മനുഷ്യനെന്ന പ്രഹേളികയുടെ വിവിധമാനങ്ങളെ തന്റേതായ ശൈലിയില്‍ ആവിഷ്‌കരിക്കുന്ന എഴുത്തുകാരനാണ് ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്. നിരവധി അടരുകളുള്ള മനുഷ്യമനസ്സിന്റെ ഉള്‍ച്ചുഴികളില്‍ നിന്നും സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ ഭാവവൈചിത്രങ്ങളുടെ മയൂഖങ്ങള്‍ കണ്ടെത്തി, ഭാവസാന്ദ്രവും ഊഷ്മളവുമായ ആഖ്യാനശൈലിയിലൂടെ, സംവേദനത്തിന് സവിശേഷമായ മാനം നല്‍കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. അത്തരത്തിലുള്ള ഒരു ഡസന്‍ നോവല്ലകളടങ്ങിയ പുസ്തകമാണ് ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ 12 നോവല്ലകള്‍.
വായനക്കരിലേക്ക് ആഴ്ന്നിറങ്ങുന്ന ആഖ്യാനശൈലിയും ഭാവസാന്ദ്രമായ ഭാഷാഘടനയും കൊണ്ട് ഏറെ വ്യത്യസ്തതപുലര്‍ത്തുന്നവയാണ് ഇതിലെ നോവല്ലകള്‍. കലാകൗമുദി, മനോരമ വാര്‍ഷിക പതിപ്പ് വനിത, ഗൃഹലക്ഷ്മി എന്നീ പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ട അകലങ്ങളില്‍ അഭയം, വെളിച്ചത്തിന്റെ പൊളിരുകള്‍, അസ്തമയത്തിന്റെ ശിഖിരം തേടി, പിണയുന്ന വഴികള്‍, നഖചിത്രങ്ങള്‍, പരിണാമം, ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്, ശിശിരനിദ്ര, സാഗരങ്ങളുടെ അകലം, മഴയുടെ നാട്ടില്‍നിന്നൊരു മഞ്ഞുതുള്ളി, തൊണ്ണൂറ്റിമൂന്നിലെ ഗ്രീഷ്മസന്ധ്യ എന്നിങ്ങനെ 12 നോവല്ലകളാണ് ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ 12 നോവല്ലകള്‍ എന്ന സമാഹാരം.
രതിയോടുള്ള ഭയംമൂലം വിശുദ്ധി രക്ഷാകവചമായി കഴിയുന്ന മൃദുല. ഇഷ്ടതോഴി ഷീല, മൃദുലയുടെ അമ്മ ഗോമതി. പിന്നെ സുനില്‍. ഈ 5 വ്യക്തികള്‍ക്കിടയിലെ മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളാണ് ‘അകലങ്ങളില്‍ അഭയം’ എന്ന നോവല്ലയുടെ പ്രമേയം. എന്നാല്‍ ‘പിണയുന്ന വഴികള്‍’ക്ക് പശ്ചാത്തലമൊരുക്കുന്നത്, കുശസ്ഥലിക്ക് കണ്ഠാഭരണമായി വിരാജിക്കുന്ന ക്ഷിപ്രാനദിയാണ്. ഹര്‍ഷ എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെമാണ് ഇത് വികസിക്കുന്നത്. ‘നഖചിത്രങ്ങളില്‍’ കോറിയിടുന്നതാകട്ടെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ നഷ്ടസൗഭാഗ്യങ്ങളില്‍ അസ്തിത്വത്തിന്റെ പൊരുള്‍ തേടുന്ന കുറേ കഥാപാത്രങ്ങളെയാണ്. പക്ഷെ ഭര്‍ത്താവിന്റെ സഡോമസോക്കിസ്റ്റ് വിഭ്രാന്തികളുമായി പൊരുത്തപ്പെടാനാവാത്ത വത്സലയുടെ വ്യാകുലതകളാണ് ‘പരിണാമത്തില്‍’ വായിക്കാനാവുക.
ഇങ്ങനെ തിരുവാഴിയോടിന്റെ കഥാപ്രപഞ്ചത്തില്‍ വിരിയുന്നതെല്ലാം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ജീവിതപശ്ചാത്തലങ്ങളാണ്. വ്യത്യസ്തപ്രമേയങ്ങളും വ്യത്യസ്തമായ പരിചരണരീതിയും ഈ നോവല്ലകളെ ആകര്‍ഷകമാക്കുന്നു.
ആധുനിക നോവല്‍ സാഹിത്യത്തിന് ദിശാബോധം നല്‍കിയ എഴുത്തുകാരില്‍ പ്രമുഖനായ ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ കഥകള്‍, 2011ലെ മലയാറ്റൂര്‍ അവാര്‍ഡ് നേടിയ രതിരഥ്യ, 1992ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ദൃക്‌സാക്ഷി, നീലമലകളിലെ സുവര്‍ണ്ണഞൊറികള്‍, ചൂതാട്ടം, ലയനം തുടങ്ങിയവ അടക്കം തിരുവാഴിയോടിന്റെ പന്ത്രണ്ടോളം പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
The post ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ 12 നോവല്ലകള്‍ appeared first on DC Books.