എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ ചെവിക്കൊള്ളണമെന്ന് പ്രധാനമന്ത്രിയോട് സുഭാഷ്ചന്ദ്രന്‍. പരിണതപ്രജ്ഞരെന്ന് അദ്ദേഹം കരുതുന്ന എഴുത്തുകാരടക്കമുള്ള വ്യക്തികള്‍ക്ക് ചപ്പുചവര്‍ വിഷയത്തേക്കാള്‍ മുന്തിയ വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവ പരിഗണിക്കാനും അദ്ദേഹം തയ്യാറായേക്കുമോ? എന്നും അദ്ദേഹം ചോദിക്കുന്നു. സ്വച്ഛ ഭാരതത്തിനായുള്ള പ്രവര്‍ത്തവനങ്ങളില്‍ പങ്കാളിയാവാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണക്കത്തിന് മറുപടിയായാണ് സുഭാഷ്ചന്ദ്രന്‍ ഇങ്ങനെ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും മാരകമായ പ്രശ്‌നം ചപ്പുചവറുകളാണെന്ന അദ്ദേഹത്തിന്റെ തോന്നല്‍ ഞാന്‍ ചെറുതാക്കിക്കാണുന്നില്ലെന്നും, എന്നാല്‍ യഥാര്‍ത്ഥവും കൂടുതല്‍ മാരകവുമായ അഴുക്ക് എന്താണെന്ന കാര്യത്തില്‍ അദ്ദേഹത്തിനു തീര്‍ച്ചയുണ്ടാകേണ്ടതുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു എന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു.
സുഭാഷ് ചന്ദ്രന്റെ പോസ്റ്റിലേക്ക്..
മോദി അയച്ച കത്തും
ഗാന്ധി ജയന്തിയും
മഹാനായ ഒരു ഗുജറാത്തുകാരന്‍, നമ്മുടെ മഹാത്മാഗാന്ധി, പിറന്ന ഈ ദിനത്തില്‍ മറ്റൊരു ഗുജറാത്തുകാരന്റെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, ഒരു കത്ത് എന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്.
രജിസ്‌റ്റേഡ് തപാലില്‍, സര്‍ക്കാരിന്റെ ഔദ്യോഗികമുദ്ര സ്വര്‍ണ്ണവര്‍ണ്ണത്തില്‍ പതിപ്പിച്ച ‘പേഴ്‌സണല്‍ ലെറ്റര്‍’ വന്നപ്പോള്‍ ഞാന്‍ അല്‍പമൊന്നു സന്തോഷിച്ചു എന്ന കാര്യം സമ്മതിക്കട്ടെ. ഇതു പതിവില്ലാത്തതാണ്. കുട്ടിക്കാലത്തെ സേവനവാരങ്ങളെ ഓര്‍മ്മിച്ചുകൊണ്ടും മറ്റാര്‍ക്കും കിട്ടാനിടയില്ലാത്ത ഒരു പരിഗണന ഒരെഴുത്തുകാരനായതുകൊണ്ടുമാത്രം എന്നെത്തേടിവന്നതോര്‍ത്ത് അഭിമാനിച്ചും കട്ടിക്കവറില്‍ നിവര്‍ത്തിയ നിലയില്‍ത്തന്നെ ഭദ്രമായി അടക്കം ചെയ്ത ആ കത്ത് ഞാന്‍ തുറന്നു വായിച്ചു.
സ്വച്ഛ ഭാരതത്തിനായുള്ള തന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനുള്ള സ്‌നേഹനിര്‍ഭര ക്ഷണമാണ് അതിന്റെ ഉള്ളടക്കം. ജലി is mightier than sword എന്ന വാചകം ഇടയ്ക് അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്. ഭാഗ്യം!
ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും മാരകമായ പ്രശ്‌നം ചപ്പുചവറുകളാണെന്ന അദ്ദേഹത്തിന്റെ തോന്നല്‍ ഞാന്‍ ചെറുതാക്കിക്കാണുന്നില്ല. എന്നാല്‍ യഥാര്‍ത്ഥവും കൂടുതല്‍ മാരകവുമായ അഴുക്ക് എന്താണെന്ന കാര്യത്തില്‍ അദ്ദേഹത്തിനു തീര്‍ച്ചയുണ്ടാകേണ്ടതുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു. പരിണതപ്രജ്ഞരെന്ന് അദ്ദേഹം കരുതുന്ന എഴുത്തുകാരടക്കമുള്ള വ്യക്തികള്‍ക്ക് ചപ്പുചവര്‍ വിഷയത്തേക്കാള്‍ മുന്തിയ വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവ പരിഗണിക്കാനും അദ്ദേഹം തയ്യാറായേക്കുമോ? ഇന്ത്യയില്‍ അടുത്ത കാലത്ത് നടപ്പിലാക്കിയ, പരാജയമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന, പരമപ്രധാനമായ വിഷയങ്ങളില്‍ ഇത്തരത്തിലുള്ള ഒരു അഭിപ്രായ സ്വാംശീകരണത്തിന്റെ അഭാവം മുഴച്ചുനില്‍ക്കുന്നില്ലേ? മന്‍ കീ ബാത്ത് പോലെ, റേഡിയൊയെ പറ്റിയുള്ള ആ പഴയ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന, ഒരു വശത്തേക്കു മാത്രം സാധ്യമാകുന്നതും തിരികെ അങ്ങോട്ടുകേള്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ, ഒട്ടേറെ കാര്യങ്ങള്‍ രാജ്യത്തു നടക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ അങ്ങു ചെവിക്കൊള്ളുമോ?
നമ്മള്‍ ചെയ്യാന്‍ പോകുന്ന എന്തെങ്കിലും ഒരു കാര്യത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സന്ദേഹമുണ്ടാകുന്ന വേളയില്‍ അതു വേണമോ വേണ്ടയോ എന്നു നിശ്ചയിക്കാനുള്ള എളുപ്പവഴിയെക്കുറിച്ച് നമുക്കു പറഞ്ഞു തന്ന ആളുടെ ജന്മദിനമാണിന്ന്. മഹാത്മജി പറഞ്ഞു: ‘അപ്പോള്‍ നിങ്ങള്‍ ഏറ്റവും ദരിദ്രനായ ഒരുവന്റെ മുഖം മനസ്സില്‍ കാണുക. നാം ചെയ്യാന്‍ പോകുന്ന ഈ കര്‍മ്മം കൊണ്ട് ആ പാവം മനുഷ്യന് എന്തു ഗുണമാണ് ഉണ്ടാവുക എന്നു സങ്കല്‍പ്പിക്കുക. ഒന്നുമില്ലെന്നാണ് ഉത്തരമെങ്കില്‍ അതുപേക്ഷിക്കാം!’
ഈ ചെറിയ വാചകം പ്രതാപശാലിയായ വലിയൊരു അധികാരമൂര്‍ത്തിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ
ജയ് മഹാത്മാ ഗാന്ധി!