അനുഭവങ്ങളാണ് നമുക്കു ജീവിതപാഠങ്ങള്‍ പകര്‍ന്നു തരുന്നത്. ഒരോ അനുഭവങ്ങളും പഠിപ്പിക്കുന്ന പാഠങ്ങള്‍ വീഴാതെയും തളരാതെയും മുന്നോട്ടുപോകാന്‍ നമ്മെപ്രേരിപ്പിക്കുന്നു…അനുഭവങ്ങളിലൂടെ പാഠങ്ങള്‍ പഠിക്കനായി നമ്മുടെ ചിന്താമണ്ഡലം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകു..ശരീരം കൊണ്ട് വളര്‍ന്നിട്ട് കാര്യമില്ല. മനസ്സും അതിനനുസരിച്ച് വളരണം. അതിന് നല്ല പുതസ്‌കവായനയും അനുഭവജ്ഞാനവും നേടണം. കുട്ടിക്കാലം മുതല്‍ ഇത്തരം ശീലങ്ങള്‍ പഠിച്ചാലെ ജീവിത വിജയം നേടാനും നല്ല വ്യക്തിത്വമുള്ളവരുമാകന്‍ കഴിയുകയുള്ളു…
കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എഴുമറ്റൂര്‍ രാജരാജവര്‍മ്മ കുട്ടികള്‍ക്കായി തയ്യാറാക്കിയ ഏറ്റവും പുതിയ പുസ്തകങ്ങളാണ് മനസ്സിന്റെ വിശപ്പും മലയാളത്തിന്റെ രുചിയും, അനുഭവം ഗുരു എന്നിവ. കഥകള്‍ക്കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്ക് കഥകളുടെ രൂപത്തില്‍ സാരോപദേശങ്ങളും അനുഭവകഥകളും പറഞ്ഞുകൊടുക്കുന്ന പുസ്തകങ്ങളാണ് ഇവ രണ്ടും.
എഴുമറ്റൂര്‍ രാജരാജവര്‍മ്മ തന്റെ ജീവിതാനുഭങ്ങളില്‍ നിന്നും പഠിച്ച കാര്യങ്ങളാണ് രസകരമായ ചെറുകുറിപ്പുകളാക്കി അനുഭവം ഗുരു എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. സ്‌നേഹസേന എന്ന ബാലമായികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച വിചാരിച്ചാല്‍ നടക്കും, നല്ല പുസ്തകം നല്ല ചങ്ങാതി, ആഗ്രഹം ശക്തമാകണം, തോക്കിനേക്കാള്‍ ശക്തി വാക്കിന്, കുഞ്ഞുങ്ങളാണ് വലിയവര്‍, ഒരുമയുടെ വിജയം തുടങ്ങി 18 കുറിപ്പുകളാണ് അനുഭവം ഗുരു എന്ന വിശിഷ്ടമായ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ചിന്തിക്കുന്നതിനും അറിവു നേടുന്നതിനും മാതൃഭാഷയെ സ്‌നേഹിക്കുന്നതിനും കുട്ടികളെ പ്രേരിപ്പിക്കുന്ന കൃതിയാണ് മനസ്സിന്റെ വിശപ്പും മലയാളത്തിന്റെ രുചിയും. അദ്ദേഹം തന്നെ രചിച്ച മനസ്സിന്റെ വിശപ്പ്, മലയാളത്തിന്റെ രുചി എന്നീ രണ്ടു ബാലസാഹിത്യകൃതികളുടെ സമഹാരമാണിത്. ചിന്ത, വിജ്ഞാനസമ്പാദനത്തിലേക്കു നയിക്കുന്നതിനെക്കുറിച്ചും, വായന മനസ്സിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും, മാതൃഭാഷയെ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇളംതലമുറയെ ബോധ്യപ്പെടുത്തുന്ന പുസ്തകമാണ് മനസ്സിന്റെ വിശപ്പും മലയാളത്തിന്റെ രുചിയും.
പ്രശസ്തനായ മലയാള ഗദ്യ സാഹിത്യകാരനും ഭാഷാ വിദഗ്ദ്ധനുമായ എഴുമറ്റൂര്‍ രാജരാജവര്‍മ്മ കവിത, ശാസ്ത്രം, വിമര്‍ശനം, പഠനം, ബാലസാഹിത്യം, ജീവചരിത്രം, നവസാക്ഷര സാഹിത്യം എന്നിങ്ങനെ വിവിധശാഖകളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.. നല്ല ജീവചരിത്രകൃതിക്കുള്ള പി.കെ. പരമേശ്വരന്‍നായര്‍ അവാര്‍ഡ്, കേരള നവോത്ഥാന കലാസാഹിത്യവേദി അവാര്‍ഡ്, ഡോ.എന്‍ കൃഷ്ണവാര്യര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സ്‌കോളര്‍ഷിപ് തുടങ്ങി സാഹിത്യത്തിലെ വിവിധമേഖലകളിലായി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
The post കുട്ടികള്‍ വായിച്ചിരിക്കേണ്ട രണ്ട് വിശിഷ്ട കൃതികള്‍ appeared first on DC Books.