കേരളത്തിലെ ജൂതന്മാരിലെ സവര്‍ണ്ണാവര്‍ണ്ണഭേദങ്ങള്‍ ബോധ്യപ്പെടുത്തുന്ന നോവലാണ് സേതുവിന്റെ ആലിയ. ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. ഇതൊരു ചരിത്ര ഗ്രന്ഥമല്ലെന്ന് ‘ ആലിയ‘ യുടെ ആമുഖത്തില്‍ സേതു പ്രസ്താവിക്കുന്നുണ്ടെങ്കിലും ചേന്ദമംഗലം ഗ്രാമത്തിലെ യഹൂദരുടെ സാമൂഹിക ജീവിതം വരച്ചു കാട്ടുകയാണിവിടെ. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള ഒരു വാഗ്ദത്ത ഭൂമിയിലേക്ക് പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൗതിക/സാംസ്‌കാരിക/സാമൂഹിക സാഹചര്യങ്ങളെ, അവര്‍ നേരിട്ടതെങ്ങിനെ എന്ന വസ്തുതാപരമായ സാഹചര്യങ്ങളാണ് ആലിയ എന്ന നോവലില്‍ സേതു വിശദീകരിക്കുന്നത്.
കേരളസമൂഹത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുറപ്പിച്ച ജൂതസമൂഹം അതിന്റെ മുദ്രകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായ കഥയാണ് ആലിയയിലൂടെ സേതു പറയുന്നത്. ഇതൊരു ചരിത്രനോവലല്ലെന്നും ചരിത്രവും മിത്തും ഭാവനയുമൊക്കെ ഇഴ ചേര്‍ന്നു കിടക്കുന്ന ഈ കൃതിയിലെ കഥാപാത്രങ്ങള്‍ സാങ്കല്പിക സൃഷ്ടികളാണെന്നും സേതു വ്യക്തമാക്കുന്നു. മൂന്നു തലമുറകളിലൂടെ ജൂതസംസ്‌കാരത്തിന്റെ ഒരു പരിച്ഛേദം വരച്ചുകാട്ടുന്ന ആലിയയിലൂടെ ചരിത്രത്തെ ഭാവന കൊണ്ട് പൂരിപ്പിക്കുകയാണ് അദ്ദേഹം.
കൊച്ചിയിലെ ഒരു പരമ്പരാഗത കച്ചവട കുടുംബത്തിലെ അവസാനത്തെ കണ്ണിയായ ശലമോന്റെയും അവന്റെ പൂര്‍വ്വ പരമ്പരകളുടെയും കഥയാണ് ആലിയയിലൂടെ വികസിക്കുന്നത്. പുണ്യഭൂമിയായ ജെറുശലേമിലേക്ക് മടങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ട് തലമുറകളായി. എസേക്ക് സായ്‌വിന്റെയും ഏശുമ്മയുടെയും അവരുടെ മക്കളായ മെനഹിം, എവറോന്‍, ഏലിയാസ് എന്നിവരുടെയും സ്വപ്നങ്ങളിലുണ്ടായിരുന്ന മടക്കയാത്ര സാധ്യമാകുന്നത് എവറോന്റെ മകനായ ശലമോന്റെ കാലത്താണ്. ആ വിളി കാത്തിരുന്ന കുടുംബങ്ങള്‍ ഓരോന്നായി ഒടുവില്‍ പിതൃഭൂമിയിലേയ്ക്ക് യാത്ര തുടങ്ങി. ഒരുനാള്‍ പോകേണ്ടിവരുമെന്ന് ശലമോനും മനസ്സിലായി. പിറന്ന മണ്ണ് ഉപേക്ഷിച്ച് കേട്ടുകേള്‍വി മാത്രമുള്ള സ്വപ്നദേശത്തേയ്ക്ക് പോകണോ എന്ന ചിന്ത അവനെ മഥിക്കുന്നു.. ഇങ്ങനെപോകുന്നു കഥയുടെ ഇതിവൃത്തം.
ചരിത്രപശ്ചാത്തലത്തില്‍ രചിച്ച മറുപിറവിയ്ക്കു ശേഷം സേതു രചിച്ച ആലിയ ഡി സി സാഹിത്യോത്സവത്തിലെ ആദ്യനോവലുകളില്‍ ഒന്നായാണ് പ്രസിദ്ധീകരിച്ചത്. നോവലിനു വേണ്ടി കവര്‍ ചിത്രം തയ്യാറാക്കിയത് ലോകപ്രശസ്ത ചിത്രകാരനായ ബോസ് കൃഷ്ണമാചാരിയായിരുന്നു. സേതുവിന്റെ മറ്റു നോവലുകളെപ്പോലെ തന്നെ വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച ആലിയ ചുരുങ്ങിയ നാളുകള്‍ കൊണ്ട് വിറ്റഴിഞ്ഞു.