പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ പൊതുസ്ഥലത്തു പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ടിഡിപി എംപിയും മുന്‍ മന്ത്രിയുമായ ടി.ജി.വെങ്കിടേഷ്. കാഞ്ച ഐലയ്യയുടെ പുസ്തകമായ ‘വൈശ്യന്‍മാര്‍ സാമൂഹിക കള്ളക്കടത്തുകാര്‍’ സൃഷ്ടിച്ച വിവാദത്തിന്‍റെ തുടര്‍ച്ചയായിരുന്നു മുന്‍ മന്ത്രിയുടെ പരാമര്‍ശം.
വൈശ്യ സമുദായത്തെ ഐലയ്യ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും കാഞ്ച ഐലയ്യയെ പൊതുസ്ഥലത്തു പരസ്യമായി തൂക്കിക്കൊല്ലണമെന്നും ആര്യ വൈശ്യ മഹാസഭ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ വെങ്കിടേഷ് പറഞ്ഞു. എന്നാൽ, തന്നെ വധിക്കണമെന്നു ഭീഷണി മുഴക്കിയ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ഐലയ്യ ആവശ്യപ്പെട്ടു.
നേരത്തെ, സമാജിക സ്മഗ്ലര്‍ലു കൊമടൊളു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്സ്) എന്ന ഐലയ്യയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ തങ്ങളുടെ സമുദായത്തെ അപമാനിക്കുന്നതാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും വൈശ്യ സംഘടന ആവശ്യപ്പെട്ടിരുന്നെങ്കിലും ഐലയ്യ ഇതിനു തയാറായിരുന്നില്ല. ഇതേതുടര്‍ന്ന് അദ്ദേഹത്തിനു നേര്‍ക്കു വധഭീഷണി ഉയര്‍ന്നു. കഴിഞ്ഞ ദിവസം നാവരിയുമെന്ന് അജ്ഞാതര്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി കാട്ടി ഐലയ്യ ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. ആര്യ വൈശ്യ മഹാസഭ പുസ്തകത്തിന്‍റെ പേരിന്‍റെ പേരിലും, ഉളളടക്കത്തിലെ ചില ഭാഗങ്ങളുടെ പേരിലും തന്നെ ഭീഷണിപ്പെടുത്തുന്നതായും സംഘടനയുടെ തലവന്‍ കെ.രാമകൃഷ്ണ തന്‍റെ എഴുത്തുകളെ ചാനല്‍ ചര്‍ച്ചയില്‍ അപലപിച്ചതായും അദ്ദേഹം പരാതിയില്‍ പറയുനുണ്ട്.