കലോത്സവ നാടകവേദിയുടെ രസതന്ത്രത്തെ തകിടം മറിച്ച്, പുതിയ മാനം നല്‍കിയ നാടകങ്ങളുടെ സമാഹാരമാണ് ശിവദാസ് പൊയില്‍ക്കാവിന്റെ കാന്താരിപ്പൊന്ന്. ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും വിവിധ വര്‍ഷങ്ങളിലായി സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളില്‍ അവതരിപ്പിക്കുന്നവയാണ്. കറിവേപ്പില, കാക്ക, കാന്താരിപ്പൊന്ന്, പല്ലിയും പൂവും, മിണ്ടാപ്രാണി എന്നിവയാണ് ഈ സമാഹാരത്തിലെ നാടകങ്ങള്‍.
ആദ്യത്തെ മൂന്നിലും മുതിര്‍ന്നവരുടെ ലോകം കുട്ടികളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുകയണ്. പല്ലിയുംപൂവും, മിണ്ടാപ്രാണി എന്നിവയാകട്ടെ കൗമാരവയസ്സിലെത്തിയ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ്. ലളിതമായ നര്‍മ്മമുഹൂര്‍ത്തങ്ങളും കുട്ടികളുടെ ലോകത്തിന് കൂടുതല്‍ പരിചിതമായ മനുഷ്യേതര കഥാപാത്രങ്ങളും ഗാനങ്ങളും ചേരുന്ന നാടകഭാഷയുപേയാഗിച്ചാണ് ഗ്രന്ഥകര്‍ത്താവ് തന്റെ നാടകങ്ങളുടെ ഘടന നിര്‍മ്മിക്കുന്നത്. ഇക്കൂട്ടത്തില്‍ അത്ഭുതകരമെന്ന് പറയാവുന്ന ഇതിവൃത്തം കാക്കയുടേതാണ്. ‘അയ്യപ്പന്റമ്മ നെയ്യപ്പംചുട്ടു…’ എന്നു തുടങ്ങുന്ന കുട്ടികളുടേതും കുട്ടിക്കാലത്തിന്റെതുമായ നാടോടിഗാനത്തില്‍നിന്ന് ഒരു നാടകേതിവൃത്തം നൂറ്റെടുക്കുകയാണ് ശിവദാസ്. ബാലഭാവനയോട് സംവദിക്കാനുള്ള അധികശേഷി ഈ നാടകത്തെ ഒരു മികച്ച രംഗാവതരണ വിജയമാക്കി മാറ്റുന്നു.
മനുഷ്യേതര കഥാപാത്രങ്ങള്‍ ശിവദാസന്റെ ഒട്ടുമിക്ക നാടകങ്ങളിലുമുണ്ട്. മിണ്ടാപ്രാണിയില്‍ അത് പശു എന്ന ഗാര്‍ഹികമൃഗമാകുമ്പോള്‍ പല്ലിയും പൂവും എന്നനാടകത്തിലത് പല്ലിയും വാനമ്പാടിയപം പച്ചത്തുള്ളനും ചെടിയും കഥാപാത്രങ്ങളാകുന്നു. എന്നാല്‍ കറിവേപ്പിലയില്‍ ചെകുത്താനും ചെകുത്താച്ചിയുമാകുന്നു മനുഷ്യേതര കഥാപാത്രങ്ങള്‍. ഗംഭീരമായ ഒരു ഫോസ്റ്റിയന്‍ ഇതിവൃത്തത്തെ ബാലനാടകവേദിയുടെ ലാഘവത്വത്തിലേക്കും ക്രീഡാപരതയിലേക്കും പാകപ്പെടുത്തിയെടുക്കുകയാണ് ഇവിടെ ശിവദാസ്.
കുട്ടികളെ കുട്ടിക്കളിക്കമ്പത്തിന്റെ പരിമിതിയില്‍ തന്നെ തളച്ചിടാനോ അവരെ അവിടെനിന്ന് അടര്‍ത്തിമാറ്റി മുതിര്‍ന്നവരുടെ ലോകത്തിലെ പൗരന്മാമാരാക്കി മാറ്റാനോ ഈ നാടകങ്ങള്‍ ശ്രമിക്കുന്നില്ല. അഭിനേതാക്കള്‍ എന്ന നിലയില്‍ പകര്‍ന്നാട്ടത്തിലുള്ള സഹചരസവും കുട്ടിക്കളിയിലുള്ള ഉത്സവപരതയും കുട്ടികള്‍ക്ക് സമ്മാനിക്കുന്ന നാടകങ്ങളാണിവ. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ലോകങ്ങള്‍ക്കിടയിലുള്ള വാതില്‍പ്പടിയിലിരുന്നുകൊണ്ടാണ് കുട്ടികളുടെ നാടകം കാണുന്നത്. ആ ബാല പ്രേക്ഷകരെയും അവരെ ചൂള്‍ന്നുനില്‍ക്കുന്ന മുതിര്‍ന്നവരായ പ്രേക്ഷരെയും വ്യത്യസ്താനുപാതങ്ങളില്‍ സംബോധനചെയ്യുന്നുണ്ട് ഈ നാടകങ്ങള്‍.
കുട്ടികള്‍ക്ക് മാത്രമായി തയ്യാറാക്കി മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച കാന്താരിപ്പൊന്നിലെ നാടകങ്ങള്‍ക്ക് കെ ടി മുഹമ്മദ് രചനാ പുരസ്‌കാരം, സംസ്ഥാനവിദ്യാരംഗം അവാര്‍ഡ് എന്ന ലഭിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.