ്രരൂപത്തിലെ ചൈതന്യധാന വിജയത്തിലൂടെയാണ് മഹത്തായ കവിതയായിത്തീരുന്നത്.
‘ഉറങ്ങുന്ന സുന്ദരി’, റിപ്പ് വാന്‍ വിങ്കിള്‍- ഇവര്‍ പാശ്ചാത്യപുരാവൃത്തങ്ങളിലും ശാപംകിട്ടിയ അഹല്യ, കുബ്ജ, സതി തുടങ്ങിയ പൗരസ്ത്യ പാശ്ചാത്യ പുരാവൃത്തമാതൃകകളിലൊന്നാണ്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്ന പ്രശസ്ത നിരൂപക ഡോ എം ലീലാവതിയാണ്.
ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സറായി ജോലിചെയ്യുന്ന വി എം ഗിരിജയുടെ നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്‌കൃത കോളേജില്‍നിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. ആകാശവാണിയിലും ജോലി ചെയ്തിരുന്നു.