റാല്‍ഫ് എലിസണിന്റെ ഇന്‍വിസിബിള്‍ മാന്‍ (അദൃശ്യന്‍) രംഗത്തുവരുന്നത് 1952-ല്‍ മാറ്റങ്ങളുടെ കാലത്താണ്. നോവലിസ്റ്റും നോവല്‍ പര്യവേഷണം ചെയ്ത സമൂഹവും പിന്നെ അമേരിക്കന്‍ നോവലുമെല്ലാം മാറ്റത്തിന്റെ മുള്‍മുനയെ ചുറ്റിപ്പറ്റിനില്‍ക്കെയാണത്. റാല്‍ഫ് എലിസണിന്റെ നോവല്‍ ഇരുപതാം നൂറ്റാണ്ടിലെ ആഫ്രോ-അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വെള്ളക്കാരില്‍നിന്ന് നേരിടേണ്ടി വന്നവര്‍ണ്ണവിവേചനത്തിന്റെയും വംശീയ അധിക്ഷേപത്തിന്റെയും നേര്‍ക്കാഴ്ച്ചകളാണ് വിവരിക്കുന്നത്.
നോവലിലെ കേന്ദ്ര കഥാപാത്രം പേര് പരാമര്‍ശിക്കപ്പെടാത്ത വ്യക്തിയാണ്. അയാള്‍ സ്വയം അദൃശ്യനെന്നു വിശേഷിപ്പിക്കുന്നു. തന്റെ പഠനത്തിനായി വെള്ളക്കാരുടെ ഇടയില്‍ എത്തുന്ന യുവാവിന് അതിനുള്ള അവസരം ഇടയില്‍ വച്ചു നഷ്ടപ്പെടുന്നു. പഠനം പുനരാരംഭിക്കാന്‍ അവസരം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ സര്‍വകലാശാല അധികൃതര്‍ അയാളെ അവിടെനിന്ന് പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ആഖ്യാതാവിന് യാതൊരുവിധത്തിലുമുള്ള അവസരം ലഭിക്കാതിരിക്കാനുള്ള തരത്തിലുള്ള കത്തുകളാണ് സര്‍വകലാശാല അധികൃതര്‍ മറ്റുള്ളവര്‍ക്ക് നല്‍കാനായി യുവാവിനെ ഏല്പിക്കുന്നത്. എന്നാല്‍ ഈ സത്യം മനസ്സിലാക്കാന്‍ യുവാവിന് കുറച്ചു നാളുകള്‍ വേണ്ടിവന്നു. ഇനിയൊരിക്കലും തിരികെ വരാനാവില്ല എന്നു മനസ്സിലാക്കുന്നതോടെ കഥാനായകന്റെ ജീവിതഗതി ആകെ മാറുകയാണ്. പെയ്ന്റ് കമ്പനിയില്‍ ജോലി കിട്ടുന്നുെണ്ടങ്കിലും അവിടെ നടക്കുന്ന അപകടത്തില്‍ അയാള്‍ക്ക് പരിക്ക് പറ്റുന്നു.പിന്നീട് അയാളുടെ ജീവിതം ആകെ മാറുകയാണ്. വെള്ളക്കാര്‍ക്കെതിരെ പോരാടാനായി അയാള്‍ ഇറങ്ങിത്തിരിക്കുന്നു. എന്നാല്‍ ആദ്യമൊക്കെ ജീവിതത്തില്‍ ഉന്നതിയിലേക്ക് കുതിക്കുന്നു എന്ന തോന്നലുളവാക്കുന്നുെണ്ടങ്കിലും പിന്നീട് ഇയാള്‍ എത്തിപ്പെടുന്നത് പലവിധമായ സാമൂഹിക-വംശീയ പ്രശ്‌നങ്ങളിലേക്കാണ്. റാസ് എന്ന കഥാപാത്രം സാമൂഹിക വിപത്തിന്റെ കൈയ്യാളായി മാറുന്നതോടെകറുത്തവര്‍ഗ്ഗക്കാരുടെ പോരാട്ടം തന്റെ രണ്ടുതട്ടിലാവുന്നു. സ്വന്തമായി അസ്ഥിത്വം പടുത്തുയര്‍ക്കാന്‍ ശ്രമിക്കുന്ന കഥാനായകന്‍ തികച്ചും അദൃശ്യനായി മാറുകയാണ് പിന്നീട് സംഭവിക്കുന്നത്.
കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വെള്ളക്കാരുടെ സമൂഹത്തില്‍ നഷ്ടപ്പെടുന്ന അസ്ഥിത്വത്തിന്റെയും അവര്‍ക്ക് നേരിടേണ്ടിവന്നിരുന്ന വംശീയ അധിക്ഷേപങ്ങളുടെയും നേര്‍ക്കാഴ്ച്ചകളില്‍കൂടികടന്നു പോകുന്ന റാല്‍ഫ് എലിസണിന്റെ ‘ഇന്‍വിസിള്‍ മാന്‍’ എന്നനോവലിന്റെ മലയാള പരിഭാഷയാണ് അദൃശ്യന്‍. പേരു പരാമര്‍ശിക്കാത്ത ആഖ്യാതാവ് സ്വയം അദൃശ്യനായി നോവലിലുട നീളം അവതരിപ്പിക്കപ്പെടുന്നു. 1953-ലെയു.എസ്. നാഷണല്‍ ബുക്ക് അവാര്‍ഡ് നേടിയ കൃതി കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരിടേണ്ടിവന്ന സാമൂഹിക-വംശീയ-ബൗദ്ധിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത ഒന്നാണ്.
ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ആര്‍. അനില്‍കുമാര്‍ ആണ്. ഈ കഥയെ ആസ്പദമാക്കി വളരെയധികം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.