അതിസങ്കീര്‍ണ്ണവും പുറമേയ്ക്ക് ഒട്ടും ഗാഢമല്ലെന്ന് തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള്‍ അന്വേഷിക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു പിടി കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് കൊമാല. 2008ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതിയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി.
ഉത്താധുനിക കാലത്തെ മികച്ച സാഹിത്യകാരന്‍ എന്നു വിലയിരുത്തുന്ന സന്തോഷ് എച്ചിക്കാനത്തിന്റെ ഒന്‍പത് കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍, ഒരു പരാതിയെഴുത്തുകാരന്റെ മാനസിക സംഘര്‍ഷങ്ങള്‍, കൊമാല, ചരമക്കോളം, ഇരയുടെ മണം, തേവി നനച്ചത്, ബേബീസ് ബ്രെത്ത്, പന്തിഭോജനം, കീറ് എന്നീ കഥകളാണ് പുസ്തകത്തിലുള്ളത്.
ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കഥയായ കൊമാല കേരളീയ ജീവിതത്തിലെ വലിയൊരു ദുരന്തത്തെ അടയാളപ്പെടുത്തി എഴുതിയതാണ്. മെക്‌സിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോയുടെ ‘പെദ്രൊ പാരമോ’ എന്ന നോവലിനെ സാക്ഷിയാക്കി കേരളത്തിലെ സമീപകാല അത്മാഹത്യാ പ്രവണതയെ വരച്ചിടുകയാണ് കൊമാലയില്‍. ജാതി വേഷം മാറി പുതിയരൂപത്തില്‍ വ്യവഹാരപെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണശീലങ്ങള്‍ വിഷയവല്‍ക്കരിക്കുന്ന കഥയാണ് പന്തിഭോജനം.
ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളിലൂടെയുള്ള ഒരു യാത്രയാണ് ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍’ എന്ന കഥ. അധ്യാപകനായ രവിചന്ദ്രനെ ജീവിതത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നത് രാമകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഡ്രൈവറാണ്. ജീവിതത്തെ അവനവനു വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കേണ്ട വഴികളിലൂടെ ഓടിച്ചു കൊണ്ടു പോകേണ്ടതെങ്ങനെയെന്ന് രാമകൃഷ്ണന്‍ രവിചന്ദ്രന് കാട്ടിക്കൊടുക്കുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ചരമക്കോളം. ഇത്തരത്തില്‍ മനോഹരങ്ങളായ കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
വ്യത്യസ്ഥങ്ങളായ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമാഹാരത്തിലെ കഥകള്‍ ഓരോന്നും വായനക്കാരന് മുന്നിലേക്ക് ചര്‍ച്ചകള്‍ക്കായി ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു. സമൂഹത്തെ വേട്ടയാടുന്ന സമകാലിക പ്രശ്‌നങ്ങളിലേക്കുള്ള ഒരു നേര്‍ രേഖയായ ഈ കഥാസമാഹാരം 2006ലാണ് പ്രസിദ്ധീകരിച്ചത്.