രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രനിയമങ്ങളെക്കുറിച്ചൊക്കെ നന്നായി അറിവുണ്ടായിട്ടും ദുഃഖിതരാണ് മനുഷ്യര്‍. എല്ലാ ഭൗതിക വിജ്ഞാനങ്ങളും വിരല്‍ത്തുമ്പിലെത്തിയിട്ടും ജീവിതത്തിന് ആവശ്യം വേണ്ട നിലവാരത്തിലേക്കുയരാന്‍ നമ്മുക്ക് സാധിക്കുന്നില്ല. മനുഷ്യബന്ധങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്തെ നിയന്ത്രിക്കുന്ന അദ്ധ്യാത്മനിയമങ്ങള്‍ അറിയുമ്പോള്‍ ക്ലേശരഹിതവും ആഗ്ലാതകരവുമായ ഒരു ലോകത്തേക്ക് നമ്മള്‍ ആനയിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും ജീവിതം സ്വയം ക്രമപ്പെടുത്തിയെടുക്കന്‍ സഹായിക്കുന്ന കൃതിയാണ് വിജയം വരിക്കാന്‍ ഏഴ് ഹിന്ദു അദ്ധ്യാത്മനിയമങ്ങള്‍. സ്വാമി ബോധാനന്ദസരസ്വതി രചിച്ച ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് പി എന്‍ സുബ്രഹ്മണ്യനാണ്
പുസ്തകത്തിന്‍പറയുന്ന ഏഴ് ഹിന്ദു അദ്ധ്യാത്മനിയമങ്ങള്‍ പരിചയപ്പെടാം;
ബ്രഹ്മനിയമം
ഓരോ വ്യക്തിയും ഒരു അനന്തസാദ്ധ്യതാക്ഷേത്രമാണ്. ആത്മാവിഷ്‌കാരം തേടുന്ന ക്ഷേത്രം. പരക്ഷേമകാംക്ഷയിലൂടെയും ആഗ്രഹനിവൃത്തിയിലൂടെയും മാത്രം എത്താന്‍ സാദ്ധ്യമാകുന്ന ക്ഷേത്രം.
മായാനിയമം
ബ്രഹ്മാവിഷ്‌കാരത്തിനുള്ള ഉപാധിയാണ് മാറ്റം. പ്രാതിഭാസികലോകം എല്ലായ്‌പ്പോഴും ഒരു പ്രവാഹമാണ്. ഈ തത്ത്വം അംഗീകരിക്കണം.
നൂതന പ്രതികരണങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് മാറ്റത്തെ അഭിമുഖീകരിക്കണം.
ധര്‍മ്മനിയമം
ഓരോ വ്യക്തിയും അനുപമനാണ്. വ്യത്യസ്ത കഴിവുകളും ആവശ്യങ്ങളും വ്യക്തിക്കുണ്ട്. കഴിവുകളെ ആവിഷ്‌കരിക്കുകയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും വേണം — പക്ഷേ, അത് പ്രപഞ്ചധര്‍മ്മത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാകണം.
കര്‍മ്മനിയമം
പ്രാതിഭാസികലോകത്തില്‍ എല്ലാറ്റിനും ഒരു കാരണവും ഒരു പരിണതഫലവുമുണ്ട്. വ്യക്തികള്‍ അവരുടെ അനുനിമിഷ തീരുമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും അവരുടെ വിധിയെ സൃഷ്ടിക്കുന്നു.
യജ്ഞനിയമം
ലോകത്തിന്റെ സ്ഥിതി ത്യാഗം എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. പരസ്പരം പാലിച്ചും പരിപോഷിപ്പിച്ചും അഥവാ കൊടുത്തും എടുത്തുമാണ് ത്യാഗം ജീവിതത്തില്‍ പകര്‍ത്തേണ്ടത്. ത്യാഗത്തിലൂടെ നാം സ്വീകരിക്കുന്നു, വളരുന്നു. ആര്‍ത്തികൊണ്ട് നാം നശിക്കുന്നു.
യോഗനിയമം
നിസ്സംഗത്വമാണ് ആനന്ദത്തിലേക്കുള്ള താക്കോല്‍. ലൗകികപാരസ്പര്യങ്ങളുടെ നടുവില്‍ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നിഷ്പക്ഷമായി കാണുന്നത് നിസ്സംഗത്വമാണ്. ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പോഷിപ്പിച്ചുകൊണ്ട് പരിഹാരം കണ്ടെത്തുന്നതാണ് യോഗം.
ലീലാനിയമം
ജീവിതത്തിലെ വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും നേരിടാന്‍ ഊര്‍ജ്ജസ്വലരും നേട്ടങ്ങളുണ്ടാക്കുന്നവരുമായ വ്യക്തികള്‍ വളരെ കുറച്ച്
ഊര്‍ജ്ജം
മാത്രം വ്യയം ചെയ്യുന്നു. ശാന്തവും ഉല്ലാസഭരിതവുമായ മനസ്സ് ഏറ്റവുമ ധികം സഫലതയും കാര്യസിദ്ധിയും നല്‍കുന്നു. അങ്ങനെ ആത്മാന്വേഷണത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും ആനന്ദാനുഭവം ആസ്വദിക്കുന്നു.
ഏഴായിരം വര്‍ഷത്തെ ഹിന്ദുപാരമ്പര്യവിജ്ഞാനം കാച്ചിക്കുറുക്കിയെടുത്തിട്ടുള്ളതാണ് ഈ ഏഴു നിയമങ്ങള്‍. ഈ നിയമങ്ങള്‍ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തി നമുക്ക് നമ്മുടെ കഴിവുകളെ ഉണര്‍ത്താം, പരമാവധി വിജയം നേടാം.