കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ച ചെയ്യപ്പെടുന്നു. ഇതിലെ ഓരോ പുസ്തകങ്ങളും നമ്മുടെ സർവ്വതോമുഖമായ വളർച്ചാ ഘട്ടങ്ങളുടെ പല തലങ്ങളെ അഭിമുഖീകരിക്കുന്നതാണ്. 1975-ൽ ഇന്ദിര ഗാന്ധി ഗവണ്മെന്റ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ നേർചിത്രത്തെ അവതരിപ്പിക്കുന്ന കേരളം 60 പരമ്പരയിലെ പുസ്തകമാണ് കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം.
രാജ്യത്തിൻറെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ ഭരണകൂടത്തിന്റെ ഇടപെടലകളും അവയെ രാജ്യം പ്രതിരോധിച്ച രീതികളും വിശദമാക്കുന്നതാണ് കെ പി സേതുനാഥിന്റെ കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം.
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 1975-77 കാലഘട്ടത്തിൽ ഇന്ദിര ഗാന്ധി സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അറിയപ്പെടുന്നത്. പൗരാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിൽ അതിനെതിരായ പ്രതിഷേധസ്വരങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവർത്തിച്ചുവെന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഇന്ത്യയുടേയും കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തിൽ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. കൂടാതെ, രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെകുറിച്ചുള്ള വിലയിരുത്തലും പുസ്തകം നടത്തുന്നു.
ചരിത്രത്തിൽ ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദവും നേടിട്ടുള്ള കെ പി സേതുനാഥ് ഡൽഹി, ബാംഗ്ലൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം കൊച്ചിയിൽ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ സീനിയർ എഡിറ്ററായി പ്രവർത്തിക്കുന്നു.