തായിപ്പേര്‍ ഊര്‍ഭൂമി, ഷണ്ഡന്മാരായ പുരുഷന്മാര്‍ നിറഞ്ഞ കഥയുടെ ഇതിഹാസഭൂമി…സ്വന്തം ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങി ജീവിതം നയിക്കുന്ന ദരിദ്രരാണ് ഇവിടുത്തുകാര്‍. ഏതോ മരുന്നുകമ്പനിയുടെ പച്ചനോട്ടുകളില്‍ ആകര്‍ഷിക്കപ്പെട്ട് പേരറിയാത്ത മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ചിന്തിക്കാതെ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി നരകജീവിതത്തിന് വിധിക്കപ്പെട്ടവര്‍…
മാസത്തിലൊരിക്കല്‍ റേഷന്‍പോലെ മരുന്നുകമ്പനിക്കാര്‍ വീതിച്ചുനല്‍കുന്ന നോട്ടുകളില്‍ തളയ്ക്കപ്പെട്ട അവരുടെ ജീവിതം പഠിക്കാനും മനസില്‍ വിരിഞ്ഞ നോവല്‍ പൂര്‍ത്തിയാക്കാനുമാണ് ശ്രാവണനും ലയനയും അവിടേക്ക് എത്തുന്നത്. എന്നാല്‍ ആകാംഷയുടെ ചുവടുകള്‍ പിന്നിടുംമുമ്പേ ബലിഷ്ഠമായ കരങ്ങള്‍കൊണ്ട് അവരുടെ കണ്ണും വായും മൂടപ്പെട്ടു.കൈകാലുകള്‍ ബന്ധിതമായി.എടിടേക്കോ അവര്‍ വലിച്ചിഴയ്ക്കപ്പെട്ടു……..
വിസ്മയജന്യമായ ഭാവപ്രപഞ്ചത്തിലേക്ക് വാതില്‍ തുറക്കുന്ന നോവല്‍ ശിപമായ പേരയം ശ്രീകുമാറിന്റെ അധിനിവേശാനന്തരം എന്ന കൃതി തായിപ്പേര്‍ ഊര്‍ഭൂമിയിലെ അതിനിഗൂഡമായ കഥാഭൂമിയിലേക്കാണ് അനുവാചകരെ കൂട്ടിക്കെണ്ടുപോകുന്നത്. മാത്രമല്ല ഇറാഖിലുണ്ടായ യുദ്ധഭികരതയും ഇസ്ലാമിക് സറ്റേറ്റിന്റെ ക്രൂരതകളുമെല്ലാം ഈ നോവലില്‍ കടന്നുവരുന്നു.
മനുഷ്യന്റെ കുറ്റകരമായ അസഹിഷ്ണുതയിലേക്ക് വിരല്‍ ചൂണ്ടുന്ന അധിനിവേശാനന്തരം തായിപ്പേര്‍ ഊര്‍ഭൂമിയുടെ ചരിത്രവും ജീവിതവും അടയാളപ്പെടുത്തുന്നതോടൊപ്പം അവിടുത്തെ കെട്ടുകഥകളും നാടാടിപ്പാട്ടുകള്‍, ശിലാരേഖകള്‍, താളിയോലകള്‍ എന്നിവയും പരിശോധിക്കുന്നു. അങ്ങേയറ്റം കെട്ടുപിണഞ്ഞുകിടക്കുന്ന കഥാഭൂമികയെ കാവ്യാത്മകമായ രചനയിലൂടെ ഹൃദ്യമാക്കിതീര്‍ക്കുകയാണ് പേരയം ശ്രീകുമാര്‍.
2003ലെ ഭരണഭാഷഗ്രന്ഥത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം നേടിയ പേരയം ശ്രീകുമാര്‍ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥനാണ്. യുഗാന്തരങ്ങള്‍, ചിലന്തികള്‍ എന്നീകൃതികളും രചിച്ചിട്ടുണ്ട്. എവിടെ നിര്‍ഭയമാകുന്നു മാനസം എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
The post അധിനിവേശാനന്തരം appeared first on DC Books.