വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിജ്ഞാനശാഖകളില്‍ അതീവ സവിശേഷമായ ഒന്നെന്ന നിലയില്‍ സൈബര്‍ ഫൊറന്‍സിക്‌സ് കുറ്റാന്വേഷണത്തിലും വ്യവഹാരങ്ങളിലും കൂടുതല്‍ കൂടുതല്‍ പ്രസക്തവും പ്രയോജനപ്രദവുമായി വരികയാണ്. സൈബര്‍ സാങ്കേതികത്വം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണംമാത്രമല്ല മറ്റു സാധാരണങ്ങളായ കുറ്റകൃത്യനിര്‍ണ്ണയത്തിലും നിയമപാലനത്തിലും ഇന്ന് ഇതൊരു പ്രത്യേകശാസ്ത്രശാഖയായി വരികയാണ്. ഈ ശാസ്ത്രശാഖയെയും അതിന്റെ പ്രധാനപ്രവര്‍ത്തനങ്ങളെയും സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് തയ്യാറാക്കിയ പുസ്തകമാണ് മൊബൈലും ജയിലും- സൈബര്‍ കുറ്റാന്വേഷണത്തിന്റെ വഴികള്‍.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട സൈബര്‍ നിയമങ്ങളും സുരക്ഷയും വിശദമാക്കുന്ന പുസ്തകമാണിത്. എന്താണ് സൈബര്‍ തെളിവുകള്‍, ഇവ ശേഖരിക്കുന്നതെങ്ങിനെ, ഇവയുടെ ശാസ്ത്രീയത എന്ത് എന്നിങ്ങനെയുള്ള അടിസ്ഥാനവിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ ടവറും സിസി ടി വി ദൃശ്യങ്ങളും ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങളല്ലാത്ത കേസുകളിലെ കുറ്റാന്വേഷണത്തിന്റെ വിവരങ്ങള്‍ വരെ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. സമീപകാലത്തെ പ്രമാദമായ പലകേസുകളെയും ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. വാട്ട്‌സാപ്പില്‍ ഒരു ഫോട്ടോ അയക്കുമ്പോള്‍ അല്ലങ്കില്‍ ഫോട്ടോഎഡിറ്റിങ് നടത്തിയ ഒരു ഫോട്ടോ ഔദ്യോഗികമായൊരു അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡു ചെയ്യുമ്പോള്‍ അല്ലങ്കില്‍ സിസി ടി വി ദൃശ്യങ്ങള്‍ നശിപ്പിക്കുമ്പോള്‍ ഒക്കെ അല്പം ശ്രദ്ധിച്ചാല്‍ അറിയാതെ പറ്റുന്നൊരു സൈബര്‍ കുറ്റകൃത്യത്തില്‍ എങ്ങിനെ അകപ്പെടാതിരിക്കാം എന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു. കൂടാതെ നിര്‍ഭാഗ്യവശാല്‍ ഒരു സൈബര്‍ ഇരയായിത്തീര്‍ന്നാല്‍ എങ്ങിനെയൊക്കെ നീതി ലഭ്യമാക്കാം എന്നും മൊബൈലും ജയിലും വിശദമാക്കുന്നു. സര്‍വ്വോപരി വിവിധ കുറ്റകൃത്യങ്ങളുമായി മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സൈബര്‍ വിവരങ്ങള്‍ എങ്ങിനെ തെളിവുകളായേക്കാമെന്നും ആ തെളിവുകള്‍ ശാസ്ത്രീയമായി വിദഗ്ധര്‍ ശേഖരിക്കുന്നതെങ്ങിനെ എന്നും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
വികസ്വരമായൊരു സമൂഹത്തില്‍ സാങ്കേതികവികാസത്തിനൊപ്പം സൈബര്‍ സാങ്കേതികവിദഗ്ധരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും അതിന്റെ ചില മികച്ച വിദേശമാത്കകളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. സൈബര്‍ലോകത്തിനെപ്പറ്റിയും അതിലൊളിഞ്ഞുകിടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയും വ്യക്തമായൊരു ധാരണ നല്‍കുകയും നീതിബോധത്തോടെയും ന്യായയുക്തമായിട്ടും സൈബര്‍ലോകത്തെ നന്മയ്ക്കുവേണ്ടി എങ്ങിനെയൊക്കെ ഉപയോഗിക്കാമെന്നു ചിന്തിപ്പിക്കുകയും ഇന്ത്യന്‍ സൈബര്‍ നിയമങ്ങളൊരുക്കുന്ന സംരക്ഷണയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം സാങ്കേതികതയുടെ അതിപ്രസരങ്ങളില്ലാതെ ലളിതമായ ഭാഷയില്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്.
സ്വതന്ത്രസൈബര്‍ സാങ്കേതിക വിദഗ്ധനായി പ്രവര്‍ത്തിക്കുന്ന ഡോ. പി. വിനോദ് ഭട്ടതിരിപ്പാടാണ് മൊബൈലും ജയിലും-സൈബര്‍ കുറ്റാന്വേഷണത്തിന്റെ വഴികള്‍ എന്ന ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. സോഫ്റ്റ് വെയര്‍ പകര്‍പ്പവകാശകുറ്റാന്വേഷണം എന്ന വിഷയത്തില്‍ ഗവേഷണബിരുദമുള്ള ഇദ്ദേഹം ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിവിധ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും കോടതികളുടെയും പൊലിസിന്റെയും സാങ്കേതികവിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
The post സൈബര്‍ കുറ്റാന്വേഷണത്തിന്റെ വ്യത്യസ്തവഴികളിലൂടെ appeared first on DC Books.