ഷാര്‍ജ: അന്താരാഷ്ടപുസ്തകമേളയുടെ മുപ്പത്താറാം പതിപ്പിന് തിരശ്ശീലവീഴുമ്പോള്‍ കടലിനക്കരെ വിജയകരമായ പത്താം വര്‍ഷികം ആഘോഷിച്ച് ഡി സി ബുക്‌സ്. പതിറ്റാണ്ടു മുന്‍പ് ഷാര്‍ജ പുസ്തകമേളയില്‍ ആദ്യമായി ഇന്ത്യന്‍ പ്രാതിനിധ്യം ലഭിക്കുന്നത് ഡി സി ബുക്‌സിലൂടെയാണ്. അറബിഭാഷയ്ക്കും സാഹിത്യത്തിനുമായിരുന്നു അതുവരെ പുസ്തകമേള പ്രാധാന്യം നല്‍കിയിരുന്നത്.
ഇന്ത്യയിലെ വിശ്രുത എഴുത്തുകാരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഷാര്‍ജ പുസ്തകമേളയില്‍ ഇന്ത്യന്‍ ഭാഷാസംസ്‌കാരത്തെ അവതരിപ്പിച്ചത് ഡി സി ബുക്‌സിന്റെ നേതൃത്വത്തിലായിരുന്നു.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ പവലിയനിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഇന്നും ഡി സി ബുക്‌സ്. അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യ അംഗീകാരം തന്നെ ഡി സി ബുക്‌സിന് ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി സി ബുക്‌സാണ്. 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലും ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡിസി ബുക്‌സാണ്. ഡി സി ബുക്‌സിന് 40 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്.
എന്റെ പുസ്തകത്തിലെ ലോകം’ എന്ന പ്രമേയത്തില്‍ നടന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്ന് മുപ്പതോളം എഴുത്തുകാരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലേറെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സംബന്ധിച്ചു. എം ടി വാസുദേവന്‍ നായര്‍, സാറാ ജോസഫ്, വി ജെ ജെയിംസ്, സി രാധാകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, എം എ ബേബി, സംവിധായകന്‍ കമല്‍, ലച്ചിത്രനടന്‍ അനൂപ് മേനോന്‍, സംവിധായകന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി പേര്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തു. യുകെ ആയിരുന്നു ഇത്തവണത്തെ അതിഥി രാജ്യം. പുസ്തകപ്രദര്‍ശനവും വില്‍പനയും കൂടാതെ, ചര്‍ച്ചകള്‍, കവിയരങ്ങ്, കുട്ടികളുടെ പരിപാടി, എഴുത്തുകാരനുമായി മുഖാമുഖം, കലാപരിപാടികള്‍, പാചകവേദി, പ്രദര്‍ശനം എന്നിവയും പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചു.