വ്യത്യസ്ത ലോകങ്ങളിലിരുന്ന് സ്ത്രീകള്‍ എഴുതിയ കഥ, കവിത, അനുഭവങ്ങള്‍, കുറി പ്പുകള്‍ എന്നിവയുടെ സമാഹാരമാണ് ‘ഒറ്റനിറത്തില്‍ മറഞ്ഞിരുന്നവര്‍’ എന്ന പുസ്തകം. ഡി സി ബുക്‌സ് ലിറ്റമസ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച് ഒടിയന്‍, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ കെ ഹരികൃഷ്ണന്‍ എഴുതിയ അവതാരിക;
‘പെണ്‍കടലുകളിലെ സ്വതന്ത്ര ദ്വീപുകള്‍’
ചിലരിലെങ്കിലുമുണ്ട്, ഒരു മറ്റൊരാള്‍.
നിദ്ര അല്ലാത്തൊരു നിദ്രയില്‍ കാണുന്ന, സ്വപ്നമല്ലാത്തൊരു സ്വപ്നത്തെക്കുറിച്ചു പറയുന്നുണ്ട് കാഫ്ക, ഫെലിസിനെഴുതിയ കത്തുകളിലൊന്നില്‍. അങ്ങനെയൊരു ഉറക്കം, അങ്ങനെയൊരു കിനാവും, അങ്ങനെ ഉള്ളില്‍ വേറൊരാള്‍കൂടിയുള്ളയാള്‍ക്കേ അനുഭവിക്കാനാവൂ. കാരണം, അവനോ അവളോ മറ്റൊരു ജീവിതംകൂടി വഹിക്കുന്നുണ്ട്.
അങ്ങനെയുള്ള കുറേ മറ്റൊരാള്‍മാരുടെ സംഗമമോ സമാഹാരമോ സംഗീതികയോ ആണ് ഈ പുസ്തകം. ദൂരങ്ങളെ അതിലംഘിക്കുന്നവരുടെ, അക്ഷാംശത്തെയും രേഖാംശത്തെയും സ്വപ്നംകൊണ്ടും ഇച്ഛകൊണ്ടും തോല്‍പ്പിക്കുന്നവരുടെ വിചിത്രപുസ്തകമായും എനിക്കിതിനെ കാണാന്‍ തോന്നുന്നു. ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍ ഒരേ ഭാഷകൊണ്ട് ഒരുമിച്ചപ്പോള്‍ അതൊരു മഴവില്ലായില്ലെങ്കില്‍ അതിലായിരുന്നു അത്ഭുതം. നിറങ്ങള്‍ എന്ന ഒറ്റ പൊതുഭൂമികയില്‍ ഈ പുസ്തകത്തിലെ രചനകള്‍ സമാഹരിച്ചിട്ടില്ലെങ്കില്‍ അതിലുമുണ്ടാവുമായിരുന്നു അത്ഭുതം.
ഭൂമിയിലെ പലയിടങ്ങളിലായി പലവിധത്തില്‍ പല പ്രായത്തില്‍ പല നിറത്തില്‍ ജീവിക്കുന്ന മലയാളി വനിതകള്‍ ‘ക്വീന്‍സ് ലോഞ്ച്’ എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ ഒരുമിച്ചു. അവര്‍ ആ പൊതുഇടത്തില്‍ കഥയും കവിതയും ഓര്‍മയും ലേഖനങ്ങളുമൊക്കെ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. ആ കൂട്ടുചേരലിന്റെയും എഴുത്തുചേരലിന്റെയും ഒന്നാം പിറന്നാളിന് ഇങ്ങനെയൊരു പുസ്തകമുണ്ടാവുകയും ചെയ്യുന്നു.
ജീവിതത്തിന്റെ തിരക്കില്‍, മടുപ്പില്‍, ആഘോഷത്തില്‍, പ്രണയത്തില്‍, നിരാസത്തില്‍, ചിരിയില്‍, കരച്ചിലില്‍, ഓര്‍മയില്‍, ഏകാന്തതയിലൊക്കെ പിറന്നതിന്റെ സത്യസന്ധതയാവണം ഈ പുസ്തകത്തിന്റെ മുദ്രാമുഖം എന്നു ഞാന്‍ വിശ്വസിക്കുന്നു. എഴുത്തിന്റെ മികവുപരിശോധനയ്ക്കപ്പുറത്ത് ഈ സത്യസന്ധതയും ജീവിതാവബോധവും നിലപാടുബോധ്യവും സ്വാതന്ത്ര്യമോഹവും ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുകയും ചെയ്യുന്നു.
വിര്‍ജിനീയ വൂള്‍ഫ് പറഞ്ഞതുപോലെ, വേരാഴ്ത്തിയിട്ടും ഒഴുകാനാവുന്ന വേറൊരുവളും ഇതിലുണ്ട്. അത്രമേല്‍ ക്ലേശകരമെങ്കിലും എഴുത്തിന്റെ ഉയര്‍വിതാനങ്ങളിലൂടെ ഒഴുകിനീങ്ങുന്ന അങ്ങനെയൊരു ജലസസ്യം അവളവളെ എഴുതുമ്പോള്‍ അതെത്രമേല്‍ ആനന്ദകരം. തുറവിയുടെ പുസ്തകമാകുന്നതുപോലെ ഇതില്‍ തീക്ഷ്ണങ്ങളായ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. യുകെയിലോ യുഎസിലോ അയര്‍ലാന്‍ഡിലോ അങ്കമാലിയിലോ ഇരുന്ന് അവള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുണ്ട്: ഇതെന്റെ ഇടം. ഇതെന്റെ നിറം. അതുകൊണ്ട് പെണ്‍കടലിലെ എന്റെ ഈ ദ്വീപിന് ഞാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
പ്രിയപ്പെട്ട കൂട്ടുകാരികളെ, നിങ്ങളുടെ ചങ്ങാത്തയിടത്തിലെ വാര്‍ഷികവളയങ്ങളോരോന്നും ഇങ്ങനെയുള്ള ഫലശ്രുതികള്‍ നല്‍കിക്കൊണ്ടേയിരിക്കട്ടെ. ഓരോ പുരുഷനിലുമുള്ള പെണ്‍മയുടെ ആ വിഹിതംകൂടി ചേര്‍ത്ത്, സാഹോദര്യവും ഐക്യദാര്‍ഢ്യവും സ്‌നേഹവും പ്രണയവും പങ്കിട്ടുകൊണ്ട്, ഈ പുസ്തകത്തില്‍ ഉമ്മവയ്ക്കുന്നു.