തനിക്ക് നോവലും കഥകളും സിനിമയുമെല്ലാം വഴങ്ങുമെന്ന് നമ്മുക്ക് കാട്ടിതന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളാണ് മലയാള സാഹിത്യ സിനിമാ രംഗത്ത് ഗന്ധര്‍വ്വ സാന്നിദ്ധ്യമായി നിറഞ്ഞുനിന്ന പി. പത്മരാജന്‍. അദ്ദേഹത്തിന്റെ രചനകളെല്ലാം വായനക്കാരെ ഭാവതീവ്രമായ ഒരു ലോകത്തേക്ക് നയിക്കുന്നവയാണ്. മലയാള സാഹിത്യരംഗത്ത് മറ്റൊരെഴുത്തുകാരനും കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലൂടെല്ലാം കടന്നു ചെന്ന് അനുഭവിച്ചറിഞ്ഞതും കേട്ട് പരിചയിച്ചവയുമായ കഥകളാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ പടര്‍ന്ന് പന്തലിച്ചത്. ജീവിതത്തിന്റെ ദുരൂഹസന്ധികളില്‍ പീഡിപ്പിക്കപ്പെടുകയും ജന്മവാസനകളുടെ പ്രലോഭനങ്ങളില്‍പ്പെട്ടുഴലുകയും ചെയ്യുന്ന മനുഷ്യാത്മാവിന്റെ നിത്യ സങ്കടങ്ങളാണ് പത്മരാജന്റെ കഥകള്‍ക്കാധാരം.
കാലത്തിന്റെ കുത്തൊഴുക്കുകളില്‍ എന്നും പതറാതെ നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചെറുകഥകളെല്ലാം ചേര്‍ത്ത് പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം എന്നപേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചുണ്ട്. പത്മരാജന്റെ കഥകള്‍, കരിയിലകാറ്റുപോലെ തുടങ്ങി 1988 ലും 2007ലും പുറത്തിറക്കിയ സമാഹാരങ്ങള്‍ വിപുലപ്പെടുത്തിയാണ് പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം എന്ന ബൃഹത്സമാഹാരം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അപരല്‍, ലോല തുടങ്ങി നൂറില്‍പരം കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ 5-ാം പതിപ്പും ഇപ്പോള്‍ പുറത്തിറങ്ങി. മനുഷ്യരുടെ സങ്കീര്‍ത്തനങ്ങള്‍ രചിച്ച പത്മരാജന്റെ സാഹിത്യകൃതികളും തിരക്കഥകളും രണ്ട് വാല്യങ്ങളില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണം എന്ന പേരിലും പസിദ്ധീകരിച്ചിട്ടുണ്ട്.
ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന പി. പത്മരാജന്‍. 1945 മേയ് 23 ന് ആലപ്പുഴയിലെ ഹരിപ്പാടാണ് ജനിച്ചത്. ഒരിടത്തൊരു ഫയല്‍വാന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിലെ ക്ലാസിക്കുകളായാണ് പരിഗണിക്കപ്പെടുന്നത്. ഭരതന്റെ സംവിധാനത്തില്‍ യീീസശിശെറലപുറത്തിറങ്ങിയ പ്രയാണം എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ. മലയാള മധ്യവര്‍ത്തി സിനിമയുടെ ചുക്കാന്‍ പിടിച്ച ഭരതന്‍പത്മരാജന്‍ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ സംവിധായകനായ പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. 1991ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ആ ഗന്ധര്‍വ്വ കലാകാരന്‍ 1993 ജനുവരി 23ന് അന്തരിച്ചു.
The post പി പത്മരാജന്റെ അനശ്വരകഥകള്‍ appeared first on DC Books.