Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

വൈദ്യപ്രതിഭയുടെ സാഹിത്യബോധം; വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം എന്ന പുസ്തകത്തിന് കെ പി അപ്പന്‍ എഴുതിയ അവതാരിക

$
0
0

ജിജ്ഞാസയാണ് പ്രതിഭയുടെ ആരംഭം. ബുദ്ധിയുള്ളവനായിരിക്കുക എന്നതാണ് എഴുത്തിന്റെ അടിസ്ഥാനപരമായ യോഗ്യത. ഇതു രണ്ടും ഡോക്ടര്‍ കെ. രാജശേഖരന്‍ നായര്‍ക്കുണ്ട്. അതുകൊണ്ടാണ് വൈദ്യശാസ്ത്രത്തിനും സാഹിത്യത്തിനുമിടയ്ക്ക് എഴുത്തിന്റേതായ ഒരു മൂല്യപദ്ധതി കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കുന്നത്. മനുഷ്യന്‍ എഴുത്താരംഭിച്ചപ്പോള്‍ത്തന്നെ രോഗവും മരുന്നും എഴുത്തിന്റെ വിഷയമായിക്കഴിഞ്ഞിരുന്നു. അതിന്റെ എല്ലാ ആദരവും പ്രാചീനവൈദ്യന് കിട്ടിയിരുന്നു. അതുകൊണ്ടാണ് യവനര്‍ ആസ്‌ക്ലെപ്പിയസ് എന്ന വൈദ്യനെ ദേവനായി ആരാധിച്ചത്. ഡോക്ടര്‍ രാജശേഖരന്‍നായരുടെ എഴുത്തില്‍ രോഗശാസ്ത്രവും സാഹിത്യപഠനവും രസകരമാംവിധം കലരുന്നു. ആദ്യപുസ്തകത്തില്‍ത്തന്നെ സിരാശാസ്ത്ര യാഥാര്‍ത്ഥ്യങ്ങള്‍ സാഹിത്യ വിമര്‍ശനത്തിന്റെ തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളെ തേടുന്നുണ്ടായിരുന്നു. എഴുത്തുകാരുടെ സ്വഭാവത്തിലെ ഭീകര വൈരൂപ്യങ്ങളും പ്രവര്‍ത്തനത്തകരാറുകളും കണ്ടെത്തി അവയെ സാഹിത്യനിരൂപണത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അങ്ങനെ സാഹിത്യത്തില്‍ പൊതുവെ പതിവില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സിരാവിജ്ഞാനീയത്തെ സാഹിത്യാസ്വാദനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഡോക്ടര്‍ ചെയ്തത്. അതൊരു ചികിത്സപോലെയായിരുന്നു. നമ്മുടെ സാഹിത്യാസ്വാദനത്തില്‍ ജന്മനാ ഉള്ളതോ ആര്‍ജ്ജിക്കപ്പെട്ടതോ ആയ വൈകല്യങ്ങളെ ശസ്ത്രക്രിയയോ ഔഷധമോ കൂടാതെ ഭേദമാക്കുന്ന ചിന്തയായിരുന്നു അത്. ഈ സ്വഭാവം ഈ ഗ്രന്ഥത്തിലും കാണാം.

ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് പ്രാചീനവൈദ്യന്മാരെ ആദരിക്കുന്നു. അതു ബൗദ്ധികമായ ഗുരുപൂജയാണ്. രോഗത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചും ആയുസ്സിനെക്കുറിച്ചും അറിവുതരുന്ന വാക്കുകളാണ് അവര്‍ പറഞ്ഞത്. മനുഷ്യന്റെ ആയുസ്സ് അവരുടെ വാക്കുകളില്‍ സ്ഥിതിചെയ്തു. മനുഷ്യശരീരത്തെ ആതിഥേയനാക്കുന്ന രോഗങ്ങള്‍ അവരുടെ ചിന്തയെ ജീവിതകാലം മുഴുവന്‍ അലട്ടിയിരുന്നു. ചികിത്സകന്റെ മുമ്പില്‍ പ്രകോപനത്തോടെ നില്ക്കുന്ന രോഗങ്ങളെ അവര്‍ നേരിട്ടു. അതിന് ലോകം അവര്‍ക്ക് കൊടുക്കേണ്ട ആദരവ് വളരെ വലുതാണ്. ഈ ആദരവ് കൊടുത്തുകൊണ്ടാണ് ദീര്‍ഘവിസ്മൃതങ്ങളായ ലോകങ്ങളില്‍നിന്ന് അവരെ സ്വീകരിച്ച ഗ്രന്ഥകാരന്‍ നമ്മുടെ കണ്‍മുമ്പില്‍ അവതരിപ്പിക്കുന്നത്. മരുന്നിനെ മന്ത്രവാദത്തില്‍നിന്ന് മോചിപ്പിച്ച ഹിപ്പോക്രാറ്റിസിനെ അവതരിപ്പിക്കുമ്പോള്‍ കോസ് എന്ന ദ്വീപും ഈസ്‌കലാപിയസ്സിന്റെ ദേവാലയവും നമ്മുടെ കണ്‍മുമ്പില്‍ എത്തുന്നു. നിരീക്ഷണഫലമായി ലഭിച്ച കാര്യങ്ങളില്‍മാത്രം വിശ്വസിച്ചിരുന്ന ആ വൈദ്യപ്രതിഭയെ നാം അടുത്തറിയുന്നു. ‘ഞാന്‍ അപ്പോളോവിന്റെയും ഈസ്‌കലാപിയസ്സിന്റെയും പേരില്‍ പ്രതിജ്ഞ ചെയ്യുന്നു’ എന്നുതുടങ്ങുന്ന വാക്കുകള്‍ നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു. ആധുനിക വൈദ്യത്തിന്റെ പിതാവായ വില്യം ഓസ്‌ലറെക്കുറിച്ചുള്ള പ്രബന്ധം വായിക്കുമ്പോഴും നാം ഈ അനുഭവത്തിലാണ്. ഡോക്ടര്‍ രാജശേഖരന്‍ നായര്‍ വളരെ ലളിതമായി എഴുതുന്നു. താദാത്മ്യം പ്രാപിച്ചുകൊണ്ടു വിസ്തരിക്കുന്നു. എല്ലാം വളരെ സുതാര്യം. ബൗദ്ധികമായ വേദന/പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന ഭാഗങ്ങള്‍ ഒന്നുമില്ല. വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വിചാരശരീരത്തിലെ എല്ലാവിധ ഓസ്‌ലര്‍ നോഡുകളും ഒഴിവാക്കിക്കൊണ്ടുള്ള രചനയാണത്. പൊതുവെ പ്രാചീന വൈദ്യപാരമ്പര്യത്തിലെ പ്രതിഭകളെ അനുസ്മരിക്കുമ്പോള്‍ ഈയൊരു രീതിയാണ് ഗ്രന്ഥകാരന്‍ സ്വീകരിക്കുന്നത്. അതു വായനയെ സുഖാസ്വാദനത്തിന്റെ ലോകത്തിലേക്കു കൊണ്ടുപോകുന്നു. ഇക്കൂട്ടത്തില്‍ ചരകനും സുശ്രുതനും പൂജിക്കപ്പെടുന്നില്ല. എന്നാല്‍ ചികിത്സയെ പ്രാര്‍ത്ഥനാരൂപത്തിലേക്ക് ഉയര്‍ത്തുന്ന ഡോക്ടറുടെ ചിന്തയ്ക്ക് ചരക-സുശ്രുതങ്ങളിലെ സംസ്‌കാരമുണ്ട്. ഈ ലേഖനങ്ങളില്‍ ഉള്‍ക്കാഴ്ചയും താര്‍ക്കികമായ അവതരണരീതിയും ഒന്നിച്ചുപോകുന്നു. രോഗങ്ങള്‍ ശമിപ്പിക്കുന്നതുപോലെയാണ് ഡോക്ടര്‍ രാജശേഖരന്‍ നായര്‍ നമ്മുടെ സംശയങ്ങള്‍ ശമിപ്പിക്കുന്നത്.

ഒടുവില്‍ ഗ്രന്ഥകാരന്‍ ചിത്രകലയിലേക്കും സാഹിത്യത്തിലേക്കും വരുന്നു. റൈ ഊനോസുക്കിയുടെ ‘കാപ്പ’ എന്ന കഥയില്‍നിന്ന് അദ്ദേഹത്തിന്റെ ഭ്രാന്തമായ സിരാപടലത്തിലേക്ക് കടക്കുന്നു. നോര്‍വീജിയന്‍ ചിത്രകാരനും എക്‌സ്പ്രഷനിസത്തിന്റെ മുന്‍ഗാമികളില്‍ ഒരാളുമായ എഡ്‌വാര്‍ഡ് മുങ്കിന്റെ ചിത്രങ്ങളിലെ പ്രമേയങ്ങളിലൂടെ അദ്ദേഹത്തിന്റെ ഉന്മാദംനിറഞ്ഞ കലാവ്യക്തിത്വത്തിലേക്ക് കടക്കുന്നു. അങ്ങനെ സാഹിത്യകലാകാരന്റെയും ചിത്രകാരന്റെയും സൃഷ്ടികളിലെ മതിഭ്രമങ്ങളുടെ വേതാളങ്ങളെയും പിശാചരൂപമായ ഭ്രമങ്ങളെയും കണ്ടെത്തുന്നു. തലച്ചോറിലെ ട്യൂമറുകളെ എളുപ്പത്തില്‍ തിരിച്ചറിയുന്ന നാഡീരോഗചികിത്സാവിദഗ്ദ്ധനെപ്പോലെയാണ് ഡോക്ടര്‍ രാജശേഖരന്‍ നായര്‍ സത്യം കണ്ടെത്തുകയും എഴുതുകയും ചെയ്യുന്നത്. ‘ആരോഗ്യനികേതനം‘ വൈദ്യനെയും എഴുത്തുകാരനെയും വിടാതെ പിന്‍തുടരുന്ന നോവലാണ്. ഇതു രണ്ടുമായ ഗ്രന്ഥകാരന്‍ അവസാനം ഈ കലാസൃഷ്ടിയില്‍ വന്നുചേരുന്നു. ശരീരത്തിനുമേലുള്ള രോഗത്തിന്റെ അധികാരവും മരണത്തിന്റെ അന്ധമായ നീതിയും പ്രത്യക്ഷമാക്കുന്ന നോവലാണത്. രോഗത്തിനു മരുന്നു കൊടുക്കാം. എന്നാല്‍ രോഗത്തിന്റെ കൈപിടിച്ചു മൃത്യു വന്നാല്‍ എന്തു ചെയ്യും? എന്ന താരാശങ്കര്‍ ബാനര്‍ജിയുടെ ചോദ്യത്തിനു മുമ്പില്‍ പതറിപ്പോകാത്ത വൈദ്യനാരാണ്? എഴുത്തുകാരനാരാണ്? സത്യത്തിന്റെ ഈ തീക്ഷ്ണബിന്ദുവിലേക്കാണ് അവസാന രചന നീങ്ങുന്നത്.

വൈദ്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് വൈദ്യത്തിന്റെ സാമ്പ്രദായിക ചുറ്റുപാടില്‍നിന്ന് ഡോക്ടര്‍ രാജശേഖരന്‍ നായര്‍ സ്വതന്ത്രനാകുകയാണ്. അദ്ദേഹത്തിന്റെ ആലോചനകള്‍ക്ക് നല്ല കണിശത. അതു നാഡീവ്യൂഹത്തില്‍ ചെയ്യുന്ന ശസ്ത്രക്രിയപോലെ സൂക്ഷ്മമാണ്. ഭാഷയുടെ ഞരമ്പിന് ബലക്ഷയമില്ല. അതു പൈതൃകമായിക്കിട്ടിയ ഭാഷാബോധമാണ്. അതിന് സാഹിത്യഭൂഷണത്തിന്റെയും പുഷ്പാഞ്ജലിയുടെയും വ്യാകരണമഞ്ജരിയുടെയും പിന്‍തുണയുണ്ട്. ഈ വൈദ്യപ്രതിഭയുടെ പ്രവര്‍ത്തനം മാനവികമൂല്യങ്ങളെയാണ് ലക്ഷ്യംവയ്ക്കുന്നത്. മാനവികതയുടെ പ്രായോഗികമൂര്‍ത്തീകരണമായി വൈദ്യശാസ്ത്രത്തെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ വിചാരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. മാനവികതയെയും വൈദ്യശാസ്ത്രത്തെയും സംയോജിപ്പിക്കുന്ന മൂല്യമാണത്. ഒരു വൈദ്യശാസ്ത്ര മാനവിക പ്രമാണങ്ങള്‍ രൂപപ്പെടുത്താനുള്ള ആഗ്രഹംപോലെയാണ് ഈ പുസ്തകത്തിലെ വിചാരങ്ങള്‍ രൂപംകൊള്ളുന്നത്. വൈദ്യം സാഹിത്യമാകുമ്പോള്‍ എന്ന ഉപന്യാസത്തില്‍ ഇതിന്റെ സംസ്‌കാരമുണ്ട്. ഇതിലെല്ലാം ഒരു വൈദ്യപ്രതിഭയുടെ സാഹിത്യബോധം പ്രതിഫലിക്കുകയുംചെയ്യുന്നു. അതിനാല്‍ സാഹിത്യവിചാരത്തിന്റെ ശരീരവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ആരോഗ്യകരമായ വായനയ്ക്ക് ഡോക്ടര്‍ രാജശേഖരന്‍ നായരുടെ അന്വേഷണങ്ങള്‍ ഔഷധമാകും എന്ന വിശ്വാസത്തോടെ ഈ ഗ്രന്ഥം സന്തോഷപൂര്‍വം ഞാന്‍ അവതരിപ്പിക്കുന്നു.


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>