ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വീധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാഷ്ടീയ ദാര്‍ശനിക പരീക്ഷണത്തിന്റെ ആത്മസാക്ഷ്യമാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നു പറയാം. വൈവിധ്യത്തിന്റെ പരകോടിയിലായിരുന്ന ഒരു ജനതയെ സ്വാതന്ത്ര്യ ബോധമെന്ന നൂലില്‍ കോര്‍ത്തെടുത്ത് ഒരു മാലയാക്കിത്തീര്‍ത്ത് സാമ്രാജ്യത്വത്തിന്റെ അക്രമത്തിനും ചൂഷണത്തിനുമെതിരെ അഹിംസാത്മകമായ ഒരു ആയുധമാക്കി മാറ്റിയ പരീക്ഷണത്തിന്റെ വിവരണമാണ് ഈ പുസ്തകം.
ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള കാലഘട്ടമാണ് ഇതില്‍ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തയുടെയും ആശയാഭിലാഷങ്ങളുടേയും തത്ത്വചിന്താപരമായ അടിത്തറകളും സ്വഭാവവും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഇതിഹാസങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള പുസ്തകമായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ രണ്ടു ലക്ഷത്തിലധികം പ്രതികളാണ് വര്‍ഷം തോറും വിറ്റഴിക്കപ്പെടുന്നത്.
1927ല്‍ ഗുജറാത്തി ഭാഷയിലാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യം പുറത്തിറങ്ങുന്നത്. ലോകമെമ്പാടും അനവധി പുനര്‍വായനകള്‍ക്കും പുനര്‍ചിന്തകള്‍ക്കും ഇന്നും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മഹാഗ്രന്ഥത്തിന്റെ സംഗൃഹീത പുനരാഖ്യാനം വിശ്വസാഹിത്യമാലയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. സി.പി ഗംഗാധരന്‍ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്ന പുസ്തകത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഡോ.പി.കെ രാജശേഖരനാണ്.