ആണ്‍മലയാളി കപ്ന ചെയ്ത് ഭരിച്ചു വരുന്ന രതിസാമ്രാജ്യവും പെണ്‍മലയാളികള്‍ കീഴടങ്ങി ജീവിച്ചു തീര്‍ക്കുന്ന സതിസാമ്രാജ്യവുമാണ് തന്റെ തല്പം എന്ന കഥാസമാഹാരത്തിന്റെ പ്രമേയധാര എന്ന് സുഭാഷ്ചന്ദ്രന്‍ പറയുന്നു. സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്ന് രചനകളും സമകാലിക മലയാളി സ്ത്രീയുടെ ദുരവസ്ഥകളെ ധ്യാനപൂര്‍വ്വം നോക്കിക്കാണുന്നതാണ്. ‘സതിസാമ്രാജ്യം’, ‘തല്പം’, ‘ഗുപ്തം: ഒരു തിരക്കഥ’ എന്നിവ മൂന്നും വായനക്കാരുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന രചനകളാണ്.
എഴുത്തുകാരനു മേല്‍ വായനക്കാരന്‍ നേടുന്ന വിജയമാണ് ‘സതിസാമ്രാജ്യം’ എന്ന കഥ. രതിസാമ്രാജ്യത്തിലുള്ള എഴുത്തുകാരന്റെ താല്പര്യത്തെ സതിസാമ്രാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഒടുവില്‍ തന്റെ അധികാരമുപയോഗിച്ച് കഥ പൂര്‍ത്തിയാക്കുന്ന വായനക്കാരനെ ഇതില്‍ കാണാം. ‘ഞാനും ഒരു മനുഷ്യജീവിയാണെന്ന് നിനക്കറിയാഞ്ഞല്ല. പക്‌ഷെ മനുഷ്യത്വത്തേക്കാള്‍ മേലേയാണ് പുരുഷത്വം എന്ന് മുന്നേ നീ ഉറച്ചുപോയി’ എന്ന പ്രാരംഭമൊഴിയോട് നീതി പുലര്‍ത്തുന്നതാണ് സതിസാമ്രാജ്യം എന്ന രചന.
വിലയ്ക്ക് വാങ്ങിയ വൈദ്യപദവിയില്‍ വിരാജിക്കുന്ന യുവഡോക്ടര്‍ വള്ളോക്കാരന്‍ ആശുപത്രിയില്‍ മാരകരോഗിയായ അച്ഛനു കൂട്ടിരിക്കുന്ന, ഡോക്ടറാകാന്‍ മോഹിക്കുന്ന കമല എന്ന കൗമാരക്കാരിയെ ആംബുലന്‍സിലെ ശവമഞ്ചത്തിലെത്തിച്ച് കാമപൂര്‍ത്തി വരുത്തുന്ന കഥയാണ് ‘തല്പം‘ പറയുന്നത്. കൊറിന അലാമില്ലോ എന്ന കൗമാരക്കാരിയുടെ മസ്തിഷ്‌ക ശസ്ത്രക്രിയയുടെ രംഗവും ഇതില്‍ ഇഴ ചേര്‍ത്തിരിക്കുന്നു. രണ്ട് തരത്തിലുള്ള ശവതല്പങ്ങളില്‍ വെച്ച് ഇരുവര്‍ക്കും അനുഭവങ്ങള്‍ പ്രകാശിപ്പിക്കാനുള്ള ഭാഷ നഷ്ടപ്പെടുന്നു.
സുഭാഷ്ചന്ദ്രന്റെ ഈ രചനകളില്‍ ഏറ്റവും ദൈര്‍ഘ്യം ഏറിയതാണ് ഗുപ്തം: ഒരു തിരക്കഥ. തന്റെ മുറിയിലെ അലമാരയില്‍ കൗമാരക്കാരിയായ സുഹൃത്ത് പ്രതിഭയെ അടച്ചിടേണ്ടി വന്ന പതിനാറുകാരന്‍ പ്രണവിന്റെ കഥയാണ് ഗുപ്തം പറയുന്നത്. മറ്റു രണ്ട് രചനകളുടെ തുടര്‍ച്ചയെന്നോണം പുരുഷനു മാത്രമല്ല, പുരുഷനാവാന്‍ ഒരുങ്ങുന്ന കൗമാരക്കാരനും പെണ്ണിനെക്കാണാന്‍ ആസക്തിയുടെ കണ്ണു മാത്രമേയുള്ളുവെന്ന് സുഭാഷ്ചന്ദ്രന്‍ പറയുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ വായനക്കാരെ നിര്‍ത്തി പറയുന്ന ഗുപ്തം ഒരു തിരക്കഥയുടെ ശൈലിയില്‍ എഴുതപ്പെട്ടതാണ്.
സുഭാഷ്ചന്ദ്രന്റെ മറ്റ് രചനകളിലെന്ന പോലെ ഈ മൂന്ന് കഥകളും ദൃശ്യപ്രധാനമാണ്. വായനക്കാരന്റെ മനസ്സില്‍ ആഴത്തില്‍ ദൃശ്യങ്ങള്‍ പതിയും വിധമുള്ള രചനാശൈലി പുസ്തകത്തെ ഏറെ ശ്രദ്ധേയമാക്കിയിരിക്കുന്നു. 2006ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ഏഴാം പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.