ഇംഗ്ലിഷ് ഭാഷയുമായുള്ള സംസര്‍ഗ്ഗംകൊണ്ടു നമുക്കു ലഭിച്ചതാണ് ഉപന്യാസം അഥവാ എസ്സേ എന്ന സാഹിത്യശാഖ. ഒരു ഉപന്യാസത്തിനു വിഷയം എന്തുമാകാം. വിനോദവും വിജ്ഞാനവും ഒക്കെ. പക്ഷേ, ഉപന്യാസം എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ഉപന്യാസത്തിനു സാഹിത്യകാരന്മാരും മറ്റു വൈജ്ഞാനികമേഖലയില്‍ ഉള്ളവരും എഴുതുന്നവയില്‍നിന്നുമുള്ള വ്യത്യാസമാണ്. അവരുടെ ഉപന്യാസങ്ങളില്‍ സാഹിത്യാംശങ്ങള്‍ വളരെ ഉണ്ടാകും. എന്നാല്‍ വിദ്യാര്‍ത്ഥികളോട് എഴുതുവാന്‍ ആവശ്യപ്പെടുന്ന ഉപന്യാസങ്ങളില്‍ ഈ അംശങ്ങള്‍ക്കു വലിയ പ്രാധാന്യം ഇല്ല. തന്നിരിക്കുന്ന വിഷയത്തെപ്പറ്റി ചിന്തിക്കുവാനും അപഗ്രഥിക്കുവാനും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ എഴുതുവാനുമുള്ള കഴിവിനെയുമാണ് പരിശോധിക്കുന്നത്. ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കുവാനുള്ള പാടവത്തെയാണ്.
ഉപന്യാസത്തിനു വേണ്ടതായ ചില ഘടകങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ ഘടകങ്ങളില്‍ ഊന്നി നിന്നുകൊണ്ടുവേണം തങ്ങളുടെ കഴിവ്പ്ര കടമാക്കേണ്ടത്. വാക്കുകളും വാചകങ്ങളും ലളിതമായിരിക്കണം. തന്നിരിക്കുന്ന വിഷയത്തെപ്പറ്റി ശരിക്കും ആലോചിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍മാത്രം ഖണ്ഡികകളായി എഴുതുക. അവയ്ക്ക് അന്യോന്യം പൊരുത്തമുണ്ടായിരിക്കണം. ആശയദീപ്തിയും സമഗ്രതയും ഒരു ഉപന്യാസത്തെ ശ്രദ്ധേയമാക്കുന്നു. ഉപന്യാസത്തിന് എന്തും വിഷയമാകാം എന്നു പറഞ്ഞുവല്ലോ. അതുകൊണ്ടു പത്രമാസികകള്‍ വായിക്കുന്നതും വാര്‍ത്തകളും മറ്റും കേള്‍ക്കുന്നതും ഇത്തരം വിഷയങ്ങളെപ്പറ്റി അറിവു സമ്പാദിക്കാന്‍ സഹായകമാണ്. നിരീക്ഷണം, അപഗ്രഥനം, വിമര്‍ശനാത്മകമായ സമീപനം, അവയെ പ്രകാശിപ്പിക്കാന്‍ പോന്ന ഭാഷയും സര്‍ഗ്ഗാത്മകതയുംഉപന്യാസരചയിതാവിനുണ്ടായിരിക്കണം. ചുരുക്കത്തില്‍ വിദ്യാര്‍ത്ഥിയുടെ ഭാവനയുടെയും ചിന്തയുടെയും ചലനാത്മകതയും ചടുലതയും എല്ലാം അവരുടെ ഉപന്യാസത്തിലൂടെ വിലയിരുന്നു.
നിരീക്ഷണം, അപഗ്രഥനം, ഭാഷ, സര്‍ഗ്ഗാത്മകത എന്നിവയുടെ ആകത്തുകയാണ് ഒരു മികച്ച ഉപന്യാസം. ഈ ഘടകങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയതും ഉപന്യാനം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പറഞ്ഞു തരുന്ന പുസ്തകമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപന്യാസങ്ങള്‍. വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും, ഗ്രന്ഥശാലകള്‍, വിദ്യാലയ രാഷ്ട്രീയം, ശാസ്ത്രം നല്കിയ നേട്ടങ്ങള്‍, സിനിമ, റോടപകടങ്ങള്‍, മൊബൈല്‍ഫോണിന്റെ സ്വാധീനം, കാര്‍ഷികമേഖല എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ നിന്നുള്ള 50 ഉപന്യാസ മാതൃകകളാണ് ഈ പുസ്തകത്തില്‍ പെണ്ണുക്കര കെ ജി രാധാകൃഷ്ണന്‍ പരിചയപ്പെടുത്തുന്നത്. കൂടാതെ ഉപന്യാസത്തിന്റെ ഘടന, ഉപന്യാസം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥമായ ഈ പുസതകം ഡി സി റഫറന്‍സ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.