ലോകം ഉറ്റുനോക്കിയിരുന്ന സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയ്‌ക്കൊപ്പം മറ്റൊരാള്‍ കൂടി സന്തോഷിച്ചു. അത് വിവര്‍ത്തകയായ ലൈല സൈന്‍ ആണ്. കാരണം കസുവോ ഇഷിഗുറോയുടെ ഏറ്റവും പ്രശസ്തമായ കൃതി ‘ദ റിമൈന്‍സ് ഓഫ് ദ ഡേ’ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ലൈലയാണ്. രണ്ടുവര്‍ഷത്തോളമായി ലൈല ഇതിന്റെ പണിപ്പുരയിലായിരുന്നു. പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് നോവലിന്റെ സൃഷ്ടികര്‍ത്താവായ കസുവോ ഇഷിഗുറോയെത്തേടി സാഹിത്യനൊബേല്‍ പുരസ്‌കാരം എത്തിയത്. ഇത് ലൈല സൈന്‍ എന്ന വിവര്‍ത്തകയ്ക്ക് ഇരട്ടിമധുരമാണ് സമ്മാനിക്കുന്നത്.
അസാധാരണമായ പ്രണയത്തിന്റെ കഥപറയുന്ന നോവല്‍ ‘ദിവസത്തിന്റെ അവശേഷിപ്പുകള്‍’ എന്ന പേരിലാണ് മലയാളത്തില്‍ പുറത്തിറങ്ങുന്നത്. ഡി സി ബുക്‌സാണ് പ്രസാധകര്‍. 1989 ല്‍ ബുക്കര്‍ പ്രൈസ് നേടിയ നോവലാണ് ‘ദ റിമൈന്‍സ് ഓഫ് ദ ഡേ’.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ ലൈല സൈന്‍ പീസ്‌ഗോങ് പത്രത്തിന്റെ ദേശീയ ഉപദേഷ്ടാവും കല്‍പറ്റ എഎഫ്ആര്‍സി റിസേര്‍ച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്റെ ഡയറക്ടറുമാണ്. അലക്‌സാണ്ടര്‍ ഡ്യൂമയുടെ ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്‌റ്റോ’, മാക്‌സിം ഗോര്‍ക്കിയുടെ ‘ചൈല്‍ഡ് ഹുഡ്’ എന്നീ പുസ്തകങ്ങളും ലൈല സൈന്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.