ആത്മീയത മറയാക്കി ലൈംഗികചൂഷണങ്ങളും കൊലപാതകങ്ങളും നിര്‍ബന്ധിത വന്ധ്യകരണവും ഉള്‍പ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങള്‍ നടത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ആധോലോക ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന അന്വേഷണാത്മക പുസ്തകമാണ് ഗുര്‍മീത് റാം റഹീം സിങ്; ആള്‍ദൈവ താണ്ഡവം. ഒപ്പം ഇന്ത്യയിലെ അഴികളെണ്ണിയ ആള്‍ദൈവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയ പ്രസിദ്ധീകരിച്ച ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് നീലാഞ്ജനാണ്.
പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം;
സുനാരിയ ജയില്‍ സമുച്ചയത്തിലെ ലൈബ്രറി. അവിടെ ഒരു കസേരയില്‍ പിടിച്ചുനില്‍ക്കുകയാണ് ഗുര്‍മീത് റാം റഹീം സിങ് ഇന്‍സാനെന്ന ആള്‍ദൈവം. പുതുതലമുറ ബൈക്കുകളോടിക്കുന്ന, അടിപൊളി നമ്പറുകള്‍ക്കൊത്തു ചുവടുവയ്ക്കുന്ന, ആരാധകര്‍ അതിമാനുഷനെന്നു വാഴ്ത്തുന്ന ബാബ, കസേരയിലെ പിടിവിട്ടാല്‍ വേച്ചു വീഴുമെന്ന മട്ടില്‍ നില്‍ക്കുകയാണ്. ബലാല്‍സംഗക്കേസ്സില്‍ ശിക്ഷ വിധിക്കാന്‍ ഒരുങ്ങുകയാണ് ജഡ്ജി. സുരക്ഷാകാരണങ്ങളാലാണ് വിധി പ്രസ്താവിക്കുന്നതു സുനാരിയയിലേക്കു മാറ്റിയത്. ഹെലികോപ്റ്ററിലാണ്
ജഡ്ജിയെ ഇവിടേക്ക് എത്തിച്ചത്.
വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് ജഡ്ജി പ്രതിഭാഗത്തിനും വാദിഭാഗത്തിനും പത്തുമിനിട്ടു വീതം അനുവദിച്ചു. മാപ്പര്‍ഹിക്കാത്ത കടുത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ബലാല്‍സംഗത്തിനുള്ള പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നുമായിരുന്നു സിബിഐയുടെ അഭിഭാഷ
കന്‍ വാദിച്ചത്. ഗുര്‍മീത് സമൂഹത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ച പ്രതിഭാഗം അഭിഭാഷകന്‍ ആരോഗ്യസ്ഥിതികൂടി കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവു വരുത്തണമെന്ന് അപേക്ഷിച്ചു.
ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ഗുര്‍മീതിനോടു ചോദിച്ചു. ‘എനിക്കു മാപ്പു തരൂ’ എന്നുപറഞ്ഞു കൈകൂപ്പി. സദാ പ്രസന്നനായ, എപ്പോഴും ചിരി വിടരുന്ന മുഖത്ത് കരച്ചിലിന്റെ കാര്‍മേഘങ്ങള്‍. ഗുര്‍മീത് വിതുമ്പാന്‍ തുടങ്ങി.
ജഡ്ജി വിധി പ്രഖ്യാപിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ 376, 506 വകുപ്പുകളനുസരിച്ച് ഇരുപതു വര്‍ഷം കഠിനതടവ്. ഓരോ കേസ്സിലും പത്തുവര്‍ഷം വീതമാണ് തടവ്. ശിക്ഷ വെവ്വേറെഅനുഭവിക്കണം. അങ്ങനെ വരുമ്പോള്‍ 20 വര്‍ഷം. 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. ജയിലില്‍ ഒരു കാരണവശാലും വിവിഐപി പരിഗണന നല്‍കരുതെന്ന് കോടതി എടുത്തുപറഞ്ഞു.
‘എന്നോടല്പം ദയ കാട്ടൂ’ എന്നു പറഞ്ഞ് ഗുര്‍മീത് നിലത്തു മുട്ടുകുത്തി നിന്നു. അപ്പോഴേക്കും വിതുമ്പല്‍ പൊട്ടിക്കരച്ചിലായി മാറിയിരുന്നു. ‘ദയ കാട്ടൂ’ എന്നു പുലമ്പിക്കൊണ്ടേയിരുന്നു. ശാരീരികാസ്വസ്ഥത തോന്നുന്നെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും പറഞ്ഞു. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരായിരിക്കും ഉത്തരവാദി’യെന്നും ഗുര്‍മീത് പറഞ്ഞു. അതോടെ വൈദ്യപരിശോധനയ്ക്കായി ഡോക്ടറെ വിളിപ്പിച്ചു. പരിശോധനയില്‍ കുഴപ്പങ്ങളൊന്നും കണ്ടില്ല. താന്‍ തെറ്റുകാരനല്ലെന്നും കള്ളകേസ്സില്‍ കുടുക്കിയതാണെന്നും ഗുര്‍മീത് പറയുന്നുണ്ടായിരുന്നു. അവിടെനിന്നു പുറത്തേക്ക് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ബലം പിടിച്ചിരുന്നു.
‘ആരെങ്കിലും എന്നെ രക്ഷിക്കൂ’ എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ആള്‍ദൈവത്തെ രക്ഷിക്കാന്‍ ആരും അവതരിച്ചില്ല. അപ്പോഴും കരഞ്ഞുവിളിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഗുര്‍മീതിനെ ബലം പ്രയോഗിച്ചു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.