ഡോ. ജേക്കബ് തോമസ് ഐ. പി എസിന്റെ ‘നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും‘ എന്ന പുസ്തകം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് പ്രകാശിപ്പിച്ചു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ ഡിസി ബുക്‌സിന്റെ നേത്രത്വത്തില്‍ സംഘടിപ്പിച്ച വായനാക്കൂട്ടായ്മയയിലാണ് പുസ്തകം പ്രകാശിപ്പിച്ചത്.
ജേക്കബ് തോമസ് ‘നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും‘ എന്ന പുസ്തകത്തിലൂടെ 30 വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ അതിജീവിച്ച കടമ്പകളും മനസ്സില്‍ തറച്ച കാഴ്ചകളും മറയില്ലാതെ പങ്കുവയ്ക്കുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്‍ നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു.
സര്‍വീസില്‍ ഇരിക്കുന്ന ജേക്കബ് തോമസിനേക്കാള്‍ ശക്തനായിരിക്കും സര്‍വീസില്‍ നിന്ന് പുറത്തുവന്ന ജേക്കബ് തോമസ്. ജേക്കബ് തോമസ് എന്ന വ്യക്തിയുടെ ജീവിതവും ജീവിതരീതിയും ഒരു ടെക്സ്റ്റ്ബുക്കാണ് , ആ ടെക്സ്റ്റ് ബുക്കിലെ ഒരു അധ്യായമാണ് ഈ പുസ്തകമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
ജേക്കബ് തോമസിനെ പോലെ അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്താനും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പുള്ളവര്‍ വിരലില്‍ എണ്ണാവുന്നവരെ ഒള്ളു എന്ന ശ്രീനിവാസന്‍ പറഞ്ഞു.
അഴിമതിയെപറ്റി എഴുതരുതെന്ന് ഒരു ഭരണഘടനയും പറയുന്നിലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ആദ്യ പുസ്തകം ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ ചട്ടലംഘനം ആയിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്റെ കര്‍ത്തവ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി രഹിത ഭരണം വേണമെങ്കില്‍ സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്വം എന്നി മൂന്ന് കാര്യങ്ങള്‍ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.