ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയെക്കുറിച്ചും. കിണറിന്റെ സ്ഥാനങ്ങളെക്കുറിച്ചുമുള്ള ആധികാരിക അറിവ് പകര്‍ന്നുനല്‍കുന്ന പുസ്തകമാണ് ഡോ സേതുമാധവന്‍ കോയിത്തട്ട എഴുതിയ കൂപശാസ്ത്ര പ്രവേശിക. ‘കൂപശാസ്ത്ര പ്രകാശിക‘ രണ്ടു ഭാഗങ്ങളിലായി ഒതുക്കിയിരിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ കൂപശാസ്ത്രതത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന ധാരാളം ശ്ലോകങ്ങള്‍ കണ്ടെത്തി അവയ്ക്കു അന്വയവും വ്യാഖ്യാനവും നല്കിയിട്ടുണ്ട്. രണ്ടാം ഭാഗത്തില്‍ കൂപശാസ്ത്ര തത്ത്വങ്ങളുടെ പകാശികയെന്നോണം കൂപഖനനത്തിന്റെ നിരവധി സൂക്ഷ്മ വശങ്ങള്‍ക്കുള്ള വര്‍ണ്ണനയും നല്കിയിരിക്കുന്നു. സംസ്‌കൃതഗ്രന്ഥങ്ങളായ ‘ബൃഹത് സംഹിത’യും ‘മയമത’വും ‘മനുഷ്യാലയ ചന്ദ്രിക’യുമെല്ലാം ഇതില്‍ പഠനവിഷയ മാക്കിയിട്ടുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ. എം.വി വിഷ്ണുനമ്പൂതിരി യണ്.
ഡോ. എം.വി വിഷ്ണുനമ്പൂതിരി തയ്യാറാക്കിയ അവതാരിക
ജലപരിജ്ഞാനം സംസ്‌കൃതഭാഷയിലൂടെ ലഭിച്ചത്ര മറ്റു ഭാഷകളിലുണ്ടായിട്ടില്ലെന്നു തോന്നുന്നു. അമരകോശാദി ഗ്രന്ഥങ്ങളില്‍ വാരിവര്‍ഗ്ഗത്തിനു സവിശേഷ പ്രാധാന്യം നല്‍കിക്കാണാം. ഓരോ നാമപദവും സവിശേഷമായ അര്‍ഥവും ധര്‍മവും ഉള്‍ക്കൊള്ളുന്നതാണ്.വാരാഹീസംഹിതാ എന്നുകൂടി അറിയപ്പെടുന്ന ബൃഹത്‌സംഹിത നീരറിവിനെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. അതിലെ ഉദകാര്‍ഗ്ഗളം, കൂപലക്ഷണം, സദ്യോവൃഷ്ടി ലക്ഷണം എന്നീ പ്രകരണങ്ങള്‍ ശ്രദ്ധേയങ്ങളാകുന്നു. ഭൂമിയിലെ അന്തര്‍ദ്ധാരകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിവ് പകര്‍ന്നുതരുന്ന ഗ്രന്ഥമാണത്. നമ്മുടെ ശരീരത്തില്‍ നിമ്‌നോന്നതസ്ഥിതിയിലുള്ള നാഡീവ്യൂഹങ്ങളിലൂടെ രക്തം സഞ്ചരിക്കുന്നതുപോലെയാണ് ഭൂമിക്കുള്ളിലും ജലധാരകളുണ്ടാകുന്നത്. അത് കണ്ടെത്താന്‍ കഴിയുന്നത് ബാഹ്യലക്ഷണങ്ങളിലൂടെയാണ്. ഈ ജല
പരിജ്ഞാനം, വംശീയമായി പകര്‍ന്ന പാരമ്പര്യവിജ്ഞാനമെന്ന നിലയില്‍, നാടന്‍ ആശാരിമാരുടെ ജലവിജ്ഞാന (നാട്ടറിവ്) മായിത്തീര്‍ന്നിരിക്കുകയാണ്. ഭൂസ്ഥിതിയുടെയും പ്രാകൃതിക ജൈവസാന്നിധ്യാദികളുടെയും സ്വഭാവം ശരിക്കും നിരീക്ഷിച്ചുകൊണ്ടുള്ളതായിരിക്കും ഭൂഗര്‍ഭജലദര്‍ശനം. ഇതു സംബന്ധിച്ച് എത്രയോ കാലത്തെ അനുഭവസമ്പത്ത് കാത്തുസൂക്ഷിക്കുന്നവരാണവര്‍.
നീരൊഴുക്ക് പുറമേ കാണപ്പെടാത്ത സ്ഥലങ്ങളില്‍ കുഴിച്ചാല്‍ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കടമ്പുവൃക്ഷം സ്ഥിതിചെയ്യുന്ന ദിക്കില്‍ പടിഞ്ഞാറുവശം മൂന്നു കോല്‍ മാറി ഒന്നര ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ ജലം ലഭിക്കുമെന്ന് ജല പരിജ്ഞാനമുള്ള ആശാരിമാര്‍ പറയാറുണ്ട്. മേല്‍പ്പറഞ്ഞ ലക്ഷണമു ള്ളിടത്ത് അര ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ വെളുത്ത തവളയെയും പിന്നെ മഞ്ഞനിറമുള്ള മണ്ണും അതിനടിയില്‍ വെട്ടുപാറയും അതിനടിയില്‍ വെള്ളവും കാണുമെന്നാണ് ശാസ്ത്രവിധി. ഞാവല്‍ വൃക്ഷമുള്ളിടത്തുനിന്നു മൂന്നു കോല്‍ വടക്ക് രണ്ടാള്‍ ആഴത്തില്‍ കാണാമത്രേ. ബാഹ്യമായി ജലം കാണാത്തിടത്ത് കരിനൊച്ചിയും അതിനടുത്ത് മണ്‍പുറ്റും കാണുകയാണെങ്കില്‍ മൂന്നുകോല്‍ തെക്കോട്ടുമാറി, രണ്ടേകാല്‍ ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ സമൃദ്ധമായി ജലം ലഭിക്കുമത്രേ. ലന്തമരം, അത്തി, താന്നി, ഉങ്ങ്, മൈലെള്ള്, വരമഞ്ഞള്‍, അമ്പഴം, നീര്‍മാതളം, നെന്മേനിവാക എന്നീ വൃക്ഷങ്ങളുടെ സമീപത്തായി പുറ്റു കാണുകയാണെങ്കില്‍ അവയുടെ സമീപം നിശ്ചിത ദൂരത്ത് കുഴിയെടുത്താല്‍ നിശ്ചിത ആഴത്തില്‍ ജലം കാണാമെന്നാണ് ലക്ഷണം പറയാറുള്ളത്.
വൃക്ഷങ്ങള്‍ മൃദുലങ്ങളായിരിക്കുക, കൊമ്പുകള്‍ നീണ്ടു തിങ്ങി നില്‍ക്കുക എന്നീ ലക്ഷണങ്ങള്‍ ജലസാമീപ്യത്തെയാണ് സൂചിപ്പിക്കുന്നത്. മരത്തിന്റെ ഏതെങ്കിലും ശാഖ, താഴ്ന്ന് നിറഭേദത്തോടെ കാണപ്പെട്ടാല്‍, അതിന്റെ സമീപം മൂന്ന് ആള്‍ ആഴത്തില്‍ വെള്ളം ലഭിക്കുമെന്നു കരുതാം.
ജലവിജ്ഞാനവും സസ്യവൃക്ഷവിജ്ഞാനവും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളത്. ആറ്റുവഞ്ഞി, ചൂരല്‍, കടമ്പ്, അത്തി, നീര്‍മരുത്, മാതളം, അയനി, ഇലഞ്ഞി, അമ്പഴം തുടങ്ങിയ വൃക്ഷങ്ങള്‍ ജല സാമീപ്യമുള്ള സ്ഥലത്തുണ്ടാകുമത്രേ.പൂര്‍വ്വികര്‍ അനുഭവജ്ഞാനത്തിലൂടെ നേടിയ അറിവുകള്‍ പൂര്‍ണ മായും വര്‍ത്തമാനാവസ്ഥകളുമായി ചിലപ്പോള്‍ യോജിച്ചില്ലെന്നുവരാം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു മാറ്റങ്ങള്‍ സംഭവിക്കാവുന്ന വിധത്തിലുള്ള നശീകരണ പ്രവണതകളാണ് എങ്ങും കാണുന്നത്. വൃക്ഷലതാദികള്‍ മുറിച്ചു നശിപ്പിക്കുക, പാറക്കെട്ടുകളും മറ്റും പൊളിച്ചു മാറ്റുക, പരിശുദ്ധ ജലവാഹിനികള്‍ മലീനികരിക്കുക തുടങ്ങിയ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജൈവലോകം ഇന്ന് നാശത്തിന്റെ വക്കിലാണ്. മഴകുറയുകയും ചൂട് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരമൊരു പരിതോവസ്ഥയിലാണ് ഭൂഗര്‍ഭ ജല സമ്പത്തി നെക്കുറിച്ച് നാം ചിന്തിക്കുന്നത്. നീരറിവിനെ സംബന്ധിച്ച് ഇത്രയും പ്രസ്താവിച്ചത് വാസ്തുശാസ്ത്രത്തില്‍ പരിണത പ്രജ്ഞനായ ഡോ. സേതുമാധവന്റെ ‘കൂപശാസ്ത്ര പ്രകാശിക‘ എന്ന ഗ്രന്ഥം മുന്നില്‍ കണ്ടുകൊണ്ടാണ്. പണ്ഡിതനും അധ്യാപകനുമായിരുന്ന എന്‍.കോയിത്തട്ടയുടെ മകനാണ് സേതുമാധവന്‍. ഈ വസ്തുതതന്നെ വാസ്തുവിദ്യയിലും ഭൂഗര്‍ഭജലവിജ്ഞാനത്തിലും അദ്ദേഹത്തിനു സ്വായത്തമായ പരിജ്ഞാനത്തിന്റെ ആഴമറിയുവാന്‍ പര്യാപ്തമാണ്. വടക്കേ മലബാറിലെ ദേവാലയങ്ങളിലെ ദാരുശില്പകലയെക്കുറിച്ച് ഡോ. സേതുമാധവന്‍ എഴുതിയ ഗ്രന്ഥം അദ്ദേഹത്തിന്റെ അന്വേഷണത്വരയെ വ്യക്തമാക്കുന്നു.
കിണര്‍ എന്ന വിഷയത്തിന്റെ നാനാവശങ്ങളെയും സംശയലേശമന്യേ പരിചയപ്പെടുത്തുന്ന ഒരു ആധികാരിക കൃതിയാണിത്. ഭാഗം ഒന്നില്‍ ഉദഗാര്‍ഗ്ഗളത്തിലെ സംസ്‌കൃത ശ്ലോകങ്ങള്‍ക്ക് അന്വയവും വിശദമായ സാരവും നല്കിയിരിക്കുന്നു. ഭാഗം രണ്ടില്‍ കിണറുകളുടെ വൈവിധ്യാത്മകമായ ആകൃതി വിശേഷങ്ങളിലേക്കാണ് ആദ്യം നമ്മുടെ ശദ്ധതിരിക്കുന്നത്. കിണര്‍ കുഴിക്കേണ്ട സ്ഥാനം, അതിന്റെ ഫലങ്ങള്‍, കിണറുകളെക്കുറിച്ചുള്ള കേട്ടറിവുകളും അനുഭവങ്ങളും, കിണറുകളുടെ സുരക്ഷ, കിണറുകളില്‍നിന്നു വെള്ളം കോരിവന്നിരുന്ന ചില മാര്‍ഗ്ഗങ്ങള്‍, ഭൂഗര്‍ഭജലസ്രോതസ്സുകള്‍ കണ്ടെത്തുവാനുള്ള ഉപകരണങ്ങള്‍, കൂപശാസ്ത്ര പ്രതിപാദകമായ തത്ത്വങ്ങളനുസരിച്ച് ഭൂഗര്‍ഭജലം കണ്ടെത്തിയ ഗ്രന്ഥകാരന്റെ അനുഭവങ്ങള്‍ എന്നിവ പരിചയപ്പെടുവാന്‍ കഴിയുന്നു.
ഭൂഗര്‍ഭജലസ്രോതസ്സുകള്‍ കണ്ടെത്തുവാനും കൂപസ്ഥാന നിര്‍ണയത്തിനും ഗവേഷണബുദ്ധിയോടെ ഗ്രന്ഥകാരന്‍ നടത്തിയ അനുഭവങ്ങളുടെ ഊഷ്മളത ഈ ഗ്രന്ഥത്തില്‍ ആദ്യന്തം ദര്‍ശിക്കാം. വിഷയത്തിന്റെ നൂതനമായ ആവിഷ്‌കരണശൈലി ആകര്‍ഷകമാണ്. വര്‍ത്തമാന കാലത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഗ്രന്ഥമെന്നതില്‍ സംശയിക്കേണ്ടതില്ല. ഗ്രന്ഥകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
നിരവധി നിരീക്ഷണപരീക്ഷണങ്ങള്‍ നടത്തിവന്ന പല സ്ഥപതിമാരുടേയും അനുഭവജ്ഞാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിണറിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി പകലന്തികള്‍ പരിശ്രമിച്ച തൊഴിലാളികളുടെ ചെയ്തികളെക്കുറിച്ചും അവരുപയോഗിച്ചതായ സാമഗ്രികളെക്കുറിച്ചും ഇവിടെ പരാമര്‍ശിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളുടെ നീരാളിപ്പിടുത്തങ്ങളില്‍നിന്നും ശാസ്ത്രത്തെ മുക്തമാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുതന്നെയാണ് നിമിത്തലക്ഷണവും താംബൂല ലക്ഷണവും മനഃപൂര്‍വ്വം ഒഴിവാക്കിയിട്ടുള്ളത്. പകരം ഭൂഗര്‍ഭജലം കണ്ടുപിടിക്കാനുള്ള ആധുനിക ഉപകരണങ്ങളെക്കുറിച്ചും നാടന്‍ സമ്പ്രദായങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.