തിരുവനന്തപുരം: ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അമര്‍ച്ച ചെയ്യാനുള്ള അധികാരമല്ല ‘ജനാധിപത്യ’മെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ‘ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവില്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
മതഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ഫാസിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ ഇടം തകര്‍ക്കുകയാണ്. ജനാധിപത്യം നല്‍കിയ അധികാരമുപയോഗിച്ച് ഭരണഘടനയെ ഫാസിസ്റ്റ് ശക്തികള്‍ നിശ്ശബ്ദരാക്കുകയാണ്. അതിനാലാണ് ഫാസിസത്തെ എതിര്‍ത്ത നിര്‍ഭയ എഴുത്തുകാരി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വെടിയേറ്റ് വീണാലും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റുകള്‍ ഒരു യുദ്ധത്തിലും ജയിച്ചിട്ടില്ല. ഫാസിസത്തിനെതിരെ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള കീഴാള രാഷ്ട്രീയം ഉയര്‍ന്നു വരണമെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. മതാധിപത്യവും ധനാധിപത്യവും എല്ലാം ചേര്‍ന്നതാണ് ഫാസിസം. അന്ധമായ പാരമ്പര്യ ആരാധന, ആധുനികതയുടെ പൂര്‍ണ നിരാസവും ചിന്താശൂന്യമായ പ്രവൃത്തികളും അതിന്റെ മുഖമുദ്രയാണ്. നാനാത്വത്തെ അവര്‍ നിരസിക്കുന്നു, വൈവിധ്യത്തെ ഭയപ്പെടുന്നു. കൂടാതെ, ശത്രുവിന്റെ ശക്തിയെ വര്‍ദ്ധിപ്പിച്ച് കാണിക്കുകയും ന്യൂനപക്ഷങ്ങള്‍ അപകടകാരികളാണെന്ന് പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്നു. മതവംശഭാഷാ വിദ്വേഷം അവരുടെ സൃഷ്ടിയാണെന്നും സച്ചിതാനന്ദന്‍ പറഞ്ഞു. ഇന്ന് രാജ്യം മുഴുവന്‍ ജയിലാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.