Image may be NSFW.
Clik here to view.
ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും…
കടമ്മനിട്ടയിയുടെ ചാക്കാല എന്നകവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് കൊച്ചാട്ടന്‍ എന്ന ഓര്‍മ്മ പുസ്തകത്തിലൂടെ. ശാന്തേ മറക്കാം. ഇച്ചെറുമുറ്റത്തിരുന്നീ വിശാലമാം വിണ്ണിന്റെ ഭംഗികളൊന്നിച്ചു പങ്കിടാം..
എന്ന് കവി പാടിയതുപോലെ അവര്‍ സ്വന്തമാക്കിയ മാത്രകളുടെ വിസ്മയാര്‍ത്ഥം തിരഞ്ഞുകണ്ട് കവിയെ വീണ്ടും നമ്മുടെ മുന്നില്‍ പ്രതിഷ്ഠിക്കുന്ന നിറഞ്ഞ ഓര്‍മ്മകളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൊച്ചാട്ടന്‍ എന്ന പുസ്തകം.
വലിയ എഴുത്തുകാരിയൊന്നുമല്ലാത്ത തനിനാട്ടിന്‍പുറത്തുകാരിയായ, എന്നാല്‍ ആയുസ്സിന്റെ ഏറിയപങ്കും ഒരു കവിയുടെ ജീവിത സഖിയായി കഴിയാന്‍ ഭാഗ്യം സിദ്ധിച്ച അവര്‍ തന്റെ പ്രിയ ഭര്‍ത്താവിനെ സ്മരിക്കുന്നു. കടമ്മനിട്ടയെ ആദ്യംകണ്ടനാളുകളെക്കുറിച്ചും പിന്നെ കടമ്മനിട്ടയുടെ ജീവിതസഖിയായി കൂടെ കൂടിയ നാളും അദ്ദേഹത്തിന്റെ പടയണിപ്രണയവും, കവിതയെഴുത്തും, സൗഹൃദങ്ങളും, ദുശ്ശീലങ്ങളും നല്ലശീലങ്ങളും എല്ലാം ഓര്‍മ്മയില്‍ നിന്നും അതേ നൗര്‍മല്യത്തോടെ അവര്‍ ഓര്‍ത്തെടുക്കുന്നു.
Image may be NSFW.
Clik here to view.കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവിമാത്രമല്ല ഇവിടെ സ്മരിക്കപ്പെടുന്നത്. അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന, എം ഗോവിന്ദന്‍, ഡി വിനയചന്ദ്രന്‍, തകഴി ശിവങ്കകരപിള്ള, അടൂര്‍ ഗോപാലകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ഇഎംഎസ്, നരേന്ദ്രപ്രസാദ് തുടങ്ങി സാഹിത്യസിനിമാരംഗത്തെ പ്രമുഖരുമുണ്ട് കൂട്ടത്തില്‍. എം ആര്‍ രാമകൃഷ്ണപ്പണിക്കര്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എന്നും കടമ്മനിട്ട എന്ന ചുരുക്കപ്പേരിലേക്ക് വളര്‍ന്ന കവിയേയും എംഎല്‍എയേയും, അമ്മയെയും ഭാര്യയേയും മക്കളെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്ന, ഒരു സാധാരണ ഗൃഹനാഥനെയുമെല്ലാം ശാന്തയുടെ വാക്കുകളിലൂടെ നമുക്ക് കാണാനാകും. വിമര്‍ശകര്‍ക്കുപോലും ഭയമായിരുന്ന ദേക്ഷ്യക്കാരനായ, കവിത ഉച്ചത്തില്‍ ചൊല്ലുന്ന…, സിനിമാപ്രേമിയായ കടമ്മനിട്ടയെയും നമുക്കിതില്‍ കാണാം..
ശാന്ത, കോഴി തുടങ്ങി കടമ്മനിട്ടക്കവിതകളിലെ വരികളിലൂടെയാണ് ഈ പുസ്തകത്തിന്റെ ഒരോഭാഗവും തുടങ്ങുന്നത്. കാതരെ, കരിമിഴിക്കോണിലീവെളിച്ചത്തിന്‍ കീറുമായിരുട്ടത്ത് വന്നതിന്നാരെ നോക്കി എന്ന കാവ്യ ശകലത്തോടെ തുടങ്ങുന്ന പുസ്തകം, ഇല്ല നമ്മുക്കായൊരു സന്ധ്യ രാപ്പാതിയല്ലാതെ എന്നതലക്കെട്ടോടെയാണ് അവസാനിക്കുന്നത്.
മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരിയാണ് കൊച്ചാട്ടന്‍ എന്ന ഈ പുസ്തകത്തിന് അവതാരികയെഴുതിയത്. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ വള്ളിക്കോടാണ് പുസ്തകം തയ്യാറാക്കിയത്.