കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയില്‍ മൃഗസംരക്ഷണമേഖലയുടെ പങ്ക് വളരെ വലുതാണ്. മുഖ്യമായ ഒരു വരുമാനമാര്‍ഗ്ഗമായി ഈ മേഖല വളര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ വളരെ ആദായകരമായി മുന്നോട്ടുകൊണ്ടുപോകാവുന്ന സംരംഭമാണ് ആടുവളര്‍ത്തല്‍. സ്വയംതൊഴിലായാലും ഉപതൊഴിലായാലും ശാസ്ത്രീയപരിപാലനരീതികള്‍ അറിഞ്ഞാലേ ആടുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ കഴിയൂ. ഇതിന് കര്‍ഷകരെ പ്രാപ്തരാക്കുന്ന പുസ്തകമാണ് ഡോ. പി വി മോഹനന്റെ ആടുവളര്‍ത്തല്‍- ബോവര്‍, മലബാറി. ബോവര്‍, മലബാറി എന്നീ ആടുകളെയും അവയെ വളര്‍ത്തുന്ന രീതികളെയും കുറിച്ച് വിശദമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ആടുജനുസ്സുകള്‍, കൂടുനിര്‍മ്മാണം, പ്രതുത്പാദനം, പാലുത്പാദനം, വിവിധയിനം തീറ്റപ്പുല്ലുകള്‍, ആടുകളിലെ രോഗങ്ങള്‍, അവയ്ക്കുള്ള പ്രതിവിധികള്‍, ആടുഫാമുകള്‍ ആദായകരമായി നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങി കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടുമിക്ക വിവരങ്ങളും പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വളരെ ലളിതമായിട്ടാണ് പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോട്ട് ബ്രീഡേഴ്‌സ് അസോസിയേഷന്റെ വിവരങ്ങള്‍, മരുന്നുകമ്പനികളുടെ വിലസം, ആടുവളര്‍ത്തലില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിങ്ങനെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാവുന്ന പല വിവരങ്ങളും അനുബന്ധമായും ചേര്‍ത്തിട്ടുണ്ട്.
വെറ്ററിനറി സര്‍ജനും ഫാം ജേണലിസത്തിന് സംസ്ഥാന അവാര്‍ഡും സര്‍ക്കാരിന്റെ കര്‍ഷകമിത്രം പുരസ്‌കാരവും നേടിയിട്ടുള്ള ഡോ. പി.വി. മോഹനന്റെ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എന്‍ എന്‍ ശശിയാണ്.