വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറത്തിടുകയാണ് കരിയര്‍ ഗുരുവായ ഡോ ടി പി സേതുമാധവന്‍ പഠനവും തൊഴിലും; വിജയമന്ത്രങ്ങള്‍ എന്ന പുസ്തകത്തിലൂടെ. എങ്ങനെ പഠിക്കണം, വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍, പരീക്ഷകള്‍ക്ക് മികച്ച വിജയം നേടാനുള്ള മാര്‍ഗ്ഗങ്ങള്‍, പുത്തന്‍ ഗവേഷണമേഖലകള്‍, അഖിലേന്ത്യപരീകള്‍, വിവിധ തൊഴില്‍ മേഖലകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരണമാണ് അദ്ദേഹം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ഈ പുസ്തകത്തില്‍ നിന്നൊരു ഭാഗം;
എങ്ങനെ പഠിക്കണം..?
വിദ്യാഭ്യാസമേഖലയില്‍ പഠനം എന്നത് വിദ്യാര്‍ത്ഥി സ്വയം അനുവര്‍ത്തിക്കേണ്ട കര്‍മ്മംതന്നെയാണ്. അദ്ധ്യാപകര്‍, പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍, ഇന്റര്‍നെറ്റ് മുതലായവ ഇവയെ സഹായിക്കുന്ന ഘടകങ്ങള്‍ മാത്രമാണ്. സ്വന്തമായി പഠിക്കണമെന്നുള്ള ആഗ്രഹം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും അദ്ധ്യാപകരും ശ്രമിച്ചു വരുന്നു.
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ നിരന്തരമായ പ്രേരണ സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എത്ര പറഞ്ഞാലും പഠിക്കാത്ത മക്കള്‍ രക്ഷിതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്! കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ ഒച്ചപ്പാടുകള്‍ക്കിടവരുത്താറുണ്ട്. സ്വന്തമായി പഠിക്കുവാനുള്ള താത്പര്യം, പഠനത്തോടുള്ള മനോഭാവം എന്നിവ വളര്‍ത്തിയെടുക്കുന്നതുവരെ ഇത് തുടരാറുണ്ട്. ചിലര്‍ ട്യൂഷനെ മാത്രം ആശ്രയിച്ച് പഠിക്കുന്നവരുണ്ട്. അമിതമായ ട്യൂഷന്‍ പഠനത്തെയും സ്വന്തമായി പഠിക്കാനുള്ള കഴിവിനെയും ബാധിക്കാറുണ്ട്. സ്വന്തമായി പഠിക്കുമ്പോള്‍ വിഷയങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തണം. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
- പഠനത്തിന്റെ ചെലവുകള്‍ പ്രത്യേകം വിലയിരുത്തണം. എല്ലാ വിഷയങ്ങളും ഒരുമിച്ച് പഠിക്കാന്‍ മുതിരരുത്. വിഷയങ്ങള്‍ തരംതിരിച്ച് പഠിക്കാന്‍ ശ്രമിക്കണം.
- ഗുണനിലവാരമുള്ള പുസ്തകങ്ങള്‍, പാഠ്യഭാഗങ്ങള്‍ എന്നിവ കണ്ടെത്താന്‍ ശ്രമിക്കണം.
- സ്വന്തമായി പഠിക്കണമെന്നുള്ള ആഗ്രഹം, പ്രേരണ, മികച്ച മനോഭാവം, പോസിറ്റീവ് ചിന്ത എന്നിവ രൂപപ്പെടുത്തിയെടുക്കണം.
- പഠിക്കുമ്പോള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനലക്ഷ്യങ്ങള്‍ വേണം. നിശ്ചിത സമയത്തിനുള്ളില്‍ പഠിച്ചുതീര്‍ക്കാവുന്ന വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധം ആവശ്യമാണ്.
- സമയനിഷ്ഠ പാലിക്കണം. ഇതിനായി വ്യക്തമായ ടൈംടേബിള്‍ തയ്യാറാക്കണം.
- സുഹൃത്തുക്കള്‍, അദ്ധ്യാപകര്‍, വിദഗ്ധര്‍ എന്നിവരുമായി ആശയ വിനിമയം നടത്തണം.
- തികഞ്ഞ അച്ചടക്കം ആവശ്യമാണ്. മറ്റുള്ളവരുമായുള്ള താരതമ്യപഠനത്തിന് മുതിരരുത്.
- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ ശ്രമിക്കണം. മികച്ച പുസ്തകങ്ങള്‍ പാഠ്യവിഷയങ്ങള്‍ക്കുപരി വായിക്കാന്‍ ശ്രമിക്കണം. ഇംഗ്ലിഷ്, മലയാളം ദിനപത്രങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തണം.
- ഓണ്‍ലൈന്‍വഴി പ്രസ്തുത മേഖലയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കണം.
- പഠനത്തോടൊപ്പം പ്രവര്‍ത്തനമികവ് രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കണം.
- ദിവസേന 6-8 മണിക്കൂറെങ്കിലും ഉറങ്ങണം.
- പഠനത്തോടൊപ്പം ഒരുമണിക്കൂര്‍ ടി. വി. കാണാം. സ്‌പോര്‍ട്‌സിലും ഗെയിംസിലും പങ്കെടുക്കണം.
- വിനോദയാത്ര, മത്സരപരീക്ഷകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം.
- കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കുന്നതാണ് ജീവിതവിജയം ഉറപ്പു വരുത്തുകയെന്നത് വിദ്യാര്‍ത്ഥി അറിയേണ്ടതാണ്.